തിരുവനന്തപുരത്ത് 2021 ഫെബ്രുവരി 10 മുതൽ 14 വരെയും എറണാകുളത്ത് ഫെബ്രുവരി 17 മുതൽ 21 വരെയും തലശ്ശേരിയിൽ ഫെബ്രുവരി 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് 1 മുതൽ 5 വരെയും ആണ് മേള സംഘടിപ്പിക്കുന്നത്. ഓരോ മേഖലയിലും അഞ്ചു തിയേറ്ററുകളിലായി അഞ്ചു ദിവസങ്ങളിൽ മേള നടക്കും. ഈ വർഷം മാത്രമാകും ഈ ക്രമീകരണം. അടുത്ത വർഷം മുതൽ ഐ.എഫ്.എഫ്.കെയുടെ സ്ഥിരം വേദി തുടർന്നും തിരുവനന്തപുരം തന്നെയായിരിക്കും.
advertisement
ഓരോ തിയേറ്ററിലും 200 പേർക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും ആയിരിക്കും. പൊതു പരിപാടികളോ, ആൾക്കൂട്ടം ഉണ്ടാവുന്ന സാംസ്കാരിക പരിപാടികളോ ഉണ്ടാകില്ല.
ഉദ്ഘാടന, സമാപനച്ചടങ്ങുകളിൽ പരമാവധി 200 പേരെ മാത്രമെ പങ്കെടുപ്പിക്കുകയുള്ളൂ. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വിദേശ പ്രതിനിധികളോ അതിഥികളോ മേളയിൽ നേരിട്ട് പങ്കെടുക്കില്ല.
മീറ്റ് ദി ഡയറക്ടർ, പ്രസ് മീറ്റ്, വിദേശ അതിഥികളുടെ സാന്നിധ്യം എന്നിവയെല്ലാം ഓൺലൈൻ വഴിയായിരിക്കും.
അന്താരാഷ്ട്ര മൽസര വിഭാഗം, ലോക സിനിമാ വിഭാഗം, മലയാളം സിനിമ, ഇന്ത്യൻ സിനിമ നൗ, കലൈഡോസ്കോപ്പ്, റെട്രോസ്പെക്റ്റിവ്, ഹോമേജ് തുടങ്ങി എല്ലാ വിഭാഗങ്ങളും മേളയിൽ ഉണ്ടായിരിക്കും. എല്ലാ മേഖലയിലും എല്ലാ സിനിമകളും പ്രദർശിപ്പിക്കും.
അന്താരാഷ്ട്ര മത്സര വിഭാഗം, ലോകസിനിമ വിഭാഗം എന്നിവയ്ക്ക് ഓരോ മേഖലകളിലും രണ്ട് വീതം പ്രദർശനങ്ങളും മറ്റുള്ള എല്ലാ വിഭാഗത്തിനും ഓരോ പ്രദർശനങ്ങൾ വീതവും ആയിരിക്കും ഉണ്ടാവുക. ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് 1000 രൂപ 750 ആയും, വിദ്യാർത്ഥികൾക്ക് 500 രൂപയുമായിരുന്നത് 400 രൂപയും കുറച്ചു.
തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂർണമായും റിസർവേഷൻ അടിസ്ഥാനത്തിൽ ആയിരിക്കും. സീറ്റ് നമ്പർ അടക്കം ഈ റിസർവേഷനിൽ ലഭിക്കും. തെർമൽ സ്കാനിംഗ് നടത്തിയതിന് ശേഷം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കൃത്യമായി സാമൂഹിക അകലം പാലിച്ചുകൊണ്ട് മാത്രമേ തിയേറ്ററുകളിൽ സീറ്റ് നൽകുകയുള്ളൂ. ഓരോ പ്രദർശനം കഴിയുമ്പോഴും തിയേറ്ററുകൾ സാനിറ്റൈസ് ചെയ്യും.
പാസ് വാങ്ങുന്നതിനു മുമ്പ് ആൻറിജൻ ടെസ്റ്റ് നടത്തുന്നതിനുള്ള സജ്ജീകരണം ആരോഗ്യവകുപ്പുമായി ചേർന്ന് ചലച്ചിത്ര അക്കാദമി ഒരുക്കും. കോവിഡ് നെഗറ്റീവ് ആണ് എന്നുള്ള സർട്ടിഫിക്കറ്റ് മേള തുടങ്ങുന്നതിന് 48 മണിക്കൂർ മുൻപ് ടെസ്റ്റ് ചെയ്ത് എത്തിക്കുന്നവർക്കെ പാസ് അനുവദിക്കുകയുള്ളു.