നടൻമാരായ രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകൾക്ക് നേരെ ബോംബ് ഭീഷണി. തമിഴ്‌നാട് ഡിജിപിയുടെ ഔദ്യോഗിക ഇമെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. പൊലീസ് അന്വേഷണത്തെത്തുടർന്ന് ഭീഷണികൾ വ്യാജമാണെന്നും ഈ മാസം തമിഴ് സെലിബ്രിറ്റികളെ ലക്ഷ്യം വച്ചു വന്ന വ്യാജ ബോംബ് ഭീഷണികളുടെ ഭാഗമാണിതെന്നും അധികൃതർ സ്ഥിരീകരിച്ചു.
advertisement
ഒരു അജ്ഞാത അക്കൗണ്ടിൽ നിന്നും തമിഴ്‌നാട് ഡയറക്ടർ ജനറൽ ഓഫ് പോലീസിന്റെ (ഡിജിപി)ഔദ്യോഗിക ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. രജനീകാന്ത്, ധനുഷ്, തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. സേവൽപെരുന്തഗൈ എന്നിവരുടെ വീടുകളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഇമെയിലിന്റെ ഉള്ളടക്കം. ഇമെയിൽ ഗ്രേറ്റർ ചെന്നൈ പോലീസിന് കൈമാറുകയും അവർ ഉടൻ തന്നെ നടപടിയെടുക്കുകയുമായിരുന്നു.
വിശദമായ പരിശോധനയ്ക്കായി തേനാംപേട്ട് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘവും ബോംബ് സ്ക്വാഡും രജനീകാന്തിന്റെ പോയസ് ഗാർഡനിലെ വസതിയിൽ എത്തി. നടന്റെ വീട്ടിലെ സുരക്ഷാ ജീവനക്കാർ അജ്ഞാതരായ ആരെയും പരിസരത്ത് കണ്ടില്ലെന്ന് പോലീസിനോട് പറഞ്ഞു. പരിശോധനയ്ക്ക് ശേഷം, സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
ധനുഷിന്റെയും സേവാൽപെരുന്തഗൈയുടെയും വീടുകളിലും സമാനമായ പരിശോധനകൾ നടത്തി. എല്ലാ സ്ഥലങ്ങളും സുരക്ഷിതമാണെന്ന് കണ്ടെത്തിയതോട ഇമെയിൽ വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
കഴിഞ്ഞ ആഴ്ചകളിലും സമാനമായ ഭീഷണി സന്ദേശങ്ങൾ തമിഴ് സിനിമാ താരങ്ങളെയും വിഐപികളെയും ലക്ഷ്യം വച്ചെത്തിയിരുന്നു. ഒക്ടോബർ 2 ന്, നടി തൃഷ കൃഷ്ണന്റെയും മറ്റ് വിഐപികളുടെയും വീടുകളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഇമെയിൽ സന്ദേശമെത്തിയിരുന്നു. ഒക്ടോബർ 9 ന്, നടൻ വിജയ്‌യുടെ നീലാങ്കരൈ വസതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടതിന് ഷാബിക് എന്ന 37 കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
