ദിലീപിന്റെ മടങ്ങി വരവിന് ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ചിത്രമാണ് രാമലീല. സച്ചിയുടെ തിരക്കഥയിൽ അരുൺ ഗോപി സംവിധാനം ചെയ്ത സിനിമയിൽ ദിലീപ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ ജന്മവാർഷിക ദിനത്തിൽ സച്ചിയുടെ പേരിൽ ഒരു നിർമ്മാണ സംരംഭം ആരംഭിക്കുകയാണ് ദിലീപ്. സച്ചി ക്രിയേഷൻസ് എന്ന സംരംഭം തുടങ്ങിക്കൊണ്ട് ദിലീപ് കുറിക്കുന്ന വാക്കുകൾ ഇങ്ങനെ:
നമസ്ക്കാരം എല്ലാവർക്കും എന്റെ ക്രിസ്തുമസ് ആശംസകൾ.
ഡിസംബർ 25 എന്നെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത കൂടിയുള്ള ദിവസമാണ്. എന്റെ പ്രിയ സുഹൃത്തും, തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ജന്മദിനം കൂടിയാണ്. അദ്ദേഹത്തിന്റെ ഒരുപാട് ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സ്വന്തമായി ഒരു സിനിമ നിർമ്മിക്കണമെന്നത്. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. നിർഭാഗ്യവശാൽ ഇന്ന് സച്ചി നമ്മോടൊപ്പം ഇല്ല. അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തുന്നതിനും,
ആഗ്രഹപൂർത്തീകരണത്തിനും വേണ്ടി ഇന്ന് ഞാനൊരു ബാനർ അനൗൺസ്‌മെന്റ് നടത്തുകയാണ് 'സച്ചി ക്രിയേഷൻസ്'. ഈ ബാനറിലൂടെ നല്ല സിനിമകൾ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിന് നിങ്ങളുടെ എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു." ദിലീപ് കുറിച്ചു.