അക്കാലത്ത് അടുത്ത സുഹൃത്തുക്കൾ എന്ന് പറയാൻ കഴിയില്ലായിരുന്നു. അന്നത്തെ ശിവാജി റാവു എന്ന മഹാരാഷ്ട്ര സ്വദേശി ഇന്നത്തെ രജനീകാന്ത് ആയി മാറി. ശ്രീനിവാസന്റെ സൂപ്പർ സീനിയർ ആയിരുന്നു രജനി. ആ പഠിതാക്കൾ പിന്നെ ഒന്നിക്കാൻ കാരണമായതും സിനിമയല്ലാതെ മറ്റൊന്നുമല്ല. അടയാറിലെ 'ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ട്' വിദ്യാർത്ഥികളാണ് ഇരുവരും.
പഴയ കൂട്ടുകാരുടെ പുനഃസമാഗമത്തിന്റെ വൈകാരികത ഒപ്പിയെടുത്ത 'കഥ പറയുമ്പോൾ' എന്ന ചിത്രം ശ്രീനിയും രജനിയും ഒന്നിക്കാനുള്ള നിമിത്തമായി മാറുകയായിരുന്നു. 'കഥ പറയുമ്പോൾ' പ്രിവ്യു ഷോ സിനിമയേക്കാൾ ആർദ്രമായ ഒരു നിമിഷത്തിനു വേദിയായി.
advertisement
“ആ സമയത്ത് ഞാൻ മുംബൈയിലായിരുന്നു, സിനിമ അവസാനിക്കാറായപ്പോൾ മാത്രമേ പ്രിവ്യൂ തിയേറ്ററിൽ എത്താൻ കഴിഞ്ഞുള്ളു. രജനീകാന്തിനോട് ഞാൻ അവിടെ ഉണ്ടാകുമെന്ന് നിർമ്മാതാവ് പറഞ്ഞിരുന്നു. സിനിമ അവസാനിച്ചപ്പോൾ, അദ്ദേഹം തിയേറ്ററിൽ നിന്ന് ഇറങ്ങി വരുന്നത് ഞാൻ കണ്ടു, അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അദ്ദേഹം എന്നെ അന്വേഷിക്കുകയായിരുന്നു. അദ്ദേഹം വളരെ വികാരാധീനനായി എന്നെ വളരെ നേരം കെട്ടിപ്പിടിച്ചു. ‘നീ എന്നെ കരയിപ്പിച്ചു’ എന്നോട് പറഞ്ഞു,” എന്ന് ശ്രീനിവാസൻ.
"പിന്നെ അദ്ദേഹം എന്നെ കോൺഫറൻസ് റൂമിലേക്ക് കൊണ്ടുപോയി ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥികളായിരിക്കുമ്പോൾ ഞങ്ങൾക്ക് പരസ്പരം അറിയാമായിരുന്നു എങ്കിലും അടുത്ത സുഹൃത്തുക്കളായിരുന്നില്ല. ശിവാജി റാവു ഗെയ്ക്‌വാഡ് ഒരു ദിവസം രജനീകാന്ത് ആകുമെന്ന് എനിക്കറിയില്ലായിരുന്നു. ആ ദിവസം, സിനിമയെക്കാൾ എന്നെക്കുറിച്ച് കൂടുതലറിയാൻ അദ്ദേഹത്തിന് ആകാംക്ഷയുണ്ടായിരുന്നു."
"രണ്ടാം ദിവസം, അദ്ദേഹം സിനിമയിലെ സൂക്ഷ്മമായ രംഗങ്ങളെക്കുറിച്ച് സംസാരിച്ചു. ഞങ്ങൾ മൂന്നാമതും കണ്ടുമുട്ടി. 'എന്റെ എല്ലാ സുഹൃത്തുക്കളും എന്നോട് സിനിമ ചെയ്യണമെന്ന് പറയുന്നു എന്നദ്ദേഹം. പക്ഷേ ഞാൻ മൂന്ന് ദിവസം മുമ്പ് എന്തിരന് വേണ്ടി കരാറിൽ ഒപ്പിട്ടു. കമൽഹാസൻ ഈ സിനിമ ചെയ്താലോ' എന്നായി. 'നമ്മൾ എന്തിനാണ് മറ്റൊരു നടനെക്കുറിച്ച് ചർച്ച ചെയ്യേണ്ടത്?' എന്ന് ഞാനും. 'ഒന്ന് ആലോചിച്ചു നോക്കൂ, ഇതൊരു ശിവാജി റാവുവിന്റെ കഥയല്ലേ?' പക്ഷേ കഥ എഴുതിയപ്പോൾ ശിവാജി റാവുവിനെ കുറിച്ച് ഞാൻ ചിന്തിച്ചില്ല."
"തെരിയും, തെരിയും...' (എനിക്കറിയാം) കുറച്ചുനേരം ആലോചിച്ച ശേഷം അദ്ദേഹം താഴ്ന്ന സ്വരത്തിൽ പറഞ്ഞു, 'പണ്ണറുതുക്കും മുടിയല, വിടർതുക്കും മുടിയല (എനിക്കത് ചെയ്യാനും കഴിയില്ല... അത് ഉപേക്ഷിക്കാനും കഴിയില്ല...)' രജനീകാന്ത് എന്നെ അനുകരിച്ചതും ഞാൻ പറഞ്ഞതെല്ലാം അക്ഷരാർത്ഥത്തിൽ ആവർത്തിച്ചതും പിന്നീട് പി. വാസു എന്നോട് പറഞ്ഞു. അദ്ദേഹം എന്നെ അനുകരിച്ചത് കണ്ട് എല്ലാവരും ചിരിച്ചു," അദ്ദേഹം കൂട്ടിച്ചേർത്തു.
ഒടുവിൽ, രജനീകാന്ത് 'കഥ പറയുമ്പോൾ' എന്ന ചിത്രത്തിന്റെ തമിഴ്, തെലുങ്ക് റീമേക്കുകളിൽ ഭാഗമായി. പശുപതി ശ്രീനിവാസന്റെ വേഷം തമിഴിൽ അവതരിപ്പിച്ചപ്പോൾ, ജഗപതി ബാബു തെലുങ്കിൽ ആ വേഷം ഏറ്റെടുത്തു.
