TRENDING:

Happy Birthday Adoor Gopalakrishnan| എട്ട് മുതൽ എൺപതുവരെ; അടൂർ ഗോപാലകൃഷ്ണന്റെ കലാജീവിതം

Last Updated:

അക്കിത്തത്തിന്റെയും സുഗതകുമാരിയുടേയും കവിതകളെ കേവല കക്ഷിരാഷ്ട്രീയത്തിന്റെ പേരിൽ ഇകഴ്ത്തിയവർ തന്നെയാണ് അടൂർ എന്ന കലാകാരനേയും അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. കലയേയും കലാകാരനേയും മനസ്സിലാക്കാൻ മലയാളി ഇനിയും നിലത്തെഴുത്തു കളരിയിൽ പഠനം തുടങ്ങേണ്ടി വരും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അടൂർ ഗോപാലകൃഷ്ണനെ എങ്ങനെ വിശേഷിപ്പിക്കും? ആ ചോദ്യത്തിന് മലയാളം എന്നൊരു ഭാഷയുണ്ടെന്ന് ലോകത്തെ അറിയിച്ചയാൾ എന്നായിരിക്കും ഏറ്റവും ലളിതമായ ഉത്തരം. മറ്റൊരു വ്യക്തിക്കും വേറൊരു കലാരൂപത്തിനും ആഗോള സദസ്സിനു മുന്നിൽ മലയാളത്തെ ഇങ്ങനെ എടുത്തുവയ്ക്കാൻ കഴിഞ്ഞിട്ടില്ല. കഥകളിയും മോഹിനിയാട്ടവും കളരിപ്പയറ്റുമൊക്കെ ചെന്നവതരിപ്പിക്കപ്പെട്ട സദസ്സുകളിലെ ഇരുനൂറോ അഞ്ഞൂറോ ആളുകളിൽ ഒതുങ്ങിയെങ്കിൽ അടൂർ സിനിമകൾ തേടിവന്നു കണ്ടവരാണ് ആഗോള ആസ്വാദകർ. എൺപതാം പിറന്നാൾ ദിനത്തിൽ ആ ബഹുമതിയാണ് മലയാളം അടൂരിനു നൽകുന്ന അശീതീ അഭിഷേകം.
അടൂർ ഗോപാലകൃഷ്ണൻ
അടൂർ ഗോപാലകൃഷ്ണൻ
advertisement

സ്വയംവരിച്ച നിമിഷം

സ്വയംവരത്തിന്റെ ഇൻട്രോ. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായിരുന്നു അങ്ങനെ ഒരു തുടക്കം. ഇഴയുന്ന സിനിമയെന്നൊക്കെ ഇന്ന് വിശേഷിപ്പിക്കുമ്പോൾ എഴുപതുകളുടെ തുടക്കത്തിൽ അതിന് എന്തൊരു വേഗമായിരുന്നു. ക്യാമറ പ്രേക്ഷകന്റെ കണ്ണാണ് എന്ന് മലയാളിയെ ആദ്യമായി പഠിപ്പിച്ചത് ആ തുടക്കസീനുകളായിരുന്നു. ഓടുന്ന ബസ്സിലേക്കു നോക്കുന്ന ഒരാളുടെ കണ്ണ് ആദ്യം പോകുന്നത് ഡ്രൈവറിലേക്കായിരിക്കും. അടുത്തത് കുട്ടികൾ ഉണ്ടെങ്കിൽ അവരിലേക്ക്. ബസിന്റെ ജാലകത്തിലേക്കു കുതിക്കാൻ തുടങ്ങുന്ന കുഞ്ഞിനെ വാൽസല്യത്തോടെ ചേർത്തണയ്ക്കുന്ന അമ്മ. പിന്നെ, രണ്ടുകുട്ടികൾക്കൊപ്പമിരിക്കുമ്പോഴും അനുരാഗത്തിന്റെ കുസൃതിച്ചിരി പരസ്പരം നൽകുന്ന ദമ്പതികൾ. പിൻസീറ്റിൽ എപ്പോഴും ജീവിതസമ്മർദ്ദങ്ങളാൽ വലിഞ്ഞുമുറുകിയ മുഖവുമായി ചില പുരുഷന്മാർ ഉണ്ടാകും.

advertisement

രവിവർമ്മ അടിക്കടി മാറ്റിക്കൊണ്ടിരിക്കുന്ന ക്യാമറയുടെ അസാധാരണ ആങ്കിളുകൾ കണ്ട് കണ്ണുനിറയുമ്പോഴേക്ക് സ്‌ക്രീനിൽ വരും ആ പേര്. തിരക്കഥ, സംവിധാനം: അടൂർ ഗോപാലകൃഷ്ണൻ. അപ്പോൾ ശാരദയുടെ തോളിലേക്ക് മധു കൈ എടുത്തുവച്ചിട്ടുണ്ടാകും. രണ്ടരലക്ഷം രൂപയ്ക്ക് ചിത്രലേഖ സഹകരണ സംഘം നിർമിച്ച ആ സിനിമയാണ് മലയാളി പ്രേക്ഷകന്റെ കാഴ്ചകളെ പരിഷ്‌കരിച്ചത്. നാലു ദേശീയ പുരസ്‌കാരങ്ങൾ നൽകി രാജ്യം ആ സിനിമയെ സ്വയം വരിച്ചു.

അതിൽ മധുവിന്റെ നായകൻ മരിക്കുന്ന ദൃശ്യം കണ്ട് ലോകം മരവിച്ചു നിന്നു. മുകളിലെ ക്യാമറയിലേക്കു നോക്കി ചെറുചെറു മൂളലുകളുമായി മരണത്തിലേക്കു പോകുന്ന നായകൻ. ആ കാഴ്ച മുഴുവൻ പ്രതിഫലിക്കുന്ന നായികയുടെ മുഖം. പിന്നെ തൂങ്ങിക്കിടക്കുന്ന തൊട്ടിലിനടുത്ത് വെറും നിലത്തു കിടക്കുകയാണ് നായിക. സ്വന്തം കുടുംബത്തിലൊരാൾ മരിച്ചതുപോലെ കണ്ടവർ കണ്ടവർ വിറങ്ങലിച്ചു നിന്ന ദൃശ്യം. സ്വയംവരം മലയാള സിനിമയെ മാത്രമല്ല ഇന്ത്യൻ സിനിമയെ തന്നെ പരിഷ്‌കരിക്കുകയായിരുന്നു.

advertisement

ശരിക്കുള്ള മലയാളി നായകർ

മലയാളി പുരുഷൻ ആരാണെന്ന് ലോകം അറിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ധാരാവിയിൽ നിന്നു പറിച്ചുനട്ട നായകസങ്കൽപങ്ങൾ വരുന്നതിനൊക്കെ മുൻപായിരുന്നു അത്. കൊടിയേറ്റത്തിന്റെ തിരക്കഥ കേട്ടെഴുതാൻ അടൂരിന്റെ അടുത്ത് എത്തിയതാണ് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥനായ ഗോപി. എഴുത്തുപൂർത്തിയായപ്പോൾ അടൂർ നടത്തിയ സാഹസികമായ പ്രഖ്യാപനമായിരുന്നു ഗോപിയെ നായകനാക്കാനുള്ള തീരുമാനം. പെണ്ണുകാണാൻ പോകുന്ന വീട്ടിലിരുന്ന് ഉറങ്ങിപ്പോവുകയും ചെളിതെറിപ്പിച്ചു പോകുന്ന വണ്ടിയെ നോക്കി എന്തൊരു വേഗം എന്നു പറയുകയും ചെയ്യുന്ന നാട്ടിൻപുറത്തുകാരന് ഗോപിയുടെ മുഖമല്ലാതെ മറ്റെന്തു ചേരും?

advertisement

എട്ടാം വയസ്സിൽ സ്‌കൂൾ നാടകത്തിൽ സ്ത്രീവേഷങ്ങളിലൂടെ തുടങ്ങിയതാണ് അടൂരിന്റെ ജീവിതം പകർത്തൽ. സഹപാഠികൾക്കൊപ്പം സ്‌കൂളിൽ വച്ചുതന്നെ ആർഎൻജി എന്ന നാടകക്കമ്പനി ഉണ്ടാക്കിയ അടൂർ ഒരു ഭാവിസംവിധായകനൊപ്പം ഭാവിസംഘാടകൻ കൂടിയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ചിത്രലേഖ എന്ന ആദ്യത്തെ ഫിലിം സൊസൈറ്റിയുമായി സിനിമ കാണാൻ മലയാളിയെ പഠിപ്പിച്ചയാളുടെ വരവറിയിപ്പ്. കൈനിക്കര കുമാരപിള്ളയുടെ നാടകത്തിലെ യൂദാസിന് അഭിനയമല്ല അഭിനയിപ്പിക്കലാണ് വഴി എന്ന് അന്നേ അറിയാമായിരുന്നു.

മധുര ഗാന്ധിഗ്രാമിൽ ജി ശങ്കരപ്പിള്ളയുടെ കീഴിൽ കിട്ടിയ നാടകപാഠങ്ങളുമായി അടൂർ പോയത് നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമയിലേക്കാണ്. ഹിന്ദി വഴങ്ങാത്തതിനാൽ നടത്തിയ ചൂതാട്ടമായിരുന്നു പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രവേശന പരീക്ഷ. ബിരുദം പൂർത്തിയാക്കാത്ത ഡിപ്ലോമ മാത്രമുള്ള അടൂർ പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കോടെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിശാലമായ ആർക്കൈവുകളിലേക്ക് ആനയിക്കപ്പെട്ടു.

advertisement

ഇതല്ലേ ജീവിതത്തിന്റെ വേഗം?

അടൂരിന്റെ ചലച്ചിത്രങ്ങൾക്കു വേഗമില്ലെന്നു പറയുന്നവർക്കുള്ള ഉത്തരമായിരുന്നു എലിപ്പത്തായം. മലയാളി പ്രമാണിയുടെ അലസതയ്ക്ക് ഇതിൽകൂടുതൽ എന്തുവേഗം? മലയാളി സ്ത്രീകളുടെ പരക്കംപാച്ചിലുകൾക്ക് ഇതിലപ്പുറം വേഗം എവിടെ കിട്ടാൻ? മുറ്റത്തെ തെങ്ങിൻതൈ പൈക്കിടാവു തിന്നുമ്പോഴും അലസതയോടെ 'രാജമ്മേ...' എന്നു വിളിക്കുന്ന ആ പുരുഷനെ ഇതിലും വേഗത്തിൽ എങ്ങനെ അവതരിപ്പിക്കാനാണ്. കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകൾ സംഭാഷണം കൊണ്ടല്ല ക്യാമറകൊണ്ടാണ് അടൂർ പറഞ്ഞത്. അന്നൊന്നും അങ്ങനെ കഥപറയുന്ന മറ്റാരും ഉണ്ടായിരുന്നില്ല മലയാള സിനിമയിൽ.

മതിലുകൾ പോലൊരു കഥ വായിച്ച് അതെങ്ങനെ മുഴുവൻ സമയ സിനിമയാകും എന്ന് അന്തംവിട്ടവർക്കുള്ള മറുപടിയായിരുന്നു ആ കഥയിലെ അടൂർ ഇടപെടലുകൾ. മമ്മൂട്ടിയുടെ ബഷീർ കെപിഎസി ലളിതയുടെ നാരായണീശബ്ദം കേൾക്കുന്ന ആ നിമിഷം തന്നെ കാഴ്ചക്കാരും പ്രണയം ആരംഭിച്ചിട്ടുണ്ടാകും. മമ്മൂട്ടിയുടെ നായികയായി കെപിഎസി ലളിതയെ ആലോചിക്കാൻ കഴിയാതിരുന്ന കാലത്താണ് ആ ശബ്ദത്തെ മലയാളി പ്രണയിക്കാൻ തുടങ്ങിയത്.

വിധേയനിലേക്കെത്തുമ്പോൾ ഏതായിരിക്കും ഏറ്റവും ഉള്ളുലയ്ക്കുന്ന ദൃശ്യം? തൂങ്ങിനിൽക്കുന്ന കാലുകൾക്കു പിന്നിൽ നിന്ന് മമ്മൂട്ടി ഇറങ്ങിവരുന്നത്; കാലുകൾ ചേർത്തുപിടിച്ച് ഗോപകുമാർ കരയുന്നത്; ആ സമയത്ത് പിന്നിൽ നിന്നു വരുന്ന നേർത്തൊരു വെളിച്ചമുണ്ട്. ഒരു തേങ്ങൽപോലെ കണ്ടിരിക്കുന്നവരുടെ എല്ലാം ഉള്ളിലേക്ക് അതങ്ങനെ പെയ്യുകയാണ്.

ആഗോള സിനിമയിലും ഇന്ത്യൻ സിനിമയിലും പിന്നെ എന്തൊക്കെ മാറ്റങ്ങളുണ്ടായി. സർഗാത്മകതയിൽ മലയാള സിനിമ രാജ്യത്തിനു തന്നെ വഴികാട്ടി ആയി. എത്രയെത്ര തലമുറ വരികയും പോവുകയും ചെയ്തു. സത്യജിത് റേയും ഋതിക് ഘട്ടക്കും മൃണാൽസെന്നുമൊക്കെ നടന്ന സിനിമയുടെ ആ കടൽത്തീരത്ത് ഇപ്പോഴും പുതിയ കാൽപ്പാടുകൾ വീഴ്ത്തുന്നുണ്ട് അടൂർ. ആ പാദധൂളികളാണ് മലയാളസിനിമയുടെ മാത്രമല്ല മലയാള ഭാഷയുടേയും ആഗോള വിലാസം. ഇഷ്ടക്കേടു തോന്നുന്ന ഏതെങ്കിലും ഒരു വാചകത്തിന്റെ പേരിലല്ല അടൂരിനെ വിലയിരുത്തേണ്ടത്. അത് ആ സിനിമകൾ കണ്ടാകണം. ഒരു നിലപാടിലെ അനിഷ്ടംകൊണ്ട് ഇല്ലാതാകേണ്ടതല്ല ആ മഹത്തായ ദൃശ്യപൈതൃകം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also Read- വിശ്വചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് ഇന്ന് 80ാം പിറന്നാൾ

മലയാളം വാർത്തകൾ/ വാർത്ത/Film/
Happy Birthday Adoor Gopalakrishnan| എട്ട് മുതൽ എൺപതുവരെ; അടൂർ ഗോപാലകൃഷ്ണന്റെ കലാജീവിതം
Open in App
Home
Video
Impact Shorts
Web Stories