എന്നാൽ ദി കശ്മീർ ഫയൽസിന്റെ നിർമ്മാതാവും ചിത്രത്തിലെ അഭിനേതാവുമായ പല്ലവി ജോഷി, ഈ ആരോപണങ്ങളിൽ തളരുന്നില്ല. ഈ സിനിമ വളരെ "ഹൃദയസ്പർശി" ആണെന്ന് അവർ പറയുന്നു. 1990കളിൽ താഴ്‌വരയിൽ കാശ്മീരി ഹിന്ദുക്കൾ അനുഭവിച്ച ദുരിതങ്ങളാണ് സിനിമയിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇത് എല്ലാവരുടെയും ശ്രദ്ധയിലേയ്ക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും പല്ലവി ജോഷി പറഞ്ഞു.
“നമ്മൾ കാശ്മീരിനെ രാഷ്ട്രീയ കണ്ണിലൂടെ മാത്രമേ കണ്ടിട്ടുള്ളൂ. കാശ്മീരിനെ നാം കണ്ടത് അസ്വസ്ഥമായ ഒരു പ്രദേശമായി മാത്രമാണ്. നിർഭാഗ്യവശാൽ, ഇന്ത്യയും പാകിസ്ഥാനും 1947ൽ ഒരു വിഭജനത്തിലൂടെ കടന്നുപോയി. ഏതാനും മാസങ്ങൾ കൊണ്ട് വിഭജനത്തെക്കുറിച്ച് നാം മറന്നു. എന്നാൽ കാശ്മീരിൽ അത് അവസാനിച്ചില്ല, ”പല്ലവി പറയുന്നു.
advertisement
കാശ്മീരിനെക്കുറിച്ച് ഒരു സിനിമ ചെയ്യുമ്പോൾ എല്ലായ്പ്പോഴും വിവാദങ്ങൾ ഉയർന്നു വരുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചുകൊണ്ട് പല്ലവി പറയുന്നു, “ഇന്ത്യയും പാകിസ്ഥാനും മതപരമായ കാരണങ്ങളാൽ വിഭജിക്കപ്പെട്ടു. ആ പോരാട്ടം കാശ്മീരിൽ തുടരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഈ വിഭജനം എപ്പോഴും ഉണ്ടായിരുന്നു. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ മുസ്ലീങ്ങൾ ന്യൂനപക്ഷമായിരുന്നപ്പോൾ കാശ്മീരിൽ ഹിന്ദുക്കൾ ന്യൂനപക്ഷമായിരുന്നു. സിയ-ഉൽ-ഹഖ് (പാകിസ്ഥാൻ മുൻ പ്രസിഡന്റ്) ആരംഭിച്ച ഓപ്പറേഷൻ ടുപാകിന്റെ ലക്ഷ്യം താഴ്വരയിൽ നിന്ന് എല്ലാ ഹിന്ദുക്കളെയും ഓടിച്ച് കശ്മീരിനെ പാകിസ്ഥാനിൽ ലയിപ്പിക്കുക എന്നതായിരുന്നു. അങ്ങനെയാണ് കാശ്മീരിൽ തീവ്രവാദം തുടങ്ങിയത്. കാശ്മീർ ഇന്ത്യയുടെ ഭാഗമായതിനാൽ ഒരിക്കലും സംഭവിക്കാത്ത പ്രത്യേക ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് കാശ്മീർ ഞങ്ങൾ നിങ്ങൾക്ക് നൽകുമെന്ന് വിശ്വസിപ്പിച്ച് ആൺകുട്ടികളെയും പെൺകുട്ടികളെയും അവർ തീവ്രവാദികളാക്കി. കാശ്മീർ ഇന്ത്യയുടെ അത്ര പ്രധാനപ്പെട്ട ഒരു ഭാഗമല്ലായിരുന്നുവെങ്കിൽ, നമ്മുടെ പണവും വിഭവങ്ങളും നമ്മുടെ സൈന്യവും കാശ്മീരിൽ പോയി നിലയുറപ്പിക്കുമായിരുന്നില്ല. മതത്തിന്റെ അടിസ്ഥാനത്തിൽ ഈ വിഭജനം നടന്നതിനാൽ കാശ്മീരിനെക്കുറിച്ച് നാം എന്ത് ചെയ്താലും അത് ഏകപക്ഷീയമായി മാറും.
"താഴ്‌വരയിലെ മുസ്ലീങ്ങളുടെ വീക്ഷണവും അതുപോലെ 1990ന് ശേഷം ജനിച്ച ആളുകളുടെ കഥകളും വ്യക്തമാക്കുന്ന ഒരു സിനിമ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അവർ കടന്നുപോകുന്ന സാഹചര്യങ്ങളെക്കുറിച്ച് ആരെങ്കിലും സിനിമ ചെയ്തിട്ടുണ്ടോ?"
സിനിമയിൽ സ്വതന്ത്ര കാശ്മീരിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും തുടരാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്ന കഥാപാത്രമായാണ് പല്ലവി എത്തുന്നത്. ഈ വിഷയത്തിൽ ഒരു സിനിമ നിർമ്മിക്കാൻ കശ്മീരി പണ്ഡിറ്റുകൾ തന്നെ സമീപിച്ചതായും പല്ലവി പറയുന്നു.
“നമുക്ക് ഈ ദുരന്തത്തെക്കുറിച്ച് അവിടുന്നും ഇവിടുന്നും ലഭിക്കുന്ന ചെറിയ അറിവ് മാത്രമേയുള്ളൂ. കാശ്മീരി പണ്ഡിറ്റുകൾ താഴ്‌വര വിട്ടുപോയത് ഭീകരവാദം മൂലമാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ അവർ താഴ്‌വര വിട്ടുപോകാൻ നിർബന്ധിതരാകുകയായിരുന്നു. തോക്കുകളും വാളുകളും കാട്ടി ഭീഷണിപ്പെടുത്തി അവരെ അതിന് നിർബന്ധിച്ചു. ഇന്ന് നമ്മൾ ജീവിക്കുന്നത് ഒരു കോസ്‌മോപൊളിറ്റൻ സമൂഹത്തിലാണ്. നമുക്ക് ചുറ്റും വൈവിധ്യങ്ങളുണ്ട്. എന്നാൽ കാശ്മീരിന്റെ ചിത്രമതല്ല, കാരണം അവിടെ വൈവിധ്യങ്ങളില്ല“ പല്ലവി പറയുന്നു.
"അതിനാൽ, നിങ്ങൾ കശ്മീരിൽ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന നിമിഷം, പ്രത്യേകിച്ച് ഹിന്ദുക്കളുടെ ദുരന്തത്തെക്കുറിച്ച് എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞാൻ അതിനെ 'ഹിന്ദുക്കളുടെ ദുരന്തം' എന്ന് തന്നെ വിളിക്കുന്നു. കാരണം അത് അവരുടെ വിശ്വാസമാണ്. അതിനാൽ നാം ഹിന്ദുക്കളെക്കുറിച്ച് ഒരു സിനിമ ചെയ്യുമ്പോൾ, 'നിങ്ങൾ ഒരു പ്രചരണ സിനിമയാണോ എടുക്കുന്നത്?' എന്ന തരത്തിൽ പല ചോദ്യങ്ങളും ഉയർന്നേക്കാം. എന്താണ് ഒരു പ്രചരണ സിനിമ? ഞാൻ ഈ സിനിമ ചെയ്യുന്നത് ഒരു ഹിന്ദു രാഷ്ട്രത്തിന് വേണ്ടിയാണോ? ഞാൻ ഒരു കഥ പറയുന്നു എന്ന് മാത്രമേയുള്ളൂ. ജൂതർ ഹോളോകോസ്റ്റ് എന്ന സിനിമ നിർമ്മിക്കുമ്പോൾ അല്ലെങ്കിൽ സ്റ്റീവൻ സ്പിൽബർഗ് ദി ഹോളോകോസ്റ്റ് എന്ന സിനിമ നിർമ്മിക്കുമ്പോൾ, അതൊരു പ്രചരണ സിനിമയാണോ എന്ന് ആരും അദ്ദേഹത്തോട് ചോദിക്കില്ല. കഴിഞ്ഞ 32 വർഷമായി പൂർവ്വിക ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട സമൂഹത്തിലെ ഒരു വിഭാഗത്തെ കുറിച്ച് ഞങ്ങൾ ഒരു സിനിമ ചെയ്തിട്ടുണ്ട്, ഇത് വളരെ ഹൃദയസ്പർശിയായ വിഷയമാണെന്ന് എനിക്ക് തോന്നുന്നു, ”പല്ലവി കൂട്ടിച്ചേർത്തു.
അനുപം ഖേർ, ദർശൻ കുമാർ, മിഥുൻ ചക്രബർത്തി എന്നിവർ അഭിനയിച്ച ദി കാശ്മീർ ഫയൽസ്, യുഎസ്എ, ജമ്മു, ഡൽഹി എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. സിനിമയ്ക്ക് ലഭിച്ച പ്രതികരണം "അതിശക്തമായിരുന്നു" എന്നും പല്ലവി പറയുന്നു.
“ജമ്മുവിൽ നിന്നാണ് ഞങ്ങൾ ഇന്ത്യയിലെ റിലീസ് ആരംഭിച്ചത്. ജമ്മു ഞങ്ങൾക്ക് ഒരു ആസിഡ് ടെസ്റ്റ് പോലെയായിരുന്നു. കുടിയൊഴിപ്പിക്കൽ സമയത്ത് കഷ്ടതകൾ അനുഭവിച്ച പലരും ഇപ്പോൾ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് താമസം മാറിയിരിക്കുന്നു. എന്നാൽ ഇപ്പോഴും ധാരാളം ആളുകൾ ജമ്മുവിൽ താമസിക്കുന്നുണ്ട്. അവർക്ക് ഇത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. ജമ്മുവിലെ ജനങ്ങൾക്ക് എന്തെങ്കിലും ഭാവിയുണ്ടോ എന്ന് എനിക്കറിയില്ല, അവർ ചെയ്യേണ്ടത് കാശ്മീരിലേക്ക് മടങ്ങുക എന്ന് മാത്രമാണ്.
“സിനിമയ്ക്ക് ശേഷം കശ്മീർ പണ്ഡിറ്റുകളിൽ നിന്ന് ലഭിച്ച ആലിംഗനമാണ് ഞങ്ങൾക്ക് ലഭിച്ച ഏറ്റവും മികച്ച പ്രതികരണം. അവർ എന്നെയും വിവേകിനെയും കെട്ടിപ്പിടിച്ചു. ഞങ്ങളുടെ തോളിൽ കിടന്നു കരഞ്ഞു. ആ വികാരത്തെ തടഞ്ഞു നിർത്താൻ വളരെ പ്രയാസമാണെങ്കിലും, അവരുടെ കഥകൾ ഞങ്ങൾ സത്യസന്ധമായി പറഞ്ഞു എന്നത് അവർക്ക് ഒരു അംഗീകാരം ലഭിച്ചത് പോലെയായിരുന്നു, ”പല്ലവി പറഞ്ഞു നിർത്തി.