ബുധനാഴ്ച മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ എംജിഎം കാംപസിൽ നടന്ന 11ാമത് അജന്ത എല്ലോറ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (എഐഎഫ്എഫ്) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഇളയരാജയെ പത്മപാണി പുരസ്‌കാരം നൽകി ആദരിച്ചു. എഐഎഫ്എഫ് ചെയർപേഴ്‌സൺ നന്ദ്കിഷോർ കഗ്ലിവാൾ, എംജിഎം യൂണിവേഴ്‌സിറ്റി ചാൻസലർ അങ്കുഷ്‌റാവു കദം, ഓസ്‌കർ പുരസ്‌കാര ജേതാവ് റസൂൽ പൂക്കുട്ടി എന്നിവർ ചേർന്നാണ് പുരസ്‌കാരം നൽകിയത്.
സംഗീതമേഖലയിലെ തന്റെ നീണ്ട യാത്രയെയും സംഗീതത്തോടുള്ള തന്റെ അഭിനിവേശത്തെക്കുറിച്ചും അദ്ദേഹം തുറന്ന് പറഞ്ഞു. 1541 സിനിമകൾക്ക് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ടെങ്കിലും സംഗീത പഠനം തുടരാനുള്ള ആഗ്രഹമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
advertisement
''എന്റെ 1541ാമത്തെ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം പൂർത്തിയാക്കിയ ശേഷമാണ് ഞാൻ ഇപ്പോൾ ഇവിടെ എത്തിയിരിക്കുന്നത്. ഒരു പ്രത്യേക ഗാനമോ ഈണമോ എങ്ങനെയാണ് കണ്ടെത്തുന്നതെന്ന് ആളുകൾ എന്നോട് ചോദിക്കാറുണ്ട്. അപ്പോൾ ഞാൻ അവരോട് പറയും, എനിക്ക് സംഗീതമറിയില്ല. അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ജോലി ചെയ്യുന്നതെന്ന്. സംഗീതത്തെക്കുറിച്ച് എനിക്ക് എല്ലാം അറിയാമായിരുന്നുവെങ്കിൽ അതിൽ പ്രാവീണ്യം നേടിയെന്ന് കരുതി ഞാൻ വീട്ടിൽ തന്നെ ഇരിക്കുമായിരുന്നു,'' അദ്ദേഹം വ്യക്തമാക്കി.
കരിയറിലെ തുടക്കകാലം മുതൽ സംഗീത വ്യവസായത്തിൽ താൻ കണ്ട മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം ദീർഘനേരം സംസാരിച്ചു. 1968ൽ താൻ സംഗീത സംവിധാനം ആരംഭിച്ച സമയം ഓർത്തെടുത്ത അദ്ദേഹം സാങ്കേതികവിദ്യ സംഗീത നിർമാണ പ്രക്രിയയെ എങ്ങനെ മാറ്റിമറിച്ചുവെന്നും ചൂണ്ടിക്കാട്ടി. ''50 വർഷം മുമ്പ് 1968ൽ സംഗീതസംവിധാനം ആരംഭിച്ചപ്പോൾ ഈ മേഖല വ്യത്യസ്തമായിരുന്നു. കാരണം, ആ കാലത്ത് സാങ്കേതികവിദ്യ ഉണ്ടായിരുന്നില്ല. ഇന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും കീബോർഡുകളും ഉപയോഗിച്ച് സംഗീതം നിർമിക്കുന്നത് എളുപ്പമായി. ഇത് എല്ലാ വീടുകളിലും സംഗീത സംവിധായകരെ സൃഷ്ടിച്ചു,'' -രാജ്യസഭാംഗം കൂടിയായ ഇളയരാജ പറഞ്ഞു.
സാങ്കേതികവിദ്യ സൃഷ്ടിച്ച മാറ്റത്തെ സ്വീകരിച്ചിട്ടും, ഇളയരാജ പരമ്പരാഗത ശൈലിയിലുള്ള റെക്കോർഡിംഗ് രീതികൾ ഇപ്പോഴും പിന്തുടരുന്നു. തത്സമയം പ്രവർത്തിക്കുന്ന സംഗീതജ്ഞരുമായി(live musicians) താൻ തുടർന്നും പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഓരോ ഉപകരണത്തിനും ശ്രദ്ധാപൂർവം നൊട്ടേഷനുകൾ എഴുതുന്നുണ്ടെന്നും വെളിപ്പെടുത്തി. ''ഞാൻ ഇപ്പോഴും തത്സമയമുള്ള ഓർക്കസ്ട്രയിൽ പാട്ടുകൾ റെക്കോഡ് ചെയ്യുന്നു. അവർക്കായി ഓരോ ഉപകരണത്തിന്റെയും നോട്ടേഷനുകൾ എഴുതി വയ്ക്കുന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഞാൻ എതിരല്ല, പക്ഷേ സംഗീതത്തിൽ നിന്നുള്ള വികാരം ലൈവ് ഉപകരണങ്ങളിൽ നിന്ന് മാത്രമെ ഉണ്ടാകു,'' ഇളയരാജ അഭിപ്രായപ്പെട്ടു.
