ടിക്കറ്റെടുത്തിട്ടും പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയവര്‍ നിങ്ങളുടെ പരാതിക്കൊപ്പം ടിക്കറ്റിന്‍റെ പകര്‍പ്പും മെയില്‍ ചെയ്യണമെന്നും ഞങ്ങളുടെ ടീം എത്രയും വേഗം ഇതിന്‍റെ പരിഹാരം കാണുമെന്നും എ.ആര്‍ റഹ്മാന്‍ എക്സില്‍ കുറിച്ചിരുന്നു.
എന്നാല്‍ പരിപാടിക്കെത്തിയ സ്ത്രീകള്‍ക്ക് നേരെ ലൈംഗീകാതിക്രമം ഉണ്ടായെന്ന ആരോപണങ്ങളോട് ഓസ്കാര്‍ അവാര്‍ഡ് ജേതാവായ എ.ആര്‍ റഹ്മാന്‍ പ്രതികരിക്കാത്തതിലുള്ള അമര്‍ഷം ആരാധകര്‍ മറച്ചുവെച്ചില്ല. വിഷയത്തില്‍ റഹ്മാനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പരന്നു.
‘ശരിക്കും ഇത് റഹ്മാന്‍ തന്നെ എഴുതിയതാണോ ?, അദ്ദേഹത്തിന്‍റെ പ്രതികരണം സന്ദർഭത്തിന് യോജിക്കാത്തതും അപ്രസക്തവുമാണെന്ന് തോന്നുന്നു’ എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് ചില ആരാധകര്‍ പങ്കുവെച്ചത്. പരിപാടി തീര്‍ത്തും ഭയപ്പെടുത്തുന്നതാണ്, എ.ആര്‍ റഹ്മാന്‍റെ സംഗീതം ഏറെ ഇഷ്ടമാണ് എന്നാല്‍ അദ്ദേഹത്തില്‍ നിന്ന് ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്ന് മറ്റൊരു റെഡിറ്റ് ഉപഭോക്താവ് കുറിച്ചു.
തീര്‍ച്ചയായും വിഷയത്തില്‍ സംഘാടകര്‍ക്കുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് അവര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല. എന്നാല്‍ എ.ആര്‍ റഹ്മാന്‍റെ പേരില്‍ നടന്ന ഒരു ഷോയില്‍ ഉണ്ടായ അതിക്രമങ്ങളില്‍ അദ്ദേഹവും മറുപടി പറയാന്‍ ബാധ്യസ്ഥനാണെന്നു ആരാധകര്‍ ചൂണ്ടിക്കാട്ടി.
‘അദ്ദേഹത്തിന് എന്താണ് സംഭവിച്ചത്.. ആരാണ് ഇങ്ങനെ പ്രതികരിക്കുക. പുരുഷന്മാര്‍ കാരണം സ്ത്രീകള്‍ക്ക് ഇത്തരം കോണ്‍സേര്‍ട്ടുകളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല.അവർ അക്ഷരാർത്ഥത്തിൽ ഞങ്ങളെ വീട്ടിലിരുത്താന്‍ ആഗ്രഹിക്കുന്നു, പക്ഷേ ഞങ്ങൾ സ്വന്തം വീട്ടിൽ പോലും സുരക്ഷിതരല്ല. എ.ആര്‍ റഹ്മാന്‍റെ- ഈ പ്രതികരണം എന്താണ്?’- ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് എഴുതി.
തിരക്ക് മൂലം പരിപാടിയില്‍ തുടര്‍ന്ന് പങ്കെടുക്കാന്‍ കഴിയാതെ വന്ന താന്‍ അവിടെ കണ്ട ഒരാളോട് പുറത്തേക്കുള്ള വഴി ചോദിച്ചു. അയാളെ ഞാന്‍ ചേട്ടാ എന്നാണ് വിളിച്ചത്. തൊട്ടടുത്ത നിമിഷം അയാളുടെ കൈ എന്‍റെ മാറിടത്തില്‍ അമരുന്നതായാണ് എനിക്ക് മനസിലായത്. ഞാന്‍ ആകെ മരവിച്ച് പോയി, എനിക്ക് അനങ്ങാന്‍ കഴിയുമായിരുന്നില്ല. എനിക്ക് ഒരിക്കലും മറികടക്കാൻ കഴിയാത്ത ഭയാനകവും ആഘാതകരവുമായ ഒരു അനുഭവമായിരുന്നു അതെന്ന് പരാതിക്കാരിയായ യുവതി വിശദീകരിച്ചു.
അതേസമയം ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ റഹ്മാൻ വിഷയത്തെ കുറിച്ച് പ്രതികരിച്ചു, ‘ഇപ്പോൾ ഞങ്ങൾ വളരെ അസ്വസ്ഥരാണ്. പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും ഉള്ളതിനാൽ സുരക്ഷയായിരുന്നു പ്രധാന പ്രശ്നം. ആരുടെയും നേരെ വിരൽ ചൂണ്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ നഗരം വികസിക്കുകയാണെന്നും സംഗീതവും കലയും ആസ്വദിക്കാനുള്ള ആളുകളുടെ അഭിനിവേശം വികസിക്കുകയാണെന്നും നാം തിരിച്ചറിയണം’- റഹ്മാന്‍ പറഞ്ഞു.