തിയേറ്ററിൽ പണമടച്ചു കയറിയാൽ ആക്ഷൻ, ത്രിൽ, ഫാന്റസി, സസ്പെൻസ്, മിത്ത്, മിസ്റ്ററി, പ്രണയം, പക എല്ലാം ചേർത്തൊരു കോംബോ മലയാളി പ്രേക്ഷകർ പ്രതീക്ഷിക്കും. ഇതറിഞ്ഞിട്ടെന്ന് വേണം, മണിരത്നവും രാജമൗലിയും മുതൽ അറ്റ്ലിയും പ്രശാന്ത് നീലും വരെ നിർമിച്ച, ചുണ്ടനക്കം ചേരാതെ ഡബ്ബ് ചെയ്തെത്തുന്ന, പാൻ ഇന്ത്യൻ ലേബൽ ഒട്ടിച്ചിറക്കുന്ന, ഇറക്കുമതി പടങ്ങൾ, ടിക്കറ്റ് വിലയും കരവും കൊടുത്ത് കണ്ട് കയ്യടിച്ച് നമ്മുടെ നാട്ടുകാർ പുതുതലമുറ എ.സി. സിനിമാ കൊട്ടകകകളിൽ നിന്നും ആത്മനിർവൃതിയോടെ പുറത്തിറങ്ങുക. ഇത്തരം ചിത്രങ്ങൾക്ക് കിട്ടുന്ന കൊട്ടുംകുരവക്കും പുറമെ, നാളുകൾക്ക് മുൻപേ തുടങ്ങിയ ഹൈപ്പ് വേറെ. മലയാള സിനിമയിൽ ഇതെല്ലാം കൂട്ടി ഒരു സിനിമ ഇറങ്ങിയാൽ പോയിരുന്നു കണ്ടുകൂടെ നമുക്ക്? പ്രോത്സാഹിപ്പിച്ചുകൂടേ? മൂന്നക്ക കോടി മുതൽമുടക്ക് ഇല്ലെങ്കിലും, ബിഗ് ബജറ്റിൽ പിറന്ന, ടൊവിനോ തോമസ് നായകനായ 'അജയന്റെ രണ്ടാം മോഷണം' മാസോ, മസാലയോ, ബൗദ്ധികതയോ മാത്രം തേടിപ്പോകാത്ത തിയേറ്റർ ഓഡിയന്സിനെ മനസ്സിൽ കണ്ടുകൊണ്ടുള്ള സൃഷ്‌ടിയാണ്.
advertisement
മുത്തശ്ശി പറഞ്ഞുകൊടുക്കുന്ന, ചിയോതികാവ് ഗ്രാമത്തിലെ വീരൻ കുഞ്ഞിക്കേളുവിന്റെ കഥ കേട്ടുറങ്ങുന്ന പെൺകുട്ടി ലക്ഷ്മിയിൽ നിന്നും വീര്യവും ശൗര്യവും നിറഞ്ഞ ആ നാട്ടിലെ ഒരു നായകനെയും മറ്റൊരു തലമുറയിലെ കള്ളനെയും കുറിച്ചുള്ള വീരസാഹസികതകൾ തുടങ്ങുകയായി. ഇടക്കൽ രാജാവിന്റെ പ്രീതിയിൽ, നക്ഷത്രക്കല്ലു കൊത്തിമിനുക്കിയ ഐശ്വര്യത്തിന്റെ പ്രതീകമായ ശീപോതി വിളക്ക് അഥവാ ചിയോതി വിളക്ക്, ഹരിപുരം എന്ന ചിയോതിക്കാവിൽ എത്തിക്കുന്ന കേളു വീരപുരുഷനാണ്. കള്ളൻ മണിയനാകട്ടെ, കുട്ടികൾക്ക് രാത്രിയിൽ കേട്ടുറങ്ങാൻ കൂടി കൊള്ളില്ല എന്ന് പറഞ്ഞ് മുത്തശ്ശി താക്കീതു കൊടുക്കുന്ന നാട്ടിലെ മുൻതലമുറയിൽപ്പെട്ട പ്രധാന തസ്കരനും. മണിയന്റെ കൊച്ചുമകൻ അജയനിലേക്കെത്തുമ്പോൾ, അവനിൽ ചിയോതിവിളക്കിന്റെ മറ്റൊരു നിയോഗം വന്നുചേരുന്നു.
മൂന്നു കാലഘട്ടവും, അതോടൊപ്പം മൂന്നു വ്യത്യസ്ത സമൂഹങ്ങളും സിനിമയിൽ പ്രതിപാദ്യ വിഷയമാകുന്നു. ചെറിയ ക്‌ളാസുകളിലെ മലയാള പുസ്തകത്തിൽ 'പൊട്ടി പുറത്ത്, ശീപോതി അകത്ത്' എന്ന പാഠം പഠിച്ചവർക്ക് ശ്രീദേവി എന്നതിന് പറയുന്ന നാടൻ പേരാണ് ശീപോതി എന്നറിയാമായിരിക്കും. ജ്യോതി എന്നതിന്റെ നാട്ടു വാമൊഴിവഴക്കമായി ചിയോതിയെ കാണാം. തങ്ങളുടെ പ്രിയതമന്മാരുടെ കൈകളിലൂടെ സഞ്ചരിച്ച വിളക്ക് അവരുടെ പെണ്ണുങ്ങളായ ചിയോതിക്കും, മാണിക്യത്തിനും അടുത്തുനിന്നും കാണാൻ നിഷേധിക്കുന്നത് ഒരുകാലത്തെ ഉച്ചനീചത്വങ്ങളെ തുറന്നു കാട്ടുന്നു.
മുത്തച്ഛൻ മണിയന്റെ തൊഴിൽ നൽകിയ ദുഷ്പ്പേരുമായി ജീവിക്കേണ്ടിവരുന്ന, ഹാം റേഡിയോ കാലത്തെ, അഭ്യസ്തവിദ്യനായ അജയനിലൂടെയാണ് കഥാപുരോഗതി. സാങ്കേതിക മികവിനൊപ്പം കിടപിടിക്കുന്ന തിരക്കഥയുടെ സഞ്ചാരമാണ് ഹൈലൈറ്റ്. പലയിടങ്ങളിലും ഫാന്റസി കൂടി ചേരുന്നതോടു കൂടി സ്ക്രീനിലെ കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകർക്കും ഒപ്പംകൂടാൻ അവസരം ലഭിക്കുന്നു. മൂവരെയും ഭദ്രമാക്കേണ്ടത് ടൊവിനോ തോമസിന്റെ ചുമതലയും.
മേക്കപ്പ് മാറ്റിമാറ്റിയിട്ട്, മേക്കോവർ എന്ന് വിളിച്ചാൽ കഥാപാത്രവൈവിധ്യമാകില്ല എന്ന് നല്ലതുപോലെ തിരിച്ചറിയുന്ന മലയാളികൾക്ക് മുന്നിലേക്കാണ് 'അജയന്റെ രണ്ടാം മോഷണത്തിന്റെ' വരവ് എന്നതുകൊണ്ടും, തുടക്കത്തിൽ പറഞ്ഞത് പോലെ എല്ലാജനവിഭാഗത്തെയും മനസ്സിൽ കണ്ടുള്ള ചിത്രമായതിനാലും, ടൊവിനോ തോമസ് കൈമെയ് മറന്ന് കുഞ്ഞിക്കേളുവിൽ നിന്നും മണിയനിലേക്കും, അവിടെ നിന്നും അജയനിലേക്കും പരകായ പ്രവേശം നേടാൻ നടത്തിയ ആത്മാർപ്പണം നിസാരമായി കാണരുത്. തികഞ്ഞ കളരിയഭ്യാസിയായി മാറാൻ ടൊവിനോ അടവ് പതിനെട്ടും പയറ്റി പഠിച്ച വരവാണ്. എല്ലാ മാസവും ഒരു ടൊവിനോ പടം എന്ന പഴയ ഫോർമുലയെ നടൻ പാടെ ഉപേക്ഷിച്ചതും, തന്നിലെ നായകനെ ചിന്തേരിട്ടു മിനുക്കാൻ ടൊവിനോക്ക് സമയം നീക്കിവെക്കാൻ സാധിച്ചിരിക്കുന്നു എന്നതിന് ഉദാഹരണമായി മാറി, കേളു-മണിയൻ-അജയന്മാർ.
സംവിധായകൻ ജിതിൻ ലാൽ കന്നിസംവിധായകനെങ്കിലും, ഫൈറ്റ് സീനിലെ പൊടിപറക്കേണ്ട ദിശ മുതൽ, വില്ലന്റെ പല്ലിലെ കറയുടെ കടുപ്പം വരെ ശ്രദ്ധിച്ച കണിശത വ്യക്തം. വളരെ വർഷങ്ങൾക്ക് മുൻപേ, ഷോർട്ട് ഫിലിം, സിനിമാ അസിസ്റ്റന്റ് ഡയറക്ഷൻ, ആൽബം മേഖലകളിലെ പരിചയസമ്പത്ത് ആലയിൽ ഉരുക്കി ഒഴിച്ച് വിളക്കി ചേർത്ത തിളക്കമുണ്ട് ജിതിന്റെ ചിയോതിക്കാവിനും അവിടുത്തെ ശീപോതി വിളക്കിനും എല്ലാം.
എന്നോ നമ്മൾ കണ്ടുമറന്ന ചില സിനിമാ മുഹൂർത്തങ്ങളെ പോലും, സുജിത്ത് നമ്പ്യാരിന്റെ സ്ക്രിപ്റ്റിൽ ലവലേശം മുഴച്ചു നിൽക്കാതെ കാണാം. വിരലുകളുടെ പിരിയൻ കുത്തു കൊണ്ട് വട്ടോളി പൊറിഞ്ചുവിനെ നിർത്താതെ ഇക്കിൾ ഇടുവിക്കുന്ന ഒളിമ്പ്യൻ അന്തോണി ആദവും, ഉൾക്കാട്ടിലെ ഗുഹയ്ക്കുള്ളിൽ തന്റെ ഉല്പത്തിയും ജീവിത ലക്ഷ്യവും കണ്ടെത്തുന്ന ഉറുമിയിലെ കെ.ഡിയും, മൈക്കിലൂടെ കാമുകി കാഞ്ചനമാലയ്ക്ക് പ്രണയസന്ദേശം കൈമാറുന്ന മൊയ്തീനും, ഗോദയുടെ ചൂടറിഞ്ഞ ആഞ്ജനേയ ദാസും മറ്റൊരു തരത്തിൽ പുനർജനിക്കുമ്പോൾ, കാഴ്ചയ്ക്ക് രസമേറുന്നു. സങ്കേതങ്ങൾ പലതുണ്ടെങ്കിലും, ഇന്ന് മലയാള സിനിമയിൽ കടുത്ത വെല്ലുവിളി നേരിടുന്ന സ്ക്രിപ്റ്റ് ശക്തമാക്കാൻ കഴിഞ്ഞതാണ് അജയന്റെ രണ്ടാം മോഷണത്തിന്റെ പ്ലസ് പോയിന്റ്. എന്തെല്ലാം ഉണ്ടെങ്കിലും, കഥ കേൾക്കാൻ രസമുള്ള പ്രേക്ഷകന്, കഥയും അഭിനയവും മാത്രം കണക്കിലെടുത്താലും ഇഷ്‌ടമാകും.
അന്യഭാഷക്കാരിയായ രണ്ട് യുവനായികമാർ ഉണ്ടെങ്കിലും, പ്രധാന കഥാപാത്രങ്ങൾ എല്ലാവരും മലയാളികൾ ആവണം എന്ന നിർബന്ധത്തിനു വഴങ്ങിയ സിനിമയാണിത്. നമ്മുടെ ജംഷാദിനെ ആര്യയാക്കിയും, ഡാൻസിങ് റോസിനെ കേരള നാട്ടിൽ നിന്നും പറിച്ച് തമിഴ് മണ്ണിൽ നട്ടുനനച്ച് വളർത്തി തമിഴർ വിജയപ്പടങ്ങൾ ഇറക്കുമ്പോഴും, മല്ലനും, വീരനും, തോഴനും ആവാൻ മലയാള താരങ്ങൾ ധാരാളം എന്നതിന് തെളിവ് കൂടിയായി മാറി ഈ ചിത്രം. അടിതടകൾക്ക് ടൊവിനോയും ശിവജിത് പത്മനാഭനും, കൂടെ നടക്കാനും കൂട്ടുകാരനാവാനും ജഗദീഷും ബേസിൽ ജോസഫും കൃഷ്ണനും, നാട്ടു പ്രമാണിയാവാൻ നിസ്താർ സേട്ടും ചതിയനായ വില്ലനാവാൻ ഹരീഷ് ഉത്തമനും ഉത്തമം.
അമ്മ വേഷത്തിലെ രോഹിണി, അമ്മൂമ്മയും ഭാര്യയുമായി തിളങ്ങിയ സുരഭി ലക്ഷ്മി, കൃതി ഷെട്ടി, പോലീസ് വേഷത്തിലെ അജു വർഗീസ്, സഞ്ജു ശിവറാം എന്നിവർ, സുധീഷ്, ബിജുക്കുട്ടൻ തുടങ്ങി, ഒന്ന് കണ്ണുചിമ്മി തുറക്കുന്ന വേഗത്തിൽ വന്നുപോയവർ പോലും അവരുടെ റോളുകൾക്ക് അനുയോജ്യർ തന്നെ.
സിനിമ കണ്ടുതീർന്നാൽ, ഒരു വടക്കൻ വീരഗാഥ മുതൽ ബാഹുബലിയും പൊന്നിയിൻ സെൽവനും വരെയുള്ള സാഹസിക ചിത്രങ്ങളിൽ പ്രേക്ഷകർ ഇഷ്‌ടപ്പെട്ട ഫാക്ടറുകൾ ഒത്തുചേർന്ന ഫീൽ കാണുന്നയാളിന്റെ മനസ്സിൽ ലഭിക്കുന്നിടത്താണ് 'അജയന്റെ രണ്ടാം മോഷണത്തിന്റെ' വിജയം.