കഴിഞ്ഞ ദിവസം പങ്കെടുക്കേണ്ടിയിരുന്ന മൂന്ന് വിവാഹ ചടങ്ങുകളും താൻ വേണ്ടെന്ന് വെച്ചതായി ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. ഒരു പട്ടുസാരിയണിഞ്ഞ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ തന്റെ മനസ്സ് അനുവദിക്കുന്നില്ലെന്നും, തന്റെ ചിന്തകൾ എന്നും അതിജീവിതയ്ക്കൊപ്പമാണെന്നും വിവാഹത്തിന് ക്ഷണിച്ചവർക്ക് താൻ മറുപടി നൽകിയതായി അവർ പറഞ്ഞു. ഇത്രയും വലിയ പോരാട്ടം നടത്തിയിട്ടും പ്രതികൾ രക്ഷപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. നാളെ അയാൾ വീണ്ടും 'ജനപ്രിയ നായകൻ' എന്ന പേരിൽ ആഘോഷിക്കപ്പെട്ടേക്കാം. ഇത് കേവലം ഒരാളുടെ മാത്രം കുറ്റമല്ലെന്നും, നമ്മുടെ സംവിധാനത്തിന്റെ പരാജയമാണെന്നും അവർ കൂട്ടിച്ചേർത്തു.
advertisement
മലയാള സിനിമയിലെ പുരുഷാധിപത്യത്തെ വളർത്തുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി. താരങ്ങളെ അതിശക്തരായ 'സ്റ്റാറുകളായി' മാറ്റുന്നത് മാധ്യമങ്ങളാണ്. സ്ത്രീ-പുരുഷ ഭേദമില്ലാതെ നീതി നടപ്പിലാകുന്ന ഒരു സാഹചര്യം ഇവിടെ ഉണ്ടാകണം. ഈ അവസ്ഥയ്ക്ക് മാറ്റം വരണമെങ്കിൽ പൊതുജനങ്ങളും മാധ്യമങ്ങളും ഒരുപോലെ ചിന്തിക്കണമെന്നും അവർ ആഹ്വാനം ചെയ്തു. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിനെ ഫെഫ്ക (FEFKA) യൂണിയനിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് നേരത്തെ സംഘടനയിൽ നിന്ന് രാജിവെച്ച ഭാഗ്യലക്ഷ്മി, അതിജീവിതയ്ക്ക് നീതി ലഭിക്കുന്നത് വരെ താൻ കൂടെയുണ്ടാകുമെന്ന ഉറച്ച നിലപാടിലാണ്.
