എന്നാല്‍, ഇതിനിടയില്‍ ബ്രിട്ടീഷുകാരെയും കൊളോണിയല്‍ സാമ്രാജ്യത്തെയും ധീരതയോടെ എതിര്‍ത്ത ധീരനായ ഒരു ഇന്ത്യക്കാരന്റെ ജീവിതം ആളുകളുടെ ഓര്‍മയില്‍ നിന്ന് ഏറെക്കുറെ മാഞ്ഞുപോയിരിക്കുകയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായിരുന്ന ഏക മലയാളി പാലക്കാട് മങ്കര സ്വദേശി സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരാണ് ഈ വ്യക്തി.
തികഞ്ഞ ദേശീയവാദിയും അഭിഭാഷകനും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനുമായിരുന്ന ശങ്കരന്‍ നായര്‍ പഞ്ചാബിലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് ശേഷം ബ്രിട്ടീഷ് സര്‍ക്കാരിനെ കോടതി കയറ്റി അവരുടെ ക്രൂരത എന്താണ് തുറന്നുകാട്ടി.അദ്ദേഹത്തിന്റെ ധീരത കൊളോണിയല്‍ ശക്തികേന്ദ്രത്തിന്റെ അടിത്തറ ഇളക്കി. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞു പോകവേ അദ്ദേഹത്തെ നാട് മറന്നു. അടുത്ത് റീലീസ് ആകുന്ന ബോളിവുഡ് സിനിമ കേസരി ചാപ്റ്റര്‍ 2വില്‍ ധീരനായ അഭിഭാഷകനായും സ്വാതന്ത്ര്യ സമരസേനാനിയുമായ ശങ്കരന്‍ നായരെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുക.
advertisement
സ്വാതന്ത്ര്യസമരകാലത്ത് നീതിക്കുവേണ്ടിയുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ ശങ്കരന്‍ നായര്‍ നിര്‍ണായ പങ്കുവഹിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് വളരെക്കുറിച്ച് മാത്രമെ ആളുകൾക്ക് പരിചയമുള്ളൂ. മദ്രാസ് പ്രസിഡൻസിയിൽപെട്ട മങ്കരയിൽ 1857 ജൂലൈ 11 ന് ജനിച്ചു. ബ്രിട്ടീഷ് സർക്കാരിൽ തഹസിൽദാരായിരുന്ന ഗുരുവായൂർ മമ്മായിൽ രാമുണ്ണിപ്പണിക്കരും ചേറ്റൂർ പാർവ്വതിയമ്മയുമായിരുന്നു മാതാപിതാക്കൾ. അഭിഭാഷകനായും പൊതുപ്രവര്‍ത്തകനായും തിളങ്ങിയ അദ്ദേഹം 1880ല്‍ മദ്രാസ് ഹൈക്കോടതിയിലാണ് പ്രാക്ടീസ് തുടങ്ങിയത്. ഇതിന് ശേഷം മലബാര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ അന്വേഷിക്കുന്ന ഒരു സമിതിയില്‍ അദ്ദേഹം അംഗമായി. അഭിഭാഷകനായിരിക്കെ അസാധാരണമായ പ്രകടനം കാഴ്ചവെച്ച അദ്ദേഹം വൈകാതെ തന്നെ അഡ്വക്കേറ്റ് ജനറലായും ഒടുവില്‍ ജഡ്ജിയായും നിയമിതനായി. 1897 ൽ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1908ല്‍ മദ്രാസ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിതനായി. 1915 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു.
1919ലെ ജാലിയാന്‍വാലാബാഗ് കൂട്ടക്കൊല എല്ലാം മാറ്റി മറിച്ചു. ആ സമയം ശങ്കരന്‍ നായര്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. വൈസ്രോയിയുടെ എക്‌സിക്യുട്ടിവ് കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനായിരുന്നു അദ്ദേഹം. അത് വലിയൊരു പദവിയായിരുന്നു. ക്രൂരമായ കൂട്ടക്കൊല അദ്ദേഹത്തെ അസ്വസ്ഥമാക്കി. ബ്രിട്ടീഷ് സര്‍ക്കാരിന്റെ നടപടികളെ അദ്ദേഹം എതിര്‍ത്തു. അവര്‍ക്കെതിരേ പരസ്യമായി സംസാരിച്ച അദ്ദേഹം പ്രതിഷേധ സൂചകമായി തന്റെ സർ പദവി രാജി വയ്ക്കുകയും ചെയ്തു. ഈ നടപടി ബ്രിട്ടീഷ് അധികാരികളെ അത്ഭുതപ്പെടുത്തുകയും ലജ്ജിപ്പിക്കുകയും ചെയ്തു.
1922ല്‍ അദ്ദേഹം 'ഗാന്ധിയും അരാജകത്വവും' എന്ന പേരില്‍ ഒരു പുസ്തകം എഴുതി. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്കിടെ പഞ്ചാബിലെ ലെഫ്റ്റന്റ് ഗവര്‍ണറായിരുന്ന മൈക്കല്‍ ഡയറിനെ ഈ പുസ്തകത്തില്‍ അദ്ദേഹം വിമര്‍ശിച്ചു. ഇതിന് പിന്നാലെ സ്ഥാനഭ്രഷ്‌നാക്കപ്പെട്ട ഡയര്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങി ശങ്കരന്‍ നായര്‍ക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ലണ്ടനിലെ ഹൈക്കോടതിയിൽ നടന്ന പോരാട്ടമാണ് കേസരി ചാപ്റ്റല്‍ 2വില്‍.
ഭാര്യ ലേഡി ശങ്കരൻ നായർ എന്ന പാലാട്ട് കുഞ്ഞിമാളു അമ്മ. ദമ്പതികൾക്ക് അഞ്ച് പെണ്മക്കളും ഒരു മകനും.
1934 മാർച്ച് മാസത്തിലുണ്ടായ ഒരു കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അദ്ദേഹം ഏപ്രിൽ 24-ന് അന്തരിച്ചു.കരണ്‍ സിംഗ് ത്യാഗി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 18ന് റിലീസ് ചെയ്യും. അക്ഷയ് കുമാറിന് പുറമെ മാധവന്‍, അനന്യ പാണ്ഡെ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്