ഇന്നും എത്ര തവണ ഈ ചിത്രം ടി.വി.യിൽ പ്രദർശിപ്പിച്ചാലും മണിച്ചിത്രത്താഴിന്റെ ആരാധകർക്ക് വീണ്ടും വീണ്ടും കാണാൻ ഒരു മടിയുമുണ്ടാവില്ല. അത്രയേറെ മനസ്സിനെ ആഴത്തിൽ സ്പർശിച്ച ചിത്രമാകും മണിച്ചിത്രത്താഴ്.
എന്നാൽ എത്രവട്ടം കണ്ടവർക്കും കുറെയേറെ പുതുമ ഉള്ളിൽ നിറച്ച ചിത്രമാണ് ഇത്. ഈ സിനിമ കണ്ട നിങ്ങൾ ആരും തന്നെ ഇനിപ്പറയുന്ന കാര്യങ്ങൾ കണ്ടിരിക്കാൻ സാധ്യതയില്ല. അല്ലെങ്കിൽ ശ്രദ്ധിച്ചിരിക്കാൻ ഇടയില്ല.
സിനിമയിൽ സുരേഷ് ഗോപിയുടെയും ഇന്നസെന്റിന്റെയും തൊഴിൽ എന്തെന്നെറിയാമോ? ഗംഗ എങ്ങനെയാണ് അടുക്കളയിലെ കുടം രാത്രിയിൽ എറിഞ്ഞുടയ്ക്കുന്നത് എന്നോ? രാമനാഥനോട് നാഗവല്ലി അല്ലാതാവുന്ന സമയം ഗംഗയ്‌ക്ക് പ്രണയമുണ്ടായിട്ടുണ്ടോ? ഇങ്ങനെ ഒട്ടേറെ തെളിവുകൾ ശേഷിപ്പിച്ച സിനിമയിലെ നുറുങ്ങുകൾ ചേർത്തൊരു വീഡിയോ ഇതാ പുറത്തുവന്നിരിക്കുന്നു.
advertisement
ഈ വീഡിയോ കണ്ടാൽ നിങ്ങൾ ശ്രദ്ധിക്കാതെ പോയ 34 രഹസ്യങ്ങൾ സിനിമയിൽ ഉള്ളതായി മനസ്സിലാവും. (വീഡിയോ ചുവടെ)
കാൽനൂറ്റാണ്ട് പിന്നിടുന്ന മണിച്ചിത്രത്താഴ്
സംവിധായകൻ ഫാസിലിന്‍റെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് 1993 ഡിസംബറിൽ റിലീസ് ചെയ്ത മണിച്ചിത്രത്താഴ്. തമാശയും പേടിപ്പെടുത്തുന്ന രംഗങ്ങളും ഒരുമിച്ചെത്തിയ ചിത്രം. ഗംഗ നാഗവല്ലിയാകുന്നതും നാഗവല്ലിയുടെ മുഖവും പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിലകൊള്ളുന്നു.
സൈക്കോളജിക്കൽ ഹൊറർ എന്ന വിഭാഗത്തിൽ ഒരു സിനിമ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ നിന്നുമാണ് ചിത്രം അഭ്രപാളികളിലെത്തിയത്. സ്ഥിരം പ്രേത, ബാധ-ഒഴിപ്പിക്കൽ പ്രമേയത്തിൽ നിന്നും മനഃശാസ്ത്രത്തിന്റെ പരിസരങ്ങളിലേക്ക് ഒരു കഥയെ കൂട്ടിക്കൊണ്ടു പോകാൻ നടത്തിയ വിജയകരമായ ശ്രമമായാണ് മണിച്ചിത്രത്താഴ് എക്കാലവും ഓർക്കപ്പെടുക.
മധു മുട്ടത്തിന്റെ തിരക്കഥയിൽ ഫാസിൽ അണിയിച്ചൊരുക്കിയ ചിത്രമാണിത്. സ്വർഗ്ഗചിത്ര അപ്പച്ചനായിരുന്നു നിർമ്മാണം. പ്രിയദർശൻ, സിദ്ധിഖ് ലാൽ, സിബി മലയിൽ എന്നിവർ ഈ ചിത്രത്തിന് സെക്കന്റ് യൂണിറ്റ് ഡയറ്കടർമാരായി എന്നതും ഒരു പ്രത്യേകതയാണ്. മുഖ്യഛായാഗ്രാഹകനായി വേണു എത്തിയപ്പോൾ, സെക്കന്റ് യൂണിറ്റിൽ ആനന്ദക്കുട്ടനും സണ്ണി ജോസഫും ക്യാമറ കൈകാര്യം ചെയ്‌തു. ഗംഗയും നാഗവല്ലിയുമായി സ്‌ക്രീനിലെത്തിയ ശോഭന ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടി.
മണിച്ചിത്രത്താഴ് സീരിയൽ ആകുമ്പോൾ...
27 വർഷങ്ങൾക്കിപ്പുറം, മലയാളത്തിൽ സൂപ്പർഹിറ്റായ ഒരു ചിത്രത്തിന് സീരിയൽ ഭാഷ്യമൊരുങ്ങുന്നു. ഭാവചിത്ര ജയകുമാറാണ് മണിച്ചിത്രത്താഴിന് സീരിയൽ ഭാഷ്യം ഒരുക്കുന്നത്. ചിങ്ങം ഒന്നിനായിരുന്നു പ്രഖ്യാപനം. കുറേക്കാലമായി ഈ പ്രൊജക്ടിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളിൽ ചിത്രീകരണം ആരംഭിക്കാൻ ഇനിയും കടമ്പകൾ ഏറെയുണ്ട്. കൊൽക്കത്ത, തഞ്ചാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിക്കേണ്ടതുണ്ട്. മലയാളികളുടെ ചോരയിലലിഞ്ഞ ചിത്രമാണ് മണിച്ചിത്രത്താഴെന്നു ജയകുമാർ. ഈ ചിത്രത്തിന് ശേഷം എന്ത് എന്ന ചിന്തയിലാണ് ഈ ഉദ്യമമെന്നും അദ്ദേഹം പറയുന്നു.
മോഹൻലാൽ, സുരേഷ് ഗോപി, ശോഭന എന്നിവർ തകർത്തഭിനയിച്ച സിനിമ സീരിയൽ ആവുമ്പോൾ ആരൊക്കെയാവും ആ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്ന കാത്തിരിപ്പ് കുറച്ചുകൂടി നീളും.
