'കൊറഗജ്ജ' എന്ന സിനിമയുടെ സംഗീതം വെറും രാഗങ്ങളുടെ സമന്വയമല്ല, മറിച്ച് ഒരു പ്രത്യേക സംസ്‌കാരത്തിന്റെ ആവിഷ്കാരമാണ്. ഈ ചിത്രത്തിന് സംഗീതം ഒരുക്കാനായതിന്റെ വളരെയധികം സന്തോഷം ഉണ്ടെന്നും അത്രമേൽ പ്രിയപ്പെട്ടതാണെന്നും സിനിമയുടെ സംഗീതസംവിധായകൻ ഗോപി സുന്ദർ കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. സംവിധായകൻ സുധീർ അത്താവറും കൂടെ ഉണ്ടായിരുന്നു.
ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കാൻ പ്രമുഖ ഓഡിയോ കമ്പനികൾ മത്സരരംഗത്തുണ്ട് എന്ന് അണിയറപ്രവർത്തകർ.
"ഇത് ഒരു സാധാരണ അച്ഛൻ-മകൾ കഥയല്ല, മറിച്ച് സിനിമയുടെ പശ്ചാത്തലം, അവിടത്തെ വിശ്വാസങ്ങളും സംസ്കാരവും മനസ്സിലാക്കാൻ ഏറെ ഗവേഷണം വേണമായിരുന്നു. അതിനാൽ സംഗീതം ഒരുക്കാൻ കൂടുതൽ സമയം വേണ്ടി വന്നു. ഞാൻ സമയമെടുത്ത് പഠിച്ചു രചിച്ച ട്യൂണുകൾ സംവിധായകനും ടീമിനും ഇഷ്ടമായത് എന്നെ ഏറെ സന്തോഷിപ്പിച്ചു,"
advertisement
"ഗോപിയുടെ സംഗീതം കേട്ടപ്പോൾ അദ്ഭുതം തോന്നി. അതിന്റെ ഗൗരവം, ഗാംഭീര്യം അപ്രതീക്ഷിതമായിരുന്നു," എന്ന് സംവിധായകൻ സുധീർ അത്താവർ.
'കൊറഗജ്ജ' എന്ന സിനിമ എന്നെ പുതിയൊരു സംഗീതപ്രതിഭാസം പരീക്ഷിക്കാൻ പ്രേരിപ്പിച്ചു. ഈ സിനിമയുടെ വിഷയം കൊണ്ട് വ്യത്യസ്തവും ആകർഷകവുമായ സംഗീതപരീക്ഷണങ്ങൾ പരീക്ഷിക്കാൻ കഴിഞ്ഞു. ഇതിന്റെ സംഗീതത്തിൽ അസാധാരണമായ ഗൗരവവും ആഴവുമുണ്ട്. അതിനാൽ തന്നെ ഇത് എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണെന്ന് ഗോപി സുന്ദർ പറഞ്ഞു.
'പുലിമുരുകൻ' എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതം ഓസ്കർ നോമിനേഷനിലേക്ക് തെരഞ്ഞെടുത്തെങ്കിലും അന്തിമഘട്ടത്തിൽ വിജയിക്കാനായില്ല. എന്നാല്‍ 'കൊറഗജ്ജ' എന്ന ചിത്രത്തിന് അതിലും ഉന്നത നിലവാരമുള്ള സംഗീതം ഒരുക്കിയതിന്റെ ആത്മവിശ്വാസമുണ്ട്," എന്ന് സംവിധായകൻ കൂട്ടി ചേർത്തു.
ത്രിവിക്രം സപല്യയുടെ സക്സസ് ഫിലിംസും ത്രിവിക്രം സിനിമാസും ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ ആറ് ഗാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, സുനീധി ചൗഹാൻ, ജാവേദ് അലി, ഷാരോൻ പ്രഭാകർ, അർമാൻ മാലിക്, സ്വരൂപ് ഖാൻ തുടങ്ങിയ പ്രമുഖ ഗായകർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
ശങ്കർ മഹാദേവൻ ആലപിച്ച ഗാനത്തിൽ 'രാവണേശ്വര' രചിച്ച ശിവതാണ്ടവ സ്തോത്രത്തിലെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ, കരുവാളി തീരത്തെ 'ഗുളിഗ' ദൈവത്തെ ആസ്പദമാക്കിയുള്ള ഗാനം ജാവേദ് അലി ആലപിച്ചിരിക്കുന്നു. റെക്കോർഡിംഗിനുശേഷം അതിന്റെ ആഴമുള്ള പ്രഭാവം അദ്ദേഹത്തിനുതന്നെ അദ്ഭുതം തോന്നിച്ചതായി സംവിധായകൻ പ്രസ് മീറ്റിൽ പങ്കുവച്ചു.
ചിത്രത്തിലെ ഗാനങ്ങൾ മൂന്നും നാലും ഭാഷകളിൽ സുധീർ അത്താവർ രചിച്ചിരിക്കുന്നു. വ്യത്യസ്തത നിറഞ്ഞ ഗാനങ്ങൾ, ഭാഷാപരമായ പരിമിതികൾ മറികടന്ന് മികച്ച സംഗീതാനുഭവം നൽകുമെന്ന് സംഗീത സംവിധായകൻ ഗോപി സുന്ദർ പറഞ്ഞു.
ചിത്രത്തിന്റെ ഓഡിയോ റൈറ്റ് സ്വന്തമാക്കാൻ മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലെ പ്രമുഖ ഓഡിയോ കമ്പനികൾ മത്സരം നടത്തുകയാണെന്ന് നിർമാതാവ് ത്രിവിക്രം സപല്യ അറിയിച്ചു.