'എന്നെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. എനിക്ക് പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ല. ബുദ്ധിമുട്ടേറിയ സമയത്ത് എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി. മരിച്ച സ്ത്രീയുടെ കുടുംബത്തോടൊപ്പം നിൽക്കും. എന്റെ കുടുംബത്തിനും ഇത് വെല്ലുവിളിയുടെ സമയമായിരുന്നു.
നിയമം അനുസരിക്കുന്ന വ്യക്തിയാണ് ഞാൻ. ഒരിക്കലും ഒളിച്ചോടിയിട്ടില്ല. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളോടും സഹകരിക്കും.
മരണപ്പെട്ട രേവതിയുടെ കുടുംബത്തോട് ഒരിക്കല്‍ കൂടി എന്റെ അനുശോചനം അറിയിക്കുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നത്. അന്ന് സംഭവിച്ചതിൽ ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു. ഇതെന്റെ നിയന്ത്രണത്തിൽ നിൽക്കുന്ന കാര്യം അല്ലായിരുന്നു. കഴിഞ്ഞ 20 വർഷമായി എന്റെയും അമ്മാവൻമാരുടെയുമൊക്കെ സിനിമകള്‍ തിയറ്ററില്‍ വന്ന് കാണുന്ന ആളായിരുന്നു ഞാൻ. പക്ഷെ, ഒരിക്കലും ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. ഇത് അപ്രതീക്ഷിതമായി സംഭവിച്ച കാര്യമാണ്. എന്നെ പിന്തുണച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു.'- അല്ലു അർജുൻ പറഞ്ഞു.
advertisement
പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കാനിടയായ സംഭവത്തിൽ അറസ്റ്റ് ചെയ്ത് റിമാൻഡിലായിരുന്ന നടൻ അല്ലു അർജുൻ ഇന്ന് പുലർച്ചെയാണ് ജയിൽ മോചിതനായത്. ഹൈദരാബാദിലെ ചഞ്ചൽഗുഡ ജയിലിൽ നിന്ന് അതീവസുരക്ഷയോടെ പിൻവാതിൽ വഴിയാണ് അല്ലു അർജുനെ പുറത്തിറക്കിയത്. ഒരു രാത്രി മുഴുവൻ ജയിലിൽ കഴിഞ്ഞതിന് ശേഷമാണ് അല്ലു അർജുൻ പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി 7697-ാം നമ്പർ മുറിയിലെ തറയിലാണ് താരം കിടന്നുറങ്ങിയതെന്നും റിപ്പോർട്ടുകളുണ്ട്. ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലിന് പുറത്ത് നിരവധി ആരാധകർ തടിച്ചുകൂടിയിരുന്നു. ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് സംഘമാണ് ജൂബിലി ഹിൽസിലെ വസതിയിൽ വച്ച് നടനെ ഇന്നലെ കസ്റ്റഡിയിൽ എടുത്തത്.