ബിച്ചു തിരുമല - രവീന്ദ്രൻ ജോഡി ആദ്യമായൊരുമിക്കുന്ന ചിത്രമായിരുന്നു തേനും വയമ്പും. കോഴിക്കോട്ടുവച്ചു കണ്ടുമുട്ടിയപ്പോൾ രവീന്ദ്രൻ മാസ്റ്റർ ബിച്ചുവിന് ഒരു ടേപ്പ് നൽകി പറഞ്ഞു - ‘കഴിഞ്ഞ ദിവസം മനസ്സിലെത്തിയ ഒരു ട്യൂണാണ്. നല്ലതാണെന്നു തോന്നിയതുകൊണ്ട് റെക്കോർഡ് ചെയ്തതാ. കേട്ടിട്ട് പറ്റിയ വരികൾ എഴുത്, വൈകരുത്.’
advertisement
ടേപ്പും വാങ്ങി തിരുവനന്തപുരത്തെ വീട്ടിലെത്തി എഴുതാനിരിക്കുമ്പോൾ രാത്രി വൈകി, കറണ്ടുമില്ല! കംപോസിങ് ഉടനെ വേണ്ടതായതിനാൽ എഴുത്ത് മാറ്റിവയ്ക്കാനാവില്ല. മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ എഴുതാനിരുന്നു. കടലാസിലേക്ക് കുറിച്ച വാക്കുകളിലൊന്നും ഒരു തൃപ്തി പോര. ഒരു ദാക്ഷിണ്യവുമില്ലാതെ കൊതുകുകളുടെ വളഞ്ഞിട്ടുള്ള ആക്രമണവും കൂടിയായപ്പോൾ എഴുതേണ്ടെന്നു പോലും തോന്നിപ്പോയി. രണ്ടുദിവസം മുമ്പ് വാങ്ങിയ പി ഭാസ്കരന്റെ പുസ്തകമായ ‘ഒറ്റക്കമ്പിയുള്ള തംബുരു’ അരണ്ട വെളിച്ചത്തിൽ അലക്ഷ്യമായി കിടക്കയിൽ കിടക്കുന്നത് അവിചാരിതമായാണ് കണ്ണിൽപ്പെട്ടത്. വട്ടമിട്ടു മൂളിപ്പറക്കുന്ന കൊതുകും ഭാസ്കരൻ മാഷിന്റെ പുസ്തകവും... പിന്നെ ഒട്ടും വൈകിയില്ല, ഉള്ളിലെ സർഗകോണിൽ പാട്ടുകുറിക്കാനുള്ള കളമൊരുങ്ങി. മങ്ങിയ വെളിച്ചത്തിൽ ഒട്ടും മങ്ങലില്ലാത്ത മനസ്സുമായി തിരുമല കുറിച്ചു - ‘ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം ഞാൻ...’
ആദ്യ വരിയെഴുതിയപ്പോഴേ സ്വയം വിലയിരുത്തി - ‘കൊള്ളാം’. കഥാസന്ദർഭം കൂടി മനസ്സിലേക്കു വന്നതോടെ ആ തൂലികയിൽനിന്ന് വരികളൊന്നൊന്നായണിഞ്ഞൊരുങ്ങി.
പാട്ടിഴകളിൽ തെളിയുന്ന നായകന് സ്വന്തമെന്നു പറയാൻ ഏകമകനേ ഉള്ളൂ. കഥ ആവശ്യപ്പെടുന്നതുപോലെ, വരികളിൽ വിഷാദത്തിന്റെ ധ്വനിയൊരുക്കാൻ കവി പ്രത്യേകം ശ്രദ്ധിച്ചു. എത്രമേൽ വിഷാദമാകാം എന്നത് കവിയുടെ വിവേചനത്തിനു വിട്ടിരിക്കുകയാണ്. ‘ഏകഭാവം ഏതോ താളം, മൂകരാഗ ഗാനാലാപം.’ ഭാര്യയുടെ വിയോഗം ജീവിതത്തിൽ തീർത്ത അപശ്രുതിയും മകനെയോർത്തുള്ള ആകുലതകളും നായക ഹൃദയത്തെ മുറിപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്. മകനെയേറെ സ്നേഹിച്ച് അവന്റെ സ്നേഹമേറ്റുവാങ്ങാൻ കൊതിക്കുന്ന പിതൃഹൃദയം നിലതെറ്റി ഉഴലുന്നത് നിത്യഹരിത നായകനിലൂടെയാണ് നമ്മൾ കാണുന്നത്.
Also Read- Bichu Thirumala| 'പടകാളി; കുനുകുനെ; മാമ്പൂവേ;' എ ആർ റഹ്മാനുവേണ്ടി മലയാളസിനിമയിലെഴുതിയ ബിച്ചു തിരുമല
ഇത്രത്തോളം വൈകാരികത വച്ചു നീട്ടുന്ന ഗാനത്തെ അത്രമേൽ പ്രസക്തമായ ഒരു സിറ്റുവേഷനിലേക്കല്ല കൂട്ടിച്ചേർത്തിരിക്കുന്നത് എന്നത് സിനിമയുടെ ഒരു പോരായ്മ തന്നെ. ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കിലും പാട്ട് എവർഗ്രീൻ ഹിറ്റുകളുടെ ശ്രേണിയിൽ യൗവനത്തിന്റെ തലയെടുപ്പോടെ ഇന്നും നിൽക്കുന്നു.
