ഒരു സകലകലാ വല്ലഭനായാണ് കലാ ലോകത്ത് മണിയെ അടയാളപ്പെടുത്തിയിരുന്നത്. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവ്. നാടന്‍ പാട്ടുകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരനായി. തൊണ്ണൂറുകളിൽ സ്റ്റേജ് ഷോകളില്‍ മണിയുടെ തകർപ്പൻ പ്രകടനമാണ് സദസിനെ ആസ്വദിപ്പിച്ചിരുന്നത്. പിന്നീട് സിനിമയിൽ എത്തിയപ്പോഴും അദ്ദേഹം പ്രേക്ഷകരുടെ പ്രിയതാരമായി മാറി.
1971 ജനുവരി ഒന്നിന് ചാലക്കുടി ചേന്നത്തുനാട് കുന്നിശ്ശേരി വീട്ടിൽ പരേതരായ രാമന്റെയും അമ്മിണിയുടെയും മകനായാണ് കലാഭവൻ മണിയുടെ ജനനം. രാമൻ-അമ്മിണി ദമ്പതികളുടെ ഏഴ് മക്കളിൽ ആറാമനായിരുന്നു മണി. പരേതനായ വേലായുധൻ, രാമകൃഷ്ണൻ, ശാന്ത, തങ്കമണി, ലീല, അമ്മിണി എന്നിവരായിരുന്നു സഹോദരങ്ങൾ. കടുത്ത ദാരിദ്ര്യത്തിലാണ് മണി തന്റെ ബാല്യകാലം ചെലവഴിച്ചത്. അച്ചന്‍റെ തുച്ഛമായ വരുമാനം വീട്ടിലെ വിശപ്പകറ്റിയില്ല. ഇതേത്തുടർന്ന് സഹോദരൻമാരെ പോലെ മണിയും ഓരോ ജോലികൾ ചെയ്യാൻ തുടങ്ങി. ചെത്തുകാരനായും, മണൽവാരൽ തൊഴിലാളിയായും ഓട്ടോറിക്ഷാ ഡ്രൈവരായും ജീവിതത്തിൽ അദ്ദേഹം പല പല വേഷങ്ങൾ കെട്ടി.
advertisement
അതിനിടെയാണ് കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെ കലാരംഗത്ത് സജീവമായത്. ജയറാം, ദിലീപ്, നാദിർഷാ, സലിം കുമാർ തുടങ്ങിയ പിൽക്കാലത്തെ പ്രശസ്തർ പലരും കലാഭവനിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ഇവർ ഒരുപാട് വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 1995-ൽ സിബി മലയിൽ സംവിധാനം ചെയ്ത 'അക്ഷരം' എന്ന ചിത്രത്തിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം ചെയ്തുകൊണ്ടാണ് മണി ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ സുന്ദർദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടർന്ന്, നായകനായും വില്ലനായും സഹനടനായും ഹാസ്യതാരമായുമെല്ലാം അദ്ദേഹം ചിത്രങ്ങളിൽ തിളങ്ങി.
തുടക്കത്തിൽ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് എത്തി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി. 2009-ലെ നെഹ്രുട്രോഫി വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടന്റെ അമരക്കാരനായും ഇദ്ദേഹം ശ്രദ്ധേയനായി.
കലാഭവൻ മണിയെ തേടി എത്തിയ പുരസ്ക്കാരങ്ങൾ
ദേശീയ ചലച്ചിത്രപുരസ്കാരം
2000 - പ്രത്യേക ജൂറി പുരസ്കാരം : 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും '
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
1999- പ്രത്യേക ജൂറി പുരസ്കാരം : 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും '
ഫിലിംഫെയർ അവാർഡ്
2002- മികച്ച വില്ലൻ ( തമിഴ് ) ജെമിനി
ഏഷ്യ നെറ്റ് ഫിലിം അവാർഡ്
1999- മികച്ച നടൻ : 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും '
2007 - മികച്ച വില്ലൻ കഥാപാത്രം : ചോട്ടാ മുംബൈ
വനിതാ-ചന്ദ്രിക അവാർഡ്
2008-മികച്ച വില്ലൻ കഥാപാത്രം : ചോട്ടാ മുംബൈ
2014- ഭരത് ഗോപി ഫൌണ്ടേഷൻ പുരസ്ക്കാരം
മരണവും ദുരൂഹതയും
ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും സിനിമയിലും കലാരംഗത്തും സജീവമായി നിൽക്കുമ്പോഴാണ് 2016 മാർച്ച് ആറിന് തികച്ചും അപ്രതീക്ഷിതമായി കലാഭവൻ മണി മരണപ്പെടുന്നത്. മരിയ്ക്കുമ്പോൾ 45 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ പ്രായം. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കേ ആയിരുന്നു അന്ത്യം. എന്നാൽ അദ്ദേഹത്തിന്‍റെ ശരീരത്തിൽ മാരകമായ വിഷാംശം കണ്ടെത്തിയതോടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നു. വിഷമദ്യം കുടിച്ചതാകാം മരണത്തിന് ഇടയാക്കിയതെന്നും അഭ്യൂഹമുയർന്നു. സഹോദരൻ ഉൾപ്പടെ കുടുംബാംഗങ്ങൾ കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തി. ഇതോടെ മണിയുടെ സുഹൃത്തുക്കളും അഭിനേതാക്കളുമായ തരികിട സാബു, ജാഫർ ഇടുക്കി എന്നിവരിൽനിന്ന് പൊലീസ് മൊഴിയെടുക്കുകയും ചെയ്തു.
Also Read- കലാഭവന്‍ മണിയുടെ മരണം; ഏഴു സുഹൃത്തുക്കളുടെ നുണ പരിശോധനയ്ക്ക് കോടതി അനുമതി
മണി മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് (മാർച്ച് 4) അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ഗസ്റ്റ് ഹൗസായ പാഡിയിൽ ഒരു മദ്യവിരുന്ന് നടന്നിരുന്നു. അതിൽ മണിയുടെ സഹായികളും അദ്ദേഹത്തിന്റെ നാട്ടുകാരുമടക്കം മുപ്പതോളം ആളുകളുണ്ടായിരുന്നു. വൈകീട്ട് അഞ്ചുമണിയ്ക്ക് പാഡിയിൽ തുടങ്ങിയ മദ്യവിരുന്നിലേയ്ക്ക് ഏഴുമണിയോടെയാണ് സാബുവും ജാഫറും എത്തിയിരുന്നു. രാത്രി പതിനൊന്നുമണിയ്ക്ക് സാബുവും പിന്നീട് ജാഫറും അവിടെ നിന്ന് പോയി. അതിനുശേഷം പിറ്റേന്ന് രാവിലെയോടെയാണ് മണിയുടെ ആരോഗ്യനില ഗുരുതരമായത്. പിറ്റേദിവസം വൈകിട്ടോടെ അമൃത ആശുപത്രിയിൽവെച്ച് ഹൃദയാഘാതത്തെ തുടർന്ന് കലാഭവൻ മണിയുടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. അന്വേഷണം പിന്നീട് സിബിഐ ഏറ്റെടുത്തെങ്കിലും മരണത്തിൽ ദുരൂഹത കണ്ടെത്താനായില്ല.