എന്നാൽ പാട്ടുമായി ബന്ധമില്ലാത്ത മറ്റൊരു മേഖലയിലേക്ക് അദ്ദേഹം തിരിയുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കുന്നതിനായാണ് അരിജീത് പാട്ടിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുന്നതെന്നും എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു. പശ്ചിമബംഗാളിലെ മുർഷിദാബാദിലെ ജിയാഗഞ്ച് സ്വദേശിയാണ് അരിജീത് സിംഗ്.
പശ്ചിമബംഗാളിൽ പുതിയൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെ കുറിച്ചും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനെ കുറിച്ചും അരിജീത് സിംഗ് ആലോചിക്കുന്നതായാണ് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നത്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ താഴെത്തട്ടിലുള്ള തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന കാര്യം ഗായകൻ പരിഗണിക്കുന്നുണ്ടെന്നാണ് ബംഗാൾ ചലച്ചിത്ര രംഗത്തുനിന്നുള്ള ഒരു വ്യക്തിയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
advertisement
പിന്നീട് അദ്ദേഹം സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം, വരാനിരിക്കുന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ലെന്നും സൂചനയുണ്ട്. അതേസമയം, തന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ഗായകൻ ഇതുവരെ ഒദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല.
ചൊവ്വാഴ്ച വൈകുന്നേരമാണ് ഇനി പുതിയ പിന്നണിഗാന പ്രൊജക്ടുകൾ ഏറ്റെടുക്കുന്നില്ലെന്ന് അരിജീത് അറിയിച്ചത്. ആധുനിക ബോളിവുഡ് സംഗീതത്തെ രൂപപ്പെടുത്തിയ കരിയറിന് തിരശ്ശീല വീഴ്ത്തികൊണ്ടായിരുന്നു അത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പിലൂടെ സംഗീത പ്രേമികൾക്ക് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം തന്റെ വിരമിക്കൽ അറിയിക്കുകയായിരുന്നു.
"എല്ലാവർക്കും പുതുവത്സരാശംസകൾ, ശ്രോതാക്കൾ എന്ന നിലയിൽ ഇത്രയും വർഷമായി എനിക്ക് സ്‌നേഹം നൽകിയതിന് നന്ദി. ഇനി മുതൽ ഒരു പിന്നണിഗായകൻ എന്ന നിലയിൽ പുതിയ അസൈൻമെന്റുകളൊന്നും ഏറ്റെടുക്കില്ല. ഞാൻ അത് അവസാനിപ്പിക്കുന്നു. അതൊരു അദ്ഭുതകരമായ യാത്രയായിരുന്നു", അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണിത്.
വർഷങ്ങളായി പിന്നണിഗാന രംഗത്ത് പ്രവർത്തിക്കുന്ന അരിജീത് ആസ്വാദകർ എന്നും ഓർത്തിരിക്കുന്ന നിരവധി ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ്. തും ഹി ഹോ, ചന്ന മേരിയ, അഗർ തും സാത്ത് ഹോ, റാബ്ത, കേസരിയ, ഏ ദിൽ ഹേ മുഷ്‌കിൽ, തേരാ യാർ ഹൂൺ മേൻ തുടങ്ങിയ ഗാനങ്ങൾ അദ്ദേഹത്തിന്റെ ഹിറ്റ് പാട്ടുകളിൽ പെടുന്നു.
