ഹേമന്ത് ജി. നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസൻ എന്നിവർ നായകവേഷം അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കുറച്ചു ദിവസങ്ങൾക്കു മുൻപ് ശശി തരൂർ എം.പി. റിലീസ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഇതേപേരിൽ പുസ്തകം രചിച്ച എൻ.എസ്. മാധവൻ തന്റെ പ്രതിഷേധം ട്വീറ്റിൽ രേഖപ്പെടുത്തിയത്.
“മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്. തലമുറകൾ സ്‌കൂളിൽ പഠിച്ച എന്റെ കഥയെ ആസ്പദമാക്കി ഒരു സിനിമയ്ക്ക് പേരിടാനുള്ള എന്റെ അവകാശം എടുത്തുകളയുകയാണ് ഈ ചിത്രം. മറ്റൊരു ഭാഷയിലെയും എഴുത്തുകാരനും എന്റെ ദുരവസ്ഥ ഉണ്ടാവരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു,” മാധവൻ ട്വീറ്റ് ചെയ്തു.
ശീർഷകത്തിന് കഥയുമായി സാമ്യമുണ്ടെങ്കിലും ചിത്രത്തിന് ഇതുമായി യാതൊരു ബന്ധവുമില്ല എന്ന് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയ ഹേമന്ത് പറഞ്ഞു. അദ്ദേഹം പറയുന്നതനുസരിച്ച്, 2020 ലാണ് ചിത്രം ആരംഭിച്ചത്. “മലയാള സിനിമയിലെ നിരവധി മുൻനിര താരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ലോഞ്ച്. കൂടാതെ ചിത്രത്തിന്റെ ടൈറ്റിൽ, താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പിന്നെ എന്തിനാണ് ഇപ്പോൾ വിഷയം ഉയർത്തുന്നത്? ഹിഗ്വിറ്റ എന്നത് ഒരു കളിക്കാരന്റെ പേരാണ്. പേരിന്റെ ഉടമസ്ഥാവകാശം അവകാശപ്പെടുന്നത് ഒരു കഥയിൽ മെസ്സിയുടെ പേര് ഉപയോഗിക്കുകയും അത് എന്റെ ഉടമസ്ഥതയിലാണെന്ന് പറയുകയും ചെയ്യുന്നതുപോലെയാണ്,” എന്നായിരുന്നു സംവിധായകന്റെ ആദ്യ പ്രതികരണം.
താൻ ആരാധിക്കുന്ന എഴുത്തുകാരനാണ് മാധവൻ എന്നും ‘ലന്തൻബത്തേരിയിലെ ലുത്തിനിയകൾ’ പോലെയുള്ള അദ്ദേഹത്തിന്റെ കഥകളുടെ തലക്കെട്ടുകൾ താൻ ഉപയോഗിച്ചിരുന്നെങ്കിൽ വിമർശനത്തിന് കാരണമുണ്ടെന്നും ഹേമന്ത് പറഞ്ഞു.