മുംബൈ: ബോളിവുഡ് നടി ആലിയ ഭട്ടിന്റെ മുൻ പെഴ്സണൽ അസിസ്റ്റന്റ് അറസ്റ്റിൽ. നടിയിൽ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് വേദിക പ്രകാശ് ഷെട്ടി (32) അറസ്റ്റിലായത്. ജുഹു പൊലീസ് ബെംഗളൂരുവിൽനിന്നാണ് ഇവരെ പിടികൂടിയത്. തുടർന്നു മുംബൈയിലെത്തിച്ചു. ആലിയ ഭട്ടിന്റെ നിർമാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിലും സ്വകാര്യ അക്കൗണ്ടുകളിലും വേദിക 76.9 ലക്ഷം രൂപയുടെ ക്രമക്കേടുകൾ നടത്തിയെന്നാണ് കേസ്.
advertisement
2022 മേയ് മുതൽ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പെന്ന് പൊലീസ് പറയുന്നു. ആലിയ ഭട്ടിന്റെ അമ്മയും നടിയും സംവിധായകയുമായ സോണി റസ്ദാൻ ജനുവരി 23ന് ജുഹു പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്. തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ വകുപ്പുകൾ പ്രകാരമാണ് വേദിക ഷെട്ടിക്കെതിരെ പൊലീസ് കേസെടുത്തത്.
2021 മുതൽ 2024 വരെ ആലിയ ഭട്ടിന്റെ പിഎ ആയിരുന്നു വേദിക ഷെട്ടി. ഈ സമയത്ത് നടിയുടെ സാമ്പത്തിക രേഖകളും പേയ്‌മെന്റുകളും വേദികയാണ് കൈകാര്യം ചെയ്തിരുന്നത്. വ്യാജ ബില്ലുകൾ തയാറാക്കി ശേഷം ആലിയയിൽനിന്ന് ഒപ്പു വാങ്ങി വേദിക പണം തട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യാത്രകൾ, പരിപാടികൾ എന്നിവയുടെ പേരു പറഞ്ഞായിരുന്നു തട്ടിപ്പ്. പ്രൊഫഷണൽ ടൂളുകൾ ഉപയോഗിച്ചാണ് വേദിക വ്യാജ ബില്ലുകളുണ്ടാക്കിയത്.
ആലിയയിൽനിന്ന് ഒപ്പു വാങ്ങിയശേഷം സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് വേദിക പണം കൈമാറിയിരുന്നത്. ഇതിനുശേഷം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റും. പരാതി നൽകിയതിനു പിന്നാലെ വേദിക ഒളിവിൽ പോയിരുന്നു. രാജസ്ഥാൻ, കർണാടക, പൂനെ എന്നിവടങ്ങളിലാണ് ഒളിവിൽ കഴിഞ്ഞത്. ഒടുവിൽ ബെംഗളൂരുവിൽനിന്നു പിടികൂടുകയായിരുന്നു.
അതേസമയം, ആലിയ ഭട്ട് ഇപ്പോൾ തന്റെ സ്പൈ യൂണിവേഴ്‌സ് ചിത്രമായ ആൽഫയുടെ തിരക്കിലാണ്. ഈ ചിത്രത്തിൽ ഷാർവാരി വാഗ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 2025 ഡിസംബർ 25 ന് റിലീസ് ചെയ്യും. ഇതിനുപുറമെ, ആലിയ ഉടൻ തന്നെ നടനും ഭർത്താവുമായ രൺബീർ കപൂറിനൊപ്പം സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആൻഡ് വാർ എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കും. ചിത്രത്തിൽ വിക്കി കൗശലും നായകനാകുന്നു.
Summary: Juhu Police have arrested Vedika Prakash Shetty, former personal assistant to Alia Bhatt. She has been accused of allegedly swindling money from Bhatt’s production house – Eternal Sunshine Productions Pvt Ltd – and from the actress’ accounts.