അവസാന നിമിഷം വരെയും തന്റെ പ്രിയപ്പെട്ട 'ശ്രീനി'ക്കൊപ്പം സത്യൻ അന്തിക്കാട് ഉണ്ടായിരുന്നു. പതിറ്റാണ്ടുകളോളം മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത തിരക്കഥകൾ പിറന്ന ആ വിരലുകൾക്കായി, തന്റെ കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പും പേനയും നൽകിക്കൊണ്ട് സത്യൻ നടത്തിയ വിടവാങ്ങൽ കണ്ടുനിന്നവരുടെയെല്ലാം കണ്ണ് നിറയിക്കുന്നതായിരുന്നു. ധ്യാൻ ശ്രീനിവാസനാണ് സത്യൻ അന്തിക്കാടിന്റെ കയ്യിൽ പേനയും പേപ്പറും നൽകിയത്.
സംസ്ഥാന ബഹുമതികളോടെ നടന്ന സംസ്കാര ചടങ്ങിൽ സിനിമാ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പിൽ ഞായറാഴ്ച 12 മണിയോടെയാണ് ഭൗതികദേഹം സംസ്‌കരിച്ചത്. മകൻ വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ പകർന്നത്.
advertisement
ശനിയാഴ്ച രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഡയാലിസിസിനായി കൊച്ചി അമൃത ആശുപത്രിയിലേക്ക് പോകുന്നതിനിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. വിവിധ രോഗങ്ങളെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.
