Bichu Thirumala| ആഹരിയിൽ പഴന്തമിഴ് പാട്ടിഴഞ്ഞു; നക്ഷത്രവിളക്ക് തൂക്കാൻ പോയ കവി ആഹാരമില്ലാതെ കിടന്നത് 11 ദിവസം
Bichu Thirumala| ആഹരിയിൽ പഴന്തമിഴ് പാട്ടിഴഞ്ഞു; നക്ഷത്രവിളക്ക് തൂക്കാൻ പോയ കവി ആഹാരമില്ലാതെ കിടന്നത് 11 ദിവസം
ആഹരിരാഗത്തിൽ കീർത്തനം ചെയ്തതു കൊണ്ട് ആഹാരം മുടങ്ങുമെന്നൊരു ചൊല്ലു തന്നെയുണ്ടായിരുന്നു. ആ പാട്ടിന് ശേഷം എം ജി രാധാകൃഷ്ണനും ബിച്ചു തിരുമലയ്ക്കും ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി കുറച്ചുകാലം ആശുപത്രിയിൽ കിടന്നു.
‘പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ, പഴയൊരു തംബുരു തേങ്ങി; മണിച്ചിത്രത്താഴിനുള്ളില്‍ വെറുതെ, നിലവറ മൈന മയങ്ങി’- പഴകും തോറും വീര്യമേറുന്ന വീഞ്ഞുപോലെയാണ് മണിച്ചിത്രത്താഴിലെ ഈ ഗാനം. ആത്മാവുള്ളതുകൊണ്ടു തന്നെയാണ് ഈ ഗാനം മലയാളിക്കെന്നും പ്രിയപ്പെട്ടതാകുന്നത്. ബിച്ചു തിരുമലയുടെ വരികൾക്ക് എം ജി രാധാകൃഷ്ണന്‍ ‘ആഹരി’ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനമാണ് പഴംതമിഴ്പാട്ട്. 1993 ലാണ് ‘മണിച്ചിത്രത്താഴ്’ വരുന്നത്. ഏകദേശം ഒരു മാസത്തോളം സമയം എടുത്തായിരുന്നു ഈ ഗാനം പിറന്നത്. എം ജി രാധാകൃഷ്ണനും ബിച്ചു തിരുമലയും ഒരുമിച്ചിരുന്നാണ് ഈ പാട്ടു ചെയ്തത്. ‘പഴംതമിഴ് പാട്ട്’ ചെയ്യുന്നതിനു മുൻപൊരു പാട്ടു ചെയ്തു. അത് അവർക്ക് അത്രയും തൃപ്തിയായില്ല. മറ്റേതെങ്കിലും പടത്തിൽ ഉപയോഗിക്കാമെന്നു പറഞ്ഞു മാറ്റിവച്ചു. ‘പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ, പഴയൊരു തംബുരു തേങ്ങി, മണിച്ചിത്രത്താഴിനുള്ളിൽ വെറുതെ, നിലവറ മൈന മയങ്ങി; സരസ സുന്ദരീ മണി നീ, അലസമായ് ഉറങ്ങിയോ; വിരലിൽ നിന്നും വഴുതി വീണു അലസമായൊരാദി താളം’- ബിച്ചു വരികൾ പാടി കേൾപ്പിച്ചു. അങ്ങനെ ആഹരിയിൽ ആ വരികൾക്ക് എം ജി രാധാകൃഷ്ണൻ ട്യൂണിട്ടു. മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് ഗാനമാണ് അവിടെ പിറന്നത്.
''ആഹരി രാഗത്തിൽ ചെയ്യണമെന്നു മനഃപൂർവം ഉദ്ദേശിച്ചൊന്നുമായിരുന്നില്ല പഴംതമിഴ് പാട്ടിഴയും ചെയ്തത്. ആഹരി രാഗത്തിൽ വന്നു. ആ രാഗത്തിൽ തന്നെ എഴുതി. സിനിമയുടെ പശ്ചാത്തലത്തിൽ നാഗവല്ലി തെക്കിനിയിലെ മുറിയിലിരുന്നു പാടുന്നത് ആഹരി രാഗത്തിലാണ്. മോഹൻലാൽ മെതിയടിയുമായി നടക്കുന്ന സമയത്ത് ചോദിക്കുന്നുണ്ട്. ‘അന്ത ആഹരിയിൽ കീർത്തനം പാടിനീങ്കളാ.’ അവിടെ ആ രാഗത്തിന്റെ പേരു വരുന്നുണ്ട്. ആ ഭാഗത്ത് സുജാത ‘ഒരു മുറൈ വന്ത് പാറായോ...’ എന്നു ആഹരിയിൽ പാടുന്നുണ്ട്. ആ ചോദ്യത്തിനു ശേഷം പിറ്റേന്ന് ഡോക്ടർ സണ്ണി മലയാളത്തിൽ പാടുന്നതാണ് ‘പഴംതമിഴ് പാട്ട്.’ അങ്ങനെ പൂർണമായും സിനിമയുടെ സിറ്റുവേഷനോട് യോജിച്ചാണ് ഈ ഗാനം ചെയ്തത്. - എം ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.
ആഹരിരാഗത്തിൽ കീർത്തനം ചെയ്തതു കൊണ്ട് ആഹാരം മുടങ്ങുമെന്നൊരു ചൊല്ലു തന്നെയുണ്ടായിരുന്നു. ആ പാട്ടിന് ശേഷം എം ജി രാധാകൃഷ്ണനും ബിച്ചു തിരുമലയ്ക്കും ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി കുറച്ചുകാലം ആശുപത്രിയിൽ കിടന്നു. 1994ല്‍ ക്രിസ്മസിന് തലേന്നാള്‍ മോനു വേണ്ടി നക്ഷത്രം കെട്ടിതൂക്കുമ്പോള്‍ വീടിന്റെ സണ്‍ഷേഡില്‍ നിന്നു ബിച്ചു തിരുമല താഴെ വീണു. ഒരു മാസത്തോളം ആശുപത്രിയില്‍ കിടന്നു. പതിനൊന്നു ദിവസം ബോധമില്ലായിരുന്നു. ബോധത്തിലേക്ക് വരാനായി ഡോക്ടര്‍മാര്‍ ഓരോ പാട്ടുകളെക്കുറിച്ചും ചോദിച്ചു കൊണ്ടിരിക്കുകയാണ്. 'കണ്ണാം തുമ്പീ....' എഴുതിയത് ആരാണ് എന്ന് ചോദിച്ചപ്പോള്‍ താനാണ് എന്ന് മറുപടി പറഞ്ഞുകൊണ്ടാണ് ബിച്ചു തിരുമല ബോധത്തിലേക്ക് വന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.