യോദ്ധയിലെ 'പടകാളി ചണ്ടി ചങ്കരി' മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റാണ്. യേശുദാസും എം ജി ശ്രീകുമാറും പാടിയ ഈ പാട്ട് ഇന്നും പാടി നടക്കാത്ത മലയാളികളില്ല. 'കുനുകുനെ ചെറു..', 'മാമ്പൂവേ....' തുടങ്ങിയ ചിത്രത്തിലെ മറ്റ് രണ്ട് ഗാനങ്ങളും ഇന്നും സൂപ്പർ ഹിറ്റായി തുടരുന്നു.
ഫാസിൽ, ഐ വി ശശി, സിബി മലയിൽ, സിദ്ധിഖ് ലാൽ തുടങ്ങിയ സംവിധായരുടെയെല്ലാം ആദ്യ സിനിമകളിലെ പാട്ടെഴുതിയത് ബിച്ചു തിരുമല ആയിരുന്നു. ‘ശക്തി’ എന്ന സിനിമയ്ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. വിവിധ ഭാഷകളിലുള്ള ലക്ഷക്കണക്കിനു ഗാനങ്ങളുടെ അമൂല്യശേഖരം അദ്ദേഹത്തിന്റെ തിരുമല വേട്ടമുക്ക് കട്ടച്ചൽ റോഡിലെ ‘സുമതി’ എന്ന വീട്ടിലുണ്ട്. ചൈനീസ് ഗാനങ്ങളും ബിച്ചുവിന് ഏറെ പ്രിയപ്പെട്ടവയായിരുന്നു.
advertisement
ട്യൂണിന് വേണ്ടി വാക്കുകൾ നിരത്തി വെക്കുന്നതല്ല, ബിച്ചു തിരുമലയെ സംബന്ധിച്ച് പാട്ടെഴുത്ത്. പാട്ടെഴുത്തില്‍ മാന്ത്രികതകളില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ബിച്ചു തിരുമല. പരന്ന വായനയും എല്ലാ കാര്യങ്ങളെപ്പറ്റിയുളള സാമാന്യധാരണയും ഒരു പാട്ടെഴുത്തുകാരനുണ്ടായിരിക്കണമെന്നും ബിച്ചു പലപ്പോഴും അഭിമുഖങ്ങളിൽ പറയാറുണ്ട്.
Also Read- Bichu Thirumala Passes Away| പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
'പണ്ടൊക്കെ സിനിമയില്‍ കഥ പോലെ പ്രധാനമായിരുന്നു പാട്ടുകളും. എല്ലാ സിനിമയിലും എട്ടും പത്തും പാട്ടുകള്‍.പാട്ട് കാണാന്‍ വേണ്ടി മാത്രം ആളുകള്‍ സിനിമയ്ക്ക് കയറിയിരുന്നു. അങ്ങനെ പാട്ടിന്റെ ഗുണംകൊണ്ട് മാത്രം വിജയിച്ച ടങ്ങളുണ്ടായിരുന്നു. എനിക്ക് ആദ്യത്തെ സംസ്ഥാന അവാര്‍ഡ് കിട്ടിയ 'തേനും വയമ്പും' എന്ന സിനിമയൊന്നും വലിയ വിജയമായിരുന്നില്ല. പക്ഷേ, ആ സിനിമയിലെ 'ഒറ്റക്കമ്പിനാദം', 'തേനും വയമ്പും' പോലുള്ള പാട്ടുകള്‍ ഇപ്പോഴും ആള്‍ക്കാര്‍ ആവര്‍ത്തിച്ചുകേള്‍ക്കുന്ന പാട്ടുകളാണ്. പണ്ടത്തേതുപോലെ ഇപ്പോഴത്തെ സിനിമകളില്‍ പാട്ടിന് പ്രാധാന്യമില്ലല്ലോ. നല്ലപാട്ടുകളും ഉണ്ടാകുന്നില്ല. കേരളീയത നിറഞ്ഞുനില്‍ക്കുന്നതായിരുന്നു പണ്ടത്തെ പാട്ടുകള്‍. ശ്രീകുമാരന്‍ തമ്പിയുടെ പാട്ടുകളിലൊക്കെയാണ് കേരളീയത ഒടുവിലായി കാണാന്‍ കഴിയുന്നത്. ''-ഒരു അഭിമുഖത്തിൽ ബിച്ചു പറഞ്ഞു.
''പുതിയ സിനിമാപ്പാട്ടുകളില്‍ സംഗീതത്തിനു മാത്രമാണ് പ്രാധാന്യം കൊടുക്കുന്നത്. വരികള്‍ ആര്‍ക്കുവേണമെങ്കിലും എഴുതാമെന്നതാണ് സ്ഥിതി. കാവ്യഗുണമൊന്നും ആരും നോക്കുന്നില്ല. ട്യൂണിനൊപ്പിച്ച് വാക്കുകള്‍ ചേര്‍ത്തുവെയ്ക്കുന്നതിലല്ല കാര്യം. ഇപ്പോഴത്തെ പാട്ടുകളില്‍ അതു മാത്രമാണ് കാണുന്നത്. പാട്ടെഴുതുമ്പോള്‍ വാക്കുകളുടെ അര്‍ഥവും ആശയവും സിനിമയുടെ കഥാഘടനയും സന്ദര്‍ഭവും അറിഞ്ഞിരിക്കണം. ഒരു പാട്ടെഴുതുമ്പോള്‍ എന്തിനെപ്പറ്റിയാണ് നമ്മള്‍ എഴുതുന്നതെന്നതിനെപ്പറ്റി നല്ല ധാരണയുണ്ടായിരിക്കണം,ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം അറിഞ്ഞിരിക്കണം. അതൊക്കെ മനസ്സിലാക്കി എഴുതുന്ന പാട്ടുകള്‍ നിലനില്‍ക്കും.''-ബിച്ചു തിരുമല പറഞ്ഞു.
