മുതിർന്ന നടൻ ധർമ്മേന്ദ്രയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ധർമേന്ദ്രയുടെ വിയോഗം ഇന്ത്യൻ സിനിമയിലെ ഒരു യുഗത്തിന്റെ അന്ത്യമാണ് കുറിക്കുന്നതെന്ന് പ്രധാനമന്ത്രി എക്സിൽ എഴുതി. ധർമേന്ദ്ര ഇന്ത്യൻ സിനിമയിലെ ഇതിഹാസ തുല്യനായ വ്യക്തിത്വമാണെന്നും അവതരിപ്പിച്ച ഓരോ കഥാപാത്രത്തിനും ആകർഷകത്വവും ആഴവും നൽകിയ പ്രതിഭാധനനായ നടനായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹം വൈവിധ്യമാർന്ന വേഷങ്ങൾ കൈകാര്യം ചെയ്ത രീതി എണ്ണമറ്റ ആളുകളുടെ ഹൃദയങ്ങളെ സ്പർശിച്ചുവെന്നും മോദി എക്സിൽ എഴുതി.
advertisement
സിനിമയിലെ പ്രകടനത്തിന് മാത്രമല്ല അദ്ദേഹത്തിന്റെ ലാളിത്യവും വിനയവും സൗഹൃദപരമായ പെരുമാറ്റവും ഒരുപോലെ പ്രശംസിക്കപ്പെട്ടിരുന്നുവെന്നും മോദി കുറച്ചു. നടന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എണ്ണമറ്റ ആരാധകർക്കും പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ദുഖകരമായ ഈ വേളയിൽ തന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കുമൊപ്പമുണ്ടെന്നും മോദി പറഞ്ഞു..
ധർമ്മേന്ദ്രയുടെ മരണത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും അനുശോചനം രേഖപ്പെടുത്തി. ധർമേന്ദ്രയുടെ വിയോഗം ഇന്ത്യൻ സിനിമയുടെ വലിയ നഷ്ടമെന്ന് രാഷ്ട്രപതി പറഞ്ഞു. മുതിർന്ന നടനും മുൻ എംപിയുമായ ധർമേന്ദ്ര തന്റെ കാലഘട്ടത്തിലെ ഏറ്റവും ജനപ്രിയ വ്യക്തികളിൽ ഒരാളായിരുന്നുവെന്നും പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ എണ്ണമറ്റ അവിസ്മരണീയ പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ടെന്നും രാഷ്ട്രപതി അനുസ്മരിച്ചു.
