മലയാള ചലച്ചിത്ര നിർമാണത്തിലും വിതരണത്തിലും അദ്ദേഹം ചുവടുവെച്ചു. എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത വൈശാലിയുടെ നിർമാതാവ് രാമചന്ദ്രൻ ആയിരുന്നു. പൊതുവിൽ അറ്റ്ലസ് രാമചന്ദ്രൻ എന്നറിയപ്പെടുന്ന എംഎം രാമചന്ദ്രൻ ഈ ചിത്രത്തോടുകൂടി 'വൈശാലി രാമചന്ദ്രൻ' എന്ന് സിനിമാ ലോകത്ത് അറിയപ്പെട്ടു.
എൺപതിലേയും തൊണ്ണൂറിലേയും മികച്ച സിനിമകൾ മലയാളത്തിന് നൽകിയത് അറ്റ്ലസ് രാമചന്ദ്രനാണ്. 1988 ൽ വൈശാലിയിലൂടെയാണ് സിനിമാ നിർമാണ രംഗത്ത് കടക്കുന്നത്. അതിനു ശേഷം 1991 ൽ വാസ്തുഹാര, ധനം, 1994 സുകൃതം തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായി. ഇന്നലെ (1990), കൗരവർ (1992), വെങ്കലം (1993), ചകോരം (1994) എന്നീ ചിത്രങ്ങളുടെ വിതരണവും അദ്ദേഹമായിരുന്നു. ഈ ചിത്രങ്ങളിൽ പലതും ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും നിരൂപക പ്രശംസ നേടുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തവയാണ്.
advertisement
പതിനാലോളം സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിൽ 2010 ൽ ഹോളിഡേസ് എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തു.
യൂത്ത് ഫെസ്റ്റിവൽ, ആനന്ദഭൈരവി, അറബിക്കഥ, സുഭദ്രം, മലബാർ വെഡ്ഡിങ്, ഹരിഹർ നഗർ 2, കയ്യൊപ്പ്, ബാല്യകാല സഖി തുടങ്ങിയവയാണ് അതിൽ ചിലത്. അറബിക്കഥയിലേയും ഹരിഹർനഗറിലേയും വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.