കത്തിയുമായി കയറിയ അക്രമി മോചന ദ്രവ്യമായി ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നും ജോലിക്കാരി പറഞ്ഞു. സെയ്ഫിന്റെ നാലു വയസുള്ള മകൻ ജഹാംഗീറിനെ പരിചരിക്കുന്ന ജോലിക്കാരി ഏലിയാമ്മ ഫിലിപ്പാണ് അക്രമിയെ ആദ്യം കണ്ടതിനെ കുറിച്ച് പൊലീസിനോട് വിശദീകരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ ഒരു ശബ്ദം കേട്ടായിരുന്നു താൻ ഉണർന്നതെന്ന് ഏലിയാമ്മ ഫിലിപ്പ് പറയുന്നു. ഇളയ മകൻ ജഹാംഗീറിനെ കട്ടിലിൽ കിടത്തി ഉറക്കിയ ശേഷമായിരുന്നു ഏലിയാമ്മ ഉറങ്ങാൻ പോയത്. പുലർച്ചെ 2 മണിയോടെ കുളിമുറിയുടെ വാതിൽ ചാരിയിരിക്കുന്നതും ഉള്ളിൽ ലൈറ്റ് കത്തുന്നതും കണ്ടു. കരീന കപൂർ ഇളയ മകന്റെ അടുക്കൽ വന്നതാണെന്നാണ് ആദ്യം കരുതിയത്. അതുകൊണ്ട്, താൻ വീണ്ടും ഉറങ്ങാൻ പോയി. എന്നാൽ, എന്തോ ഒരു കുഴപ്പം ഉണ്ടെന്ന് മനസിലായി എഴുന്നേറ്റ് നോക്കിയപ്പോഴാണ് കുളിമുറിയിൽ നിന്നും ഒരാളിറങ്ങി ജഹാംഗീറിന്റെ മുറിയിലേക്ക് പോകാൻ കണ്ടുവെന്നുമാണ് ഏലിയാമ്മ പറയുന്നത്.
advertisement
മകന്റെ മുറിയിലേക്ക് പോകുന്നതു കണ്ടതോടെ നിലവിളിച്ചെങ്കിലും അയാൾ, വിരൽ ചൂണ്ടി ഹിന്ദിയിൽ ‘ശബ്ദമുണ്ടാക്കരുത്’ എന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ഒരു കോടി രൂപ ആവശ്യപ്പെട്ടുവെന്നുമാണ് പറയുന്നത്. അയാളെ നേരിടാൻ ശ്രമിച്ചപ്പോൾ കൈകൾക്കും കൈത്തണ്ടയ്ക്കും പരിക്കേറ്റു. പിന്നീട് താൻ ഉറക്കെ വിളിച്ചത് കേട്ടാണ് സെയ്ഫ് അലിഖാൻ ഓടിവന്നത്. തുടർന്ന് അക്രമിയുമായി സംഘട്ടനം ഉണ്ടായി. അതിനിടെ അയാൾ ആറ് തവണ ഖാനെ കുത്തിയെന്നും ഏലിയാമ്മ ഫിലിപ്സ് പറഞ്ഞു.
ആക്രമണത്തിൽ സെയ്ഫ് അലിഖാനും ജോലിക്കാരി ഏലിയാമ്മ ഫിലിപ്പിനും പുറമെ മറ്റൊരു ജോലിക്കാരി ഗീതയ്ക്കും പരിക്കേറ്റിട്ടുണ്ട്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. പ്രതിയെ ഇതുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. അന്വേഷണത്തിനായി പത്ത് പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചത്. കരീന കപൂറും സെയ്ഫ് അലി ഖാനും മുംബൈ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലാണ് താമസം. മക്കളായ തൈമൂര്‍ (8), ജെഹ് (4) എന്നിവരും കൂടെയുണ്ട്.