പൈലറ്റായ അദ്ദേഹം കടങ്ങൾ വീട്ടാനാണ് എഴുത്തിലേക്ക് തിരിഞ്ഞത്. ഇരുപതോളം നോവലുകളുടെ 7 കോടിയോളം കോപ്പികൾ ലോകമെമ്പാടും വിറ്റഴിക്കപ്പെട്ടു. ആഴത്തിൽ ഗവേഷണം ചെയ്തതും കൂലിപ്പട്ടാളക്കാർ, ചാരന്മാർ, വില്ലന്മാർ എന്നിവർ തമ്മിലുള്ള പവർ ഗെയിമുകൾ ഉൾപ്പെടുന്ന കൃത്യമായ സ്പൈ ത്രില്ലറുകളുടെ ഒരു സവിശേഷ ശൈലി "ദ ഡേ ഓഫ് ദ ജക്കാൾ", "ദ ഒഡെസ ഫയൽ" തുടങ്ങിയ ബെസ്റ്റ് സെല്ലറുകളിലൂടെ ഫോർസിത്ത് രൂപപ്പെടുത്തി.
തന്റെ ലോകയാത്രാ ജീവിതത്തിൽ നിന്ന് കഥകൾക്ക് പ്രചോദനം ഉൾക്കൊണ്ട അദ്ദേഹത്തിന്റെ നോവലുകളിൽ വിദേശ ലേഖകനെന്ന നിലയിലുള്ള ആദ്യകാല ജോലിയും നൈജീരിയ, ദക്ഷിണാഫ്രിക്ക, മുൻ കിഴക്കൻ ജർമ്മനി, റൊഡേഷ്യ എന്നിവിടങ്ങളിലെ ബ്രിട്ടന്റെ ചാരസംഘടനയിലെ സേവനവും തെളിഞ്ഞുവന്നു.
advertisement
പണം ആവശ്യമായി വന്നപ്പോൾ 31 വയസ്സുള്ളപ്പോൾ റിപ്പോർട്ടിംഗിൽ നിന്നും ഇടവേള എടുത്ത് അദ്ദേഹം ആദ്യ നോവൽ എഴുതി എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
വേഗത്തിൽ പണം സമ്പാദിക്കുന്നതിന് നിരവധി മാർഗങ്ങളുണ്ട്, പക്ഷേ പൊതുവായി നോക്കുമ്പോൾ ഒരു നോവൽ എഴുതുന്നത് ഒരു ബാങ്ക് കൊള്ളയടിക്കുന്നതിലും വളരെ താഴെ അധ്വാനം മതി എന്നതായിരുന്നു അദ്ദേഹത്തിൻ്റെ വിലയിരുത്തൽ.
വലതുപക്ഷ തീവ്രവാദികൾ ഫ്രഞ്ച് പ്രസിഡന്റ് ചാൾസ് ഡി ഗല്ലിനെതിരെ നടത്തിയ വധശ്രമത്തെക്കുറിച്ചുള്ള "ദ ഡേ ഓഫ് ദ ജക്കാൾ" വെറും 35 ദിവസം കൊണ്ടാണ് അദ്ദേഹം എഴുതിയത്. 1971ൽ പുറത്തുവന്നപ്പോൾ നോവൽ വൻവിജയമായി.
ഈ നോവൽ പിന്നീട് ഒരു സിനിമയാക്കി മാറ്റുകയും സ്വയം പ്രഖ്യാപിത വിപ്ലവകാരിയായ കാർലോസ് ദി ജക്കാളിന് പ്രതിനായകന്റെ വിളിപ്പേര് നൽകുകയും ചെയ്തു.
1988ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ ആഗസ്റ്റ് 1 ന് ദ ഡേ ഓഫ് ജക്കാൾ എന്ന കൃതിയുമായി സാമ്യമുണ്ട്. അഴിമതി വിരുദ്ധനും ആദർശ ശുദ്ധിയുള്ളവനുമായ മുഖ്യമന്ത്രി (സുകുമാരൻ )യെ വധിക്കാൻ രാഷ്ട്രീയ എതിരാളികൾ ഏർപ്പെടുത്തിയ വാടകക്കൊലയാളിയെ (ക്യാപ്റ്റൻ രാജു ) പൊലീസ് ഉദ്യോഗസ്ഥൻ ( മമ്മൂട്ടി ) സ്വാതന്ത്ര്യ ദിന പരേഡിൽ വക വരുത്തുന്നതാണ് ഇതിന്റെ ഇതിവൃത്തം.
1988 ജൂലൈ 21 ന് പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ക്ലൈമാക്സ് 1987 ജൂലൈ 30ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ ശ്രീലങ്കയിൽ ഗാഡ് ഓഫ് ഓണറിൽ വെച്ച് ഒരു സുരക്ഷ ഉദ്യോഗസ്‌ഥൻ വധിക്കാൻ ശ്രമിച്ചതുമായി വളരെ സാമ്യമുള്ളതാണ്.
സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിനു തിരക്കഥ എഴുതിയത് എസ്എൻ സ്വാമി ആണ്. വൻ വിജയം നേടിയ ഒരു സിബിഐ ഡയറിക്കുറിപ്പിനു തൊട്ടു പിന്നാലെ വന്ന ചിത്രം കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും വലിയ വിജയമായി. ഇതിന്റെ രണ്ടാം ഭാഗമായിരുന്നു എസ്എൻ സ്വാമി എഴുതി മമ്മൂട്ടി നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത് 2011 മാർച്ചിൽ പുറത്തിറങ്ങിയ ആഗസ്റ്റ് 15 എന്ന ചിത്രം.
എന്നാൽ കേരളവുമായി നേരിട്ട് ഒരു പരാമർശവും അദ്ദേഹം നടത്തിയിരുന്നു. 2006ല്‍ ഇറങ്ങിയ അദ്ദേഹത്തിന്റെ ‘അഫ്ഗാന്‍’ എന്ന നോവലിലെ ഒരു പരാമർശം വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ‘കേരളം ഒരുകാലത്ത് കമ്യൂണിസത്തിന്റെ വിളനിലമായിരുന്ന ഇടം ഇപ്പോള്‍ ഇസ്‌ലാമിക തീവ്രവാദത്തെ വരവേൽക്കുന്ന നാടായി’ എന്നായിരുന്നു ഫോര്‍സിത് വിശേഷിപ്പിച്ചത്.
സെപ്റ്റംബർ 11നേക്കാള്‍ കടുപ്പമേറിയ ഒരു ആക്രമണം അല്‍ഖായിദ നടത്തുമെന്ന വിവരം അമേരിക്കയുടെയും ഇംഗ്ലണ്ടിന്റെയും ചാര ഏജന്‍സികൾക്ക് കിട്ടുന്നതും അവർ അതിനെ പിന്തുടരുന്നതുമാണ് നോവലിന്റെ ഉള്ളടക്കം. ട്രിനിഡാഡിൽ പ്രവർത്തിക്കുന്ന ചാവേര്‍ സംഘടനയാണ് എട്ട് പ്രമുഖ രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുക്കുന്ന ‘ജി എട്ട്’ ഉച്ചകോടിക്കു വേദിയായ കപ്പല്‍ സ്ഫോടനത്തിലൂടെ തകര്‍ക്കാൻ ശ്രമിക്കുന്നത്. അൽ ഇസ്‌ലാമീൻ എന്ന സംഘടനയിൽ അംഗങ്ങളായി രണ്ട് മലയാളികളെ കൊണ്ടു വരുന്നതിലൂടെയായിരുന്നു ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുമ്പ് ഫോര്‍സിത് കേരളത്തെക്കുറിച്ച് പരാമർശം നടത്തിയത്.
ഫോർസിത്തിന്റെ പതിനെട്ടാമത്തെ നോവലായ "ദി ഫോക്സ്" 2018-ലാണ് പ്രസിദ്ധീകരിച്ചത്. ഫോർസിത്തിന്റെ പോസ്റ്റ്-കോൾഡ് വാർ ത്രില്ലറുകൾ അപകടം നിറഞ്ഞ ഇതിവൃത്തങ്ങൾ ആണ് കൈകാര്യം ചെയ്തത്.ഒടുവിൽ അദ്ദേഹത്തിന്റെ അപകടകരമായ ഗവേഷണ യാത്രകൾ അവസാനിപ്പിക്കാൻ ഭാര്യ ആവശ്യപ്പെട്ടു.
യഥാർത്ഥ ജീവിത ചാരൻ -
ബ്രിട്ടീഷ് ഇന്റലിജൻസുമായുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ആത്മകഥയിൽ വെളിപ്പെടുത്തലുകളും ഉണ്ടായിരുന്നു.
1967 നും 1970 നും ഇടയിൽ ആഭ്യന്തരയുദ്ധം നടന്ന നൈജീരിയയിൽ 1968-ൽ MI6-ൽ നിന്നും ക്ഷണം കിട്ടിയതായി ഫോർസിത്ത് വെളിപ്പെടുത്തി.
അവിടെയായിരിക്കുമ്പോൾ, ഫോർസിത്ത് സ്ഥിതിഗതികൾ റിപ്പോർട്ട് ചെയ്ത് വിവിധ കാരണങ്ങളാൽ മാധ്യമങ്ങളിൽ പുറത്തുവരാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് അറിവ് നൽകുകയും ചെയ്തു.
1973-ൽ കമ്മ്യൂണിസ്റ്റ് കിഴക്കൻ ജർമ്മനിയിൽ MI6-ന് വേണ്ടി ഒരു ദൗത്യം നടത്താൻ ഫോർസിത്തിനോട് ആവശ്യപ്പെട്ടു. MI6 ഒരിക്കലും തനിക്ക് പണം നൽകിയിട്ടില്ലെന്നും പകരം പുസ്തക ഗവേഷണത്തിന് സഹായം ലഭിച്ചതായും എഴുത്തുകാരൻ അവകാശപ്പെട്ടു, സെൻസിറ്റീവ് വിവരങ്ങൾ വെളിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ഡ്രാഫ്റ്റ് പേജുകൾ സമർപ്പിച്ചു.
പിൽക്കാലത്ത് ഫോർസിത്ത് ബ്രിട്ടീഷ് രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ തിരിച്ചു, യൂറോപ്യൻ യൂണിയൻ വിരുദ്ധ ഡെയ്‌ലി എക്സ്പ്രസ് പത്രത്തിൽ ഒരു ഡെയ്‌ലി കോളം എഴുതി.
തീവ്രവാദ വിരുദ്ധ വിഷയങ്ങൾ, സൈനിക കാര്യങ്ങൾ, വിദേശനയം എന്നിവയെക്കുറിച്ചും ലേഖനങ്ങൾ എഴുതി.
എഴുത്തിൽ വിജയമായിരുന്നെങ്കിലും, അത് തന്റെ ആദ്യ ഇഷ്ടമായിരുന്നില്ലെന്ന് അദ്ദേഹം തന്റെ ഓർമ്മക്കുറിപ്പുകളിൽ സമ്മതിച്ചു.
"കുട്ടിയായിരിക്കുമ്പോൾ, എനിക്ക് വിമാനങ്ങളോട് അമിതമായ അഭിനിവേശമുണ്ടായിരുന്നു. അങ്ങനെ ഒരു പൈലറ്റ് ആകാൻ മാത്രമേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളൂ," അദ്ദേഹം പറഞ്ഞു.
തെക്കൻ ഇംഗ്ലണ്ടിലെ ആഷ്ഫോർഡിൽ 1938 ഓഗസ്റ്റ് 25 ന് ജനിച്ച അദ്ദേഹം 1961 ൽ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയിൽ ചേരുന്നതിന് മുമ്പ് റോയൽ എയർഫോഴ്‌സ് പൈലറ്റായി പരിശീലനം നേടി. പിന്നീട് ബിബിസിയിൽ ജോലി ചെയ്തു.
എന്നാൽ " ഡേ ഓഫ് ദ് ജക്കാൾ " എഴുതിയതിനുശേഷം ജീവിതം മറ്റൊരു പാതയിലേക്ക് പറന്നു.
"എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് എന്റെ പ്രസാധകൻ എന്നോട് പറഞ്ഞു എനിക്ക് നന്നായി കഥ പറയാൻ കഴിയുമെന്ന്. അങ്ങനെ കഴിഞ്ഞ നാൽപ്പത്തിയഞ്ച് വർഷമായി ഞാൻ അത് തന്നെ ചെയ്യുന്നു," അദ്ദേഹം ആത്മകഥയിൽ പറയുന്നു.