വിധി വന്ന അന്ന് തന്നെയാണ് തങ്ങൾ ഏറ്റവും സ്നേഹിക്കുന്ന മോഹൻലാൽ ആ പോസ്റ്റർ റിലീസ് ചെയ്തതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. "താൻ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ." എന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു.
"അവന് വേണ്ടിയും ഞാൻ പ്രാർഥിക്കുന്നു, അവൾക്ക് വേണ്ടിയും ഞാൻ പ്രാർഥിക്കുന്നു എന്ന് പറഞ്ഞതും നമ്മൾ കേട്ടു. ഇതിനപ്പുറമെന്നും അവൾക്ക് അപമാനം സഹിക്കാനില്ല," അവർ പറഞ്ഞു. രണ്ട് മണിക്കൂർ ആ കാറിനുള്ളിൽ സംഭവിച്ചതിനേക്കാൾ അപമാനം അടച്ചിട്ട കോടതി മുറിക്കുള്ളിൽ അവൾ അനുഭവിച്ചു എന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.
advertisement
കോടതിവിധിക്കുശേഷം പുറത്തുവന്ന ദിലീപ്, 'സത്യം ജയിച്ചു' എന്ന് പറയുന്നതിന് പകരം അവിടേയും മറ്റൊരു സ്ത്രീയുടെ പേരാണ് പരാമർശിച്ചതെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. മറ്റൊരു നടിയുടെ പേരാണ് അദ്ദേഹം അവിടേയും പറഞ്ഞതെന്നും അദ്ദേഹത്തിന്റെ വില്ലത്തരം ഇനിയും തീർന്നിട്ടില്ല എന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
വിധി വന്നതോടെ നടി തളർന്നു, ഇനി മുമ്പോട്ടില്ല എന്ന് പലരും വിചാരിക്കുന്നുണ്ടെന്നും എന്നാൽ ഒരിഞ്ചു പോലും അവൾ തളർന്നിട്ടില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. "എട്ടാം തിയതി മുതൽ അവൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ആ കുറിപ്പ് തയ്യാറാക്കുന്ന തിരക്കിലായിരുന്നു. നിയമത്തിന്റെ ഏതറ്റം വരേയും പോകും. ഇതിനപ്പുറമൊന്നും അനുഭവിക്കാനില്ല. പിആർ വർക്ക് ചെയ്യുന്നവരോ ക്വട്ടേഷൻ കൊടുത്ത വ്യക്തിയോ അവളെ തളർത്താമെന്ന് വിചാരിക്കേണ്ട." ഭാഗ്യലക്ഷ്മി പറഞ്ഞു.
