2009-ൽ നടന്ന സംഭവത്തിൽ കേസെടുക്കുന്നതിന് മജിസ്‌ട്രേറ്റ് കോടതിക്കുള്ള സമയപരിധി അവസാനിച്ചു എന്ന രഞ്ജിത്തിന്റെ ഹർജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി.
'പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. പ്ലസ് ടുവിൽ പഠിക്കുമ്പോൾ 'ബാവൂട്ടിയുടെ നാമത്തിൽ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് രഞ്ജിത്തിനെ പരിചയപ്പെട്ടു. പിന്നീട് 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് നടിയുടെ പരാതി. ചർച്ചയ്ക്കിടെ കൈയ്യിൽ കയറിപ്പിടിക്കുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തുവെന്നും നടി ആരോപിച്ചു. ഇതിനെ തുടർന്ന് സിനിമയിൽ അഭിനയിക്കാതെ മടങ്ങിയെന്നും പരാതിയിൽ പറഞ്ഞിരുന്നു.
advertisement
2009-ൽ നടന്ന സംഭവത്തിൽ 2024 ഓഗസ്റ്റ് 26-നാണ് നടി പരാതി നൽകിയത്. തനിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഈ വിവാദങ്ങളെ തുടർന്ന് രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. സംഭവത്തിന് പിന്നാലെ നടിക്ക് പിന്തുണയുമായി സംവിധായകൻ ജോഷി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
