ബി. ത്യാഗരാജൻ എന്നയാളാണ് ഹർജി നൽകിയിരിക്കുന്നത്. ചിത്രത്തിൽ തന്റെ മുത്തച്ഛനും പ്രശസ്ത നടനുമായ എം.കെ.ടി ത്യാഗരാജ ഭാഗവതരെ "തെറ്റായ സ്വഭാവമുള്ളവനായും" ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ ദാരിദ്ര്യത്തിലും അന്ധതയിലുമായി കഴിഞ്ഞ വ്യക്തിയായും ചിത്രീകരിച്ചിരിക്കുന്നുവെന്ന് ഹർജിക്കാരൻ ആരോപിച്ചു. ഈ ചിത്രീകരണം വസ്തുതാപരമായി തെറ്റാണെന്നും അദ്ദേഹത്തിന്റെ യശസ്സിന് കോട്ടം വരുത്തുന്നതാണെന്നും ബി.ത്യാഗരാജൻ വ്യക്തമാക്കി. 1959-ൽ മരിക്കുന്നതുവരെ ഭാഗവതർ ബഹുമാന്യനായ വ്യക്തിയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയുടെ അണിയറ പ്രവർത്തകർ ഭാഗവതരുടെ നിയമപരമായ അവകാശികളിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. ചിത്രത്തിന്റെ റിലീസ്, വിതരണം, ഭാവിയിലെ സ്ട്രീമിംഗ് അവകാശങ്ങൾ എന്നിവയ്ക്ക് സ്ഥിരം വിലക്ക് ഏർപ്പെടുത്തണമെന്നും അപകീർത്തിപ്പെടുത്തലിനും വ്യക്തിപരമായ അവകാശലംഘനത്തിനും നടപടി എടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
'കാന്ത'യുടെ നിർമ്മാണ ടീം ഇതുവരെ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ, ചിത്രം പൂർണ്ണമായും സാങ്കൽപ്പികമാണെന്നും യഥാർത്ഥ ജീവിതത്തിലെ ഒരു വ്യക്തിയെയും അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ദുൽഖർ സൽമാൻ മുൻപ് അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. നവംബര്‍ 18 ന് ഈ വിഷയത്തില്‍ കോടതി വാദം കേള്‍ക്കും. ചിത്രം നവംബര്‍ 14 ന് ആഗോള റിലീസായി എത്താന്‍ ഇരിക്കെയാണ് ഈ കേസ് തടസ്സമായി വന്നത്.
സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന 'കാന്ത' ദുൽഖർ സൽമാൻ, റാണ ദഗ്ഗുബാട്ടി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിയമപരമായ പ്രശ്‌നങ്ങൾ നേരിടുന്നത് ദുൽഖർ സൽമാന് ഇത് ആദ്യത്തെ സംഭവമല്ല.
