അനുരാഗിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് നടിമാരായ തപ്സി പന്നു, രാധിക ആപ്തേ, സംവിധായകരായ ഹൻസൽ മേഹ്ത, വസൻ ബാല, നടി ടിസ്ക ചോപ്ര, സർവീൻ ചൗള, അനുരാഗ് കശ്യപിന്റെ മുൻ ഭാര്യ എന്നിവർ രംഗത്തെത്തിയത്.
താൻ കണ്ട ഏറ്റവും വലിയ ഫെമിനിസ്റ്റ് എന്നാണ് തപ്സി പന്നു സംവിധായകനെ കുറിച്ച് പറഞ്ഞത്. രാധിക ആപ്തേയും അനുരാഗിന് പിന്തുണ നൽകി. കൂടെ ജോലി ചെയ്യുന്ന സ്ത്രീകളെ തുല്യരായും ബഹുമാനത്തോടെയും കാണുന്ന സംവിധായകനാണ് കശ്യപ് എന്ന് രാധിക ആപ്തേ പറഞ്ഞു.
കശ്യപിനെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്ന സൂചനയാണ് ഹൻസൽ മേഹ്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്. അഭിപ്രായം തുറന്നു പറയുന്ന കലാകാരന്റെ വായ മൂടാനുള്ള ശ്രമമാണിതെന്നും മെഹ്ത ട്വീറ്റിൽ പറയുന്നു. എതിരഭിപ്രായം പറയുന്നവരെ നിരന്തരം ആക്രമിക്കുന്ന രീതി എങ്ങോട്ടേക്കാണ് നമ്മെ കൊണ്ടെത്തിക്കുക എന്നും അദ്ദേഹം ചോദിക്കുന്നു.
തനിക്ക് അറിയുന്ന അനുരാഗ് കശ്യപ് ഇത്തരം ഒരു പ്രവർത്തി ചെയ്യില്ലെന്നും മെഹ്ത വ്യക്തമാക്കി. 1996 മുതൽ അനുരാഗ് കശ്യപിനെ തനിക്ക് അറിയാം. അഭിപ്രായങ്ങൾ തുറന്നു പറയാൻ മടിയില്ലാത്തയാളാണ് അദ്ദേഹം. സൗഹൃദത്തിലും സിനിമയിലും ആത്മാർത്ഥ നൽകുന്നയാളാണ്. അദ്ദേഹം പരുക്കനെന്നും വിവേകശൂന്യനെന്നും വിളിക്കാം. എന്നാൽ ഒരിക്കലും ലൈംഗിക പീഡകൻ ആവില്ല.
തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ അനുരാഗ് കശ്യപ് ശ്രമിച്ചുവെന്നാണ് പായൽ ഘോഷിന്റെ ആരോപണം. ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടാണ് പായൽ ഘോഷ് ആരോപണം ഉന്നയിച്ചത്. പായൽ ഘോഷിന് പിന്തുണയുമായി കങ്കണ റണൗത്തും രംഗത്തെത്തിയിരുന്നു. അടുത്തിടെ അനുരാഗ് കശ്യപും കങ്കണ റണൗത്തും തമ്മിൽ ട്വിറ്ററിൽ വലിയ വാക് പോര് നടന്നിരുന്നു.
തന്നെ നിശ്ശബ്ദനാക്കാനുള്ള ഒരു മാർഗം മാത്രമാണ് പായൽ ഘോഷിന്റെ ആരോപണമെന്നാണ് അനുരാഗ് കശ്യപിന്റെ പ്രതികരണം. ഒരു വലിയ സംഘം വനിതകൾക്കൊപ്പം താൻ പ്രവർത്തിച്ചിട്ടുണ്ട്. ഇതുവരെ നിരവധി നടിമാരുമായും സഹകരിച്ചിട്ടുണ്ട്. ഇതുവരെ പരിചയപ്പെട്ട എല്ലാ സ്ത്രീകളോടും സ്നേഹത്തോടും ബഹുമാനത്തോടെയും കൂടി മാത്രമേ ഒറ്റയ്ക്കും പരസ്യമായും പെരുമാറിയിട്ടുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.