മന്ത്രി സജി ചെറിയാനും ഈ നടപടിയെ ശക്തമായി അപലപിച്ചു. മുൻനിശ്ചയിച്ച പ്രകാരം മുഴുവൻ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് നിർദ്ദേശം നൽകി.
കേരളത്തിന്റെ പുരോഗമനപരമായ കലാ സാംസ്കാരിക പാരമ്പര്യത്തിന് നേരെയുള്ള ജനാധിപത്യ വിരുദ്ധ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു. മേളയുടെ പാരമ്പര്യത്തെയും പുരോഗമന സ്വഭാവത്തേയും തകർക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനത്തെ അംഗീകരിക്കാൻ കഴിയില്ല. കലാവിഷ്കാരങ്ങൾക്ക് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെയുള്ള നിലപാട് ശക്തമായി തുടരുമെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
advertisement
കേന്ദ്രാനുമതി നിഷേധിച്ച 19 ചിത്രങ്ങളും ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതും സിനിമാസ്വാദകർ നല്ല രീതിയിൽ സ്വീകരിച്ചതുമാണ്. ഈ സിനിമകൾ കാണാനുള്ള പ്രതിനിധികളുടെ അവകാശത്തെ നിഷേധിക്കാനാവില്ല. ഫെസ്റ്റിവൽ ഷെഡ്യൂളിലും ബുക്കിലും ഇവ പ്രസിദ്ധീകരിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മേളയില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ അവകാശം നിഷേധിക്കാനാവില്ലയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര നടപടി മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന IFFK-യിൽ അസാധാരണ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ്, മുൻകൂർ ഷെഡ്യൂൾ ചെയ്ത പ്രകാരം എല്ലാ സിനിമകളും മുപ്പതാമത് IFFK-യിൽ മുടക്കമില്ലാതെ പ്രദർശിപ്പിക്കുന്നതിന് ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കാൻ മന്ത്രി സജി ചെറിയാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടിക്കും സെക്രട്ടറിക്കും നിർദ്ദേശം നൽകിയത്. ഡിസംബർ 12 മുതൽ 19 വരെ തിരുവനന്തപുരത്ത് നടക്കുന്ന മേളയിൽ 12,000-ത്തിലധികം ഡെലിഗേറ്റുകളും വിദേശത്തുനിന്നടക്കം 200-ഓളം ചലച്ചിത്ര പ്രവർത്തകരും പങ്കെടുക്കുന്നുണ്ട്.
Summary: Chief Minister says 19 films that were denied permission to be screened at the 30th International Film Festival of Kerala (30th IFFK)
