ഐവി ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് കോട്ടയം പ്രദീപ് സിനിമാജീവിതം ആരംഭിച്ചത്. 1999 ലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. നരേന്ദ്രപ്രസാദിനൊപ്പം ഒരു ചെറു വേഷമാണ് ആന്ന് അഭിനയിച്ചത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ചെറു വേഷങ്ങളിൽ അഭിനയിച്ചു. 2009 ൽ ഗൗതം മേനോന്റെ “വിണ്ണൈത്താണ്ടി വരുവായ” എന്ന ചിത്രത്തിൽ നായികയായ തൃഷയുടെ മലയാളി അമ്മാവനായി ഒരു ചെറു വേഷം ചെയ്തു. യാതൊരു പ്രതീക്ഷയുമില്ലാതെ, ഗൗതം മേനോനെ കാണുക എന്ന ആഗ്രഹവുമായി നന്ദു പൊതുവാൾ വഴി ഓഡിഷനു പോയ പ്രദീപിന് അവിചാരിതമായി നറുക്ക് വീഴുകയായിരുന്നു. അതിലെ ഡയലോഗ് ശ്രദ്ധ നേടിയതോടെ കോട്ടയം പ്രദീപിനെ തേടി അവസരങ്ങൾ വന്നെത്തി. ആ ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു. വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്തിലെ പോലീസ് കോണ്‍സ്റ്റബിളിന്റെ വേഷം ചെയ്ത ശേഷം പ്രദീപ് മലയാളത്തിലെ മിക്ക സിനിമകളുടെയും ഭാഗമായി മാറി. തമിഴിൽ രാജാ റാണി, നന്‍പനടാ തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരു വടക്കൻ സെൽഫി കുഞ്ഞിരാമായണം, തോപ്പിൽ ജോപ്പൻ തുടങ്ങി നൂറോളം സിനിമകളിൽ അഭിനയിച്ചു.
advertisement
കോട്ടയം കുമാരനല്ലൂർ സ്വദേശിയായ പ്രദീപ് ജനിച്ചതും വളര്‍ന്നതുമെല്ലാം കോട്ടയം ജില്ലയിലെ തിരുവാതുക്കലായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് യുവജനോത്സവത്തിലും സ്‌കൂള്‍ വാര്‍ഷിക പരിപാടികളിലും സജീവമായിരുന്നു. പാട്ട്, ഡാന്‍സ്, എകാങ്കനാടകം തുടങ്ങിയവയിലായിരുന്നു പ്രധാനമായും പങ്കെടുത്തിരുന്നത്. വർഷങ്ങളായി കോട്ടയം തിരുവാതുക്കൽ രാധാകൃഷ്‌ണ തീയേറ്ററിന് സമീപം താമസിച്ചിരുന്ന അദ്ദേഹം പത്താം വയസ്സിൽ എൻ എൻ പിള്ളയുടെ “ഈശ്വരൻ അറസ്റ്റിൽ” എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ചു.
Also Read- Kottayam Pradeep Passes Away| പ്രശസ്ത നടൻ കോട്ടയം പ്രദീപ് അന്തരിച്ചു
നാല്പത് വർഷമായി നാടകരംഗത്ത് സജീവമാണ്. കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂളിലും ബസേലിയസ് കോളജിലും കോപ്പറേറ്റീവ് കോളജിലുമായി പഠനം പൂര്‍ത്തിയാക്കി. 1989 മുതൽ എൽ ഐ സി ഉദ്യോഗസ്ഥനായി. പുലർച്ചെ മൂന്നരയോടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. നാലേ കാലിന് അന്ത്യം സംഭവിച്ചു എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇന്നലെ രാത്രി മുതൽ അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. തുടർന്ന് പുലർച്ചെ സുഹൃത്തിനെ വിളിച്ചാണ് ആശുപത്രിയിലേക്ക് പോയത്. ആശുപത്രിയിലെത്തുമ്പോൾ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. വൈകാതെ മരണം സംഭവിച്ചു. കോവിഡ് പരിശോധന പൂർത്തിയാക്കിയശേഷം അദ്ദേഹത്തിന്റെ മൃതദേഹം കുമാരനെല്ലൂരിലെ വസതിയിൽ എത്തിച്ചു. കോവിഡ് പരിശോധന നെഗറ്റീവായ സാഹചര്യത്തിലാണ് വേഗത്തിൽ തന്നെ മൃതദേഹം വീട്ടിലെത്തിച്ചത്. മായ ആണ് ഭാര്യ , മക്കൾ വിഷ്ണു, വൃന്ദ.