സ്റ്റേജ് പ്രകടനം, കലോത്സവം, റിയാലിറ്റി ഷോ പരമ്പരകളുടെ പിൻഗാമിയായ സോഷ്യൽ മീഡിയയിലൂടെ ജനപ്രീതി നേടിയ ഗായകനാണ് ഈ മലപ്പുറംകാരൻ യുവാവ്. ഹൈസ്‌കൂൾ മാഷിന്റെ മകനായ ഹനാൻ ഷാ, കുട്ടിക്കാലത്ത് ശാസ്ത്രീയ സംഗീതം അഭ്യസിച്ചിരുന്നു. ഫുട്‌ബോളും കലോത്സവും തലയ്ക്ക് പിടിച്ച ഹനാൻ ഷാ പഠിത്തത്തിൽ ഉഴപ്പിയതും പിതാവ് താൻ പഠിപ്പിച്ച സ്‌കൂളിലേക്ക് മകനെ മാറ്റി. എന്നിട്ടും തരക്കേടില്ലാതെ പഠിച്ചു എന്ന് മാത്രം. അധ്യാപകന്റെ മകൻ എന്ന പേര് നിലനിർത്തണം എന്നതായിരുന്നു പ്രധാനം. പ്ലസ് ടു വരെ പാട്ടും കലയും നിലച്ചു.
advertisement
അധ്യാപകകുടുംബത്തിലെ ഇളമുറക്കാരൻ ആ പരമ്പര തുടരണം എന്ന ആഗ്രഹമായിരുന്നു കുടുംബത്തിനും. ഹനാൻ ടി.ടി.സിയും ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സും പൂർത്തിയാക്കി. കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് 99 ശതമാനം മാർക്ക് വാങ്ങി പാസായി. മൂന്നു തവണ പരീക്ഷ എഴുതി, മൂന്നാംവട്ടം മിന്നും വിജയം നേടി.
ടി.ടി.സി. കാലത്ത് ഒരു പരിപാടിയിൽ പാടിയ പാട്ട് ഹനാന്റെ തലവര മാറ്റി. സുഹൃത്തുക്കൾ നൽകിയ പ്രോത്സാഹനത്തിൽ ഹനാൻ പാടി. അവർ പറഞ്ഞതുപോലെ ഇൻസ്റ്റഗ്രാം പേജ് തുടങ്ങി. കൂട്ടുകാർക്ക് തന്റെ പാട്ട് ഒരിക്കൽ കേട്ട് കഴിഞ്ഞാൽ, വീണ്ടും വീണ്ടും കേൾക്കണമെന്ന് തോന്നിയാൽ ഒരിടം. അത്രയും മാത്രമേ ഹനാൻ ഷാ ഇൻസ്റ്റഗ്രാം പേജ് ആരംഭിച്ചതുകൊണ്ടു ഉദ്ദേശിച്ചുള്ളൂ. ഏതൊരു പാട്ടും സ്വന്തം ശൈലിയിലേക്ക് മാറ്റുന്നതാണ് ഹനാൻ ഷായുടെ രീതി. പക്ഷേ ആരും മോശം പറയാൻ പാടില്ല. പിയാനോ ചെയ്തിരുന്നവരോടെല്ലാം ചോദിച്ച ശേഷമേ മാറ്റങ്ങൾ വരുത്തുള്ളൂ.
എ.ആർ. റഹ്മാന്റെ ഗാനം 'മുസ്തഫാ മുസ്തഫാ...' കഴിയുന്നതും വേഗം കുറച്ച് ഹനാൻ പാടി. റിസോർട്ടിൽ സുഹൃത്തുക്കൾക്കൊപ്പം ഒത്തുകൂടിയ വേളയിൽ ഹനാൻ ആ ഗാനം ഷൂട്ടിംഗ് നടത്തി. ക്യാമ്പ് ഫയറിന്റെ തീനാളം തെളിയുന്ന ഫ്രയിമിൽ ഹനാന്റെ മുഖവും പാട്ടും വേണമെന്നായി സുഹൃത്തുക്കൾ. പിറ്റേന്ന് തന്റെ പിറന്നാൾ സമ്മാനമായി ഫോളോവേഴ്‌സിന് കൊടുക്കാൻ ആ ഗാനം തയാറായി. റേഞ്ച് കിട്ടാൻ വയനാട്ടിലെ മലയുടെ മുകളിൽ കയറി അപ്‌ലോഡ് ചെയ്തു.
2000-3000 വ്യൂസ് കിട്ടും എന്ന് കരുതിയ സ്ഥലത്ത് 10 മണിക്കൂറിനുള്ളിൽ വ്യൂസ് ഒരുലക്ഷം കടന്നു. ചെറിയ കലാകാരൻ എന്ന നിലയിൽ എ.ആർ. റഹ്മാൻ ഈ ഗാനം കേട്ടിരുന്നെങ്കിൽ എന്ന് ഹനാനും കനവ് കണ്ടു. അയല്പക്കത്തെ ഒരാൾക്ക് റഹ്മാന്റെ മകൾ ഖദീജയുമായി ബന്ധമുണ്ടായിരുന്നു. അവർ ആ ഗാനം റഹ്മാന്റെ മകൾക്കും മകനും അയച്ചുകൊടുത്തു. അവർ അത് റീ-ഷെയർ ചെയ്യുകയുണ്ടായി. റഹ്മാൻ തന്റെ പാട്ട് കേട്ടു എന്ന പ്രതികരണം ഹനാൻ ഷായുടെ മനസ് നിറച്ചു.
ഗാനം ഐ.ജി.ടിവിയിൽ വൺ മില്യൺ വ്യൂസ് തികച്ചു. താൻ പോലും അറിയാതെ അപർണ ബാലമുരളി, അഹാന കൃഷ്ണ ഹനാൻ പിന്തുണച്ചു. പത്തുപേർ കേൾക്കുന്ന പ്ലാറ്റ്‌ഫോമിൽ പാടണം എന്നാഗ്രഹിച്ച ഹനാൻ ഷായുടെ ശബ്ദം ഇന്ന് യുവത്വത്തിന്റെ ഹരമാണ്.
ചിറാപൂഞ്ചി മഴയത്ത്... എന്ന ഗാനവും ഹനാൻ ഷായ്ക്ക് ആരാധകവൃന്ദം നേടിക്കൊടുത്ത ഗാനമായിരുന്നു. അടുത്തിടെ ഇറങ്ങിയ 'ലോക: ചാപ്റ്റർ വൺ ചന്ദ്ര'യിൽ ഹനാൻ ആലപിച്ച 'നീയേ പുഞ്ചിരി...' മറ്റൊരു ഹിറ്റ് ഗാനമായി മാറി.
