രജനീകാന്ത്, മണിരത്നം, വെട്രിമാരൻ, ഹൻസൽ മേത്ത തുടങ്ങി നിരവധി പേർ ഈ സ്‌പോർട്‌സ്-ആക്ഷൻ ഡ്രാമയെ പ്രശംസിച്ചു. വിജയകരമായ തിയേറ്റർ ഇന്നിംഗിസിനു ശേഷം, ‘ബൈസൺ കാലമാടൻ’ ഒടിടി റിലീസിന് ഒരുങ്ങിയിരിക്കുന്നു. ചിത്രത്തിന്റെ ഒടിടി പ്രീമിയർ തീയതി നിർമ്മാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ചിത്രം 2025 നവംബർ 21 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് നിർമാതാക്കൾ പ്രഖ്യാപിച്ചു. തമിഴ് സിനിമയിലേക്ക് തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മാരി സെൽവരാജിന്റെയും ധ്രുവ് വിക്രമിന്റെയും ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ഇതിൽ കാന്ത, ഡ്യൂഡ്, ഗുഡ് ബാഡ് അഗ്ലി, ഡ്രാഗൺ തുടങ്ങിയ ചിത്രങ്ങളും ഉൾപ്പെടുന്നു. തമിഴിൽ മാത്രമല്ല, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും ബൈസൺ നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും. ഇതോടുകൂടി ചിത്രം കൂടുതൽ വിശാലമായ ബഹുഭാഷാ പ്രേക്ഷകർക്ക് ലഭ്യമാകും.
advertisement
ബൈസണിനെക്കുറിച്ച്
മാരി സെൽവരാജ് രചനയും സംവിധാനവും നിർവ്വഹിച്ച ബൈസൺ കാലമാടൻ, കബഡി കളിക്കാരനായ മണത്തി ഗണേശന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു സ്പോർട്സ് ഡ്രാമയാണ്. ജാതി വിവേചനത്തെ അതിജീവിച്ച് കബഡിയിൽ മികവ് പുലർത്താൻ ശ്രമിക്കുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്.
ധ്രുവ് വിക്രം, പശുപതി, അമീർ, ലാൽ, അനുപമ പരമേശ്വരൻ, രജിഷ വിജയൻ, അഴകം പെരുമാൾ എന്നിവർ അഭിനയിക്കുന്ന ചിത്രം അപ്ലാസ് എന്റർടൈൻമെന്റിന്റെയും നീലം സ്റ്റുഡിയോസിന്റെയും കീഴിൽ സമീർ നായർ, ദീപക് സെയ്ഗൽ, പാ. രഞ്ജിത്ത്, അദിതി ആനന്ദ് എന്നിവർ സംയുക്തമായി നിർമ്മിക്കുന്നു.
1990-കളിലെ ജാതി അടിസ്ഥാനമാക്കിയുള്ള അക്രമങ്ങളുടെയും ജില്ലാ മത്സരങ്ങളുടെയും പ്രക്ഷുബ്ധമായ പശ്ചാത്തലത്തിലാണ് ചിത്രം സജ്ജീകരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ ഗ്രാമപ്രദേശങ്ങളിലെ സാമൂഹികമായി അടിച്ചമർത്തപ്പെട്ട ഒരു ജാതിയിൽ നിന്നുള്ള കിട്ടൻ വേലുസ്വാമിയെ ചുറ്റിപ്പറ്റിയുള്ളതാണ്. കബഡിയോടുള്ള തന്റെ പ്രണയത്താൽ പ്രചോദിതനായ കിട്ടൻ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സ്വപ്നം കാണുമ്പോൾ ജാതി മുൻവിധി, അക്രമാസക്തമായ കലഹങ്ങൾ, കുടുംബ എതിർപ്പ് എന്നിവ നേരിടുന്നു.
