മലയാള സിനിമയുടെ അപരിഷ്കൃത സാങ്കേതികതയുടെ കാലത്തു തുടങ്ങി ഇന്ന് വരെ ഹൊറർ ഫോർമാറ്റിന്റെ മൂല്യം തെല്ലും ഇടിഞ്ഞിട്ടില്ല. ഭാർഗ്ഗവീനിലയം മുതൽ ലിസ, ആകാശഗംഗ, മേഘസന്ദേശം, ഭൂതകാലം, ഭ്രമയുഗം പോലത്തെ മികച്ച ഹിറ്റുകൾ സമ്മാനിക്കാൻ ഹൊറർ കൊണ്ടാവും എന്ന് തെളിഞ്ഞിരിക്കുന്നു. അക്കാരണത്താൽ തന്നെ ഇന്നും ആളൊഴിഞ്ഞ ഒരു വീട് കണ്ടാൽ, 'ഏതാ ഈ ഭാർഗവീനിലയം' എന്ന് ചോദിക്കും മലയാളി. പൂർണമായും വെള്ളവസ്ത്രം ധരിച്ചോ, അതുമല്ലെങ്കിൽ നീളൻ തലമുടി അഴിച്ചിട്ട് ഒരു പെൺകുട്ടിയോ സ്ത്രീയോ വന്നാലോ 'യക്ഷി' എന്ന് വിളിച്ചുള്ള കളിയാക്കലിന് പിന്നിൽ സിനിമയുടെ സ്വാധീനമല്ലെങ്കിൽ വേറെന്താണ്? പൊതുവേ മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് പേരുകളിൽ പുറത്തുവരാറുള്ള മലയാളം ഹൊറർ ചിത്രങ്ങളുടെ പട്ടികയിലേക്ക് പ്രണവ് മോഹൻലാൽ നായകനായ ചിത്രം ഒരു ലാറ്റിൻ നാമത്തിൽ തിയേറ്ററുകളിൽ വരുന്നു; 'ഡീയസ് ഈറെ' (ക്രോധത്തിന്റെ ദിനം). നീലിയും ഭാർഗ്ഗവിക്കുട്ടിയും പതിറ്റാണ്ടുകൾക്ക് മുൻപേ സൃഷ്‌ടിച്ച ആ പഴയ ഭീതിയെ വിടാതെ പിടിച്ച് ന്യൂ ജെൻ കുപ്പിയിൽ നിറയ്ക്കുമ്പോൾ ഹൊററിന്റെ ചലച്ചിത്ര ഭാഷ്യം കാലോചിതമായി പരിഷ്കരിക്കപ്പെടുന്നു.
advertisement
റിലീസിന്റെ തലേരാത്രി പല തിയേറ്ററുകളിലായി പ്രീവ്യൂ ഇറങ്ങിയതിനാൽ, ഈ സിനിമയുടെ ഫസ്റ്റ് ഷോ എന്ന് ഔപചാരികതയുടെ പേരിൽ വിളിക്കാവുന്ന വെള്ളിയാഴ്ചത്തെ ആദ്യ ഷോയ്ക്ക് കയറിയ പലരും അതിനുള്ളിൽ തന്നെ 'പൊളിച്ചു, മിന്നിച്ചു, കത്തിച്ചു, പുകച്ചു' അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടിരിക്കാൻ സാധ്യതയുണ്ടാവും. കലക്കാച്ചി, കിടുക്കാച്ചി വിളികൾക്കപ്പുറം ഈ സിനിമയുടെ ആഴങ്ങളിലേക്കിറങ്ങി ചെല്ലേണ്ടതുണ്ട്.
ആത്മാവായി അഭിനയിക്കാൻ ഒരാളെപ്പോലും കാസ്റ്റ് ചെയ്യാതെ, ആവശ്യമെങ്കിൽ മാത്രം ഗ്രാഫിക്സിന്റെയോ, അതുപോലുമില്ലതെ കേവലം നിഴലുകൾ കൊണ്ടോ ഭീതി സൃഷ്‌ടിക്കാൻ ഇന്നത്തെ മലയാള സിനിമയെക്കൊണ്ടാവും. സഹപാഠിയും, സർവോപരി കാമുകിയായ സുഹൃത്ത് എന്ന നിലയിലും ഏറെ അടുപ്പമുണ്ടായിരുന്ന കനി എന്ന യുവതിയുടെ മരണവിവരം അന്വേഷിച്ച് അവളുടെ വീട്ടിലേക്ക് പോകുന്ന യുവ ആർക്കിടെക്ട് രോഹൻ (പ്രണവ് മോഹൻലാൽ). ഒരു ദിവസം അവളെ ജീവനോടെയല്ലാതെ കിണറ്റിൽ നിന്നും കണ്ടെടുക്കുമ്പോൾ, മാനസികമായി തകർന്നു പോകുന്ന അച്ഛനും അമ്മയും അനുജനും മുത്തശ്ശിയും അടങ്ങുന്ന കുടുംബത്തിലേക്കാണ് അയാൾ കയറി വരിക. ആ സന്ദർശനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ രോഹന്റെ ജീവിതം പിന്നീട് പഴയതു പോലെയാവില്ല. അയാളെ ഭയപ്പെടുത്തുന്ന, അയാൾ ആക്രമിക്കപ്പെടുന്ന രാത്രികളുടെ എണ്ണമേറുന്നു. എന്താണ് അതിനു പിന്നിൽ? അതുവരെ ആർഭാടവും ആനന്ദവും മാത്രം നിറഞ്ഞ അയാളുടെ ജീവിതം മാറാൻ തുടങ്ങുന്നു. പഴയകാല ഫോർമാറ്റിൽ ചിലങ്ക ശബ്ദവും, ആരോ പതിയിരിക്കുന്നുവെന്ന ഫീലും, വസ്തുക്കൾ താനേ ചലിക്കുന്നതും ഒരു ആധുനിക സെറ്റപ്പിലേക്ക് പറിച്ചുനട്ടുകൊണ്ടു തന്നെയാണ് ഈ ഹൊറർ സൃഷ്‌ടി. ചിലങ്കയെ സമർത്ഥിക്കാൻ വേണ്ടിയാകണം കനിയെ ഒരു ക്ലാസിക്കൽ ഡാൻസറായി സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഹൊറർ ഇങ്ങനെയെല്ലാം എങ്കിൽ, അതിന്റെ പൂർണതയ്ക്ക് 'ഭ്രമയുഗം' സംവിധായകൻ രാഹുൽ സദാശിവൻ കൂട്ടുപിടിച്ചിരിക്കുന്നത് ശബ്ദസങ്കേതത്തെയും, ക്യാമറാമികവിനെയും, എണ്ണത്തിൽ ചെറുതെങ്കിൽ പോലും പേരുള്ള കഥാപാത്രങ്ങൾ ഓരോരുത്തരെയും കൊണ്ട് അവരുടെ മികച്ച ഫോം പുറത്തെടുപ്പിച്ചു കൊണ്ടുമാണ്.
പ്രണവ് മോഹൻലാലിന് ചേരുന്ന ചില രീതികൾക്കും മാനറിസങ്ങളിലേക്കും തുന്നിച്ചേർക്കപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് രോഹൻ ശങ്കർ. ചുറ്റും സുഹൃദ്‌വലയം ഉണ്ടെങ്കിൽപ്പോലും ഉൾവലിഞ്ഞ പ്രകൃതക്കാരനായ 'വലിയ വീട്ടിലെ മുടിയനായ പുത്രൻ' കുപ്പായം പ്രണവിന് പാകമാകുന്ന വിധം തുന്നിയിരിക്കുന്നു. നായകനായ ആദ്യ ചിത്രം ആദിയിൽ തുടങ്ങി തൊട്ടുമുൻപ് റിലീസ് ചെയ്ത 'വർഷങ്ങൾക്ക് ശേഷം' വരെയും മികച്ച സപ്പോർട്ടിങ് താരങ്ങളുടെ കൂടെയാണ് പ്രണവ് മോഹൻലാൽ തന്റെ വേഷങ്ങൾക്ക് പൂർണത നൽകിപ്പോന്നത് എന്നിരിക്കെ, അതേ ചരിത്രം ആവർത്തിക്കുന്നു.
സിദ്ധിഖ് മുതൽ ധ്യാൻ ശ്രീനിവാസൻ വരെയുള്ള ആ പരമ്പരയിലേക്ക് ചേർത്തുവയ്ക്കാവുന്ന പേരാണ് ജിബിൻ ഗോപിനാഥ്. കാക്കിക്കുള്ളിലെ ഈ കലാകാരൻ തുടക്കത്തിൽ ലഭിച്ചിരുന്ന ബ്ലിങ്ക് ആൻഡ് മിസ്സുകളിലും, ചെറിയ വേഷങ്ങളിലും നിന്നുകൊണ്ട് ഒരു സിനിമയിൽ മുഴുനീള വേഷം ഏറ്റെടുത്തുവെങ്കിൽ, നിർമാതാക്കളുടെ ആ തീരുമാനം സിനിമയ്ക്ക് മുതൽക്കൂട്ടായി മാറിയിട്ടുണ്ട്. ചക്രവ്യൂഹത്തിൽ അകപ്പെട്ട രോഹനെ പുറത്തെത്തിക്കാൻ, അയാളുമായി നേരിയ പരിചയം മാത്രമുള്ള, താന്ത്രിക പാരമ്പര്യമുള്ള നിർമാണ കരാറുകാരൻ മധു എന്ന മധുസൂദനൻ പോറ്റി ഒപ്പംകൂടുന്നിടത്ത് പ്രകടനമികവിന്റെ കാര്യത്തിൽ സിനിമ തൊട്ടടുത്ത പടി ചവിട്ടും. രോഹന്റെ പിന്നാലെ കൂടിയതെന്തോ, അത് കണ്ടെത്താനുള്ള ഉദ്യമത്തിൽ മധുവും ചേരുന്നു. എന്തിനോടെന്നില്ലാതെ, എന്ത് ലക്ഷ്യം മുന്നിൽക്കണ്ടുവെന്നില്ലാത്ത സന്ദർഭങ്ങളിൽ ജിബിന്റെ കണ്ണിലെ ഇമയനക്കം പോലും പ്രേക്ഷകരെ ഭയചകിതരാക്കും. പ്രായത്തിൽക്കവിഞ്ഞ പക്വത ആവശ്യമുള്ള വേഷങ്ങൾക്ക് ശ്രദ്ധിക്കപ്പെട്ട നടി ജയാ കുറുപ്പിന്റെ ഏലിയാമ്മ എന്ന വേഷം സിനിമയുടെ നിർണായക ഘട്ടങ്ങളെ സ്വാധീനിക്കുകയും, അവരിൽ ഇതുവരെയും പര്യവേഷണം ചെയ്യപ്പെടാതെ പോയ കഥാപാത്രസൃഷ്‌ടിക്കു വഴിവെക്കുകയും ചെയ്തിട്ടുണ്ട്. സ്പോയ്ലർ ആവാൻ സാധ്യതയുള്ള ഈ വേഷത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ സാധ്യമല്ല.
ഒരു മലയാളി ഓസ്കർ പുരസ്കാരം കൊണ്ടുവന്നപ്പോൾ മാത്രമാണ് ഒരുപക്ഷേ ശബ്ദത്തിന് ചലച്ചിത്ര ഭാഷയിൽ എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് മലയാള സിനിമാപ്രേക്ഷകർ ശ്രദ്ധിച്ചിരിക്കുക. ഈ സിനിമയുടെ മൂഡിനും ടോണിനും ഒപ്പം പ്രേക്ഷകർ സഞ്ചരിച്ചുവെങ്കിൽ സൗണ്ട് ഡിസൈനർ ജയദേവൻ ചക്കാടത്തും, സൗണ്ട് മിക്സിങ് നിർവഹിച്ച എം.ആർ. രാജകൃഷ്ണനും കയ്യടി അർഹിക്കുന്നു. വയസായ അമ്മയുടെ കാലിൽ മകൻ കുഴമ്പിട്ടു കൊടുക്കുന്ന രംഗത്തിൽ അമ്മയും മകനും കൂടിയുള്ള സ്വാഭാവിക സംഭാഷണത്തിൽപോലും അവിടെ ഇല്ലാത്ത ഭീതിയുടെ അന്തരീക്ഷം കടന്നുവന്നത് ശബ്ദവിഭാഗത്തിന്റെ മികവിനുദാഹരണമാണ്. മനുഷ്യനേത്രത്തിന് പ്രാപ്യമായ, ഇരുട്ടിലെ തെളിച്ചമില്ലാത്ത കാഴ്ചകൾ അതുപോലെ ക്യാമറയിൽ ഒപ്പിയെടുക്കാൻ ശ്രദ്ധിച്ച ക്യാമറാമാൻ ഷെഹ്നാദ് ജലാൽ ആണ് സാങ്കേതിക സംഘത്തിലെ മറ്റൊരു വമ്പൻ. ഹൊററിന്റെ വിവിധ തലങ്ങൾക്കനുസൃതമായി ഫ്രയിമിന്റെ സഞ്ചാരം നിർണയിക്കുന്നതിലും അദ്ദേഹം പ്രത്യേക ശ്രദ്ധ നൽകി.
മലയാള സിനിമയെ പാൻ-ഇന്ത്യക്കും പുറമേ 'യൂണിവേഴ്സാലിറ്റി'യിലേക്ക് കൈപിടിച്ച് നടത്തുന്ന ചിത്രങ്ങളുടെ നിരയിലേക്ക് ലോകയ്ക്ക് പിന്നാലെയിതാ ഒരു പേര് കൂടി 'ഡീയസ് ഈറേ'.
