സഹനടനിൽ നിന്നും നായകനിലേക്കുയർന്ന സുരാജിന്റെ ഏറ്റവും അടുത്തിറങ്ങിയ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' പ്രേക്ഷക-നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു. അടുത്തതായി മൂന്നു ചിത്രങ്ങൾ സുരാജിന്റേതായി പുറത്തിറങ്ങും.
സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റോയ്'. ചാപ്റ്റേഴ്സ്, അരികില്‍ ഒരാള്‍, വെെ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുനിൽ സംവിധാനം നിർവഹിക്കുന്ന സിനിമയാണിത്. വെബ് സോണ്‍ മൂവീസ് ടീം ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശിധരന്റെ വരികള്‍ക്ക് മുന്ന പി.ആര്‍. സംഗീതം പകരുന്നു.
advertisement
'ഡ്രൈവിംഗ് ലൈസൻസ്' എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷണങ്ങളിൽ എത്തുന്ന സിനിമയാണ് ജനഗണമന. റിപ്പബ്ലിക്ക് ദിനത്തിൽ പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രയിംസും ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ഉദ്വേഗഭരിതമായ പ്രൊമോ പുറത്തിറക്കിയിരുന്നു. 'ക്വീൻ' സംവിധായകൻ ടിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജനഗണമന'.
ഒരു പോലീസുകാരനും കുറ്റവാളിയും തമ്മിലെ ചോദ്യംചെയ്യൽ വേളയാണ് രണ്ടേകാൽ മിനിറ്റ് ദൈർഘ്യമുള്ള പ്രൊമോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പോലീസുകാരന്റെ ചോദ്യം ചെയ്യലിൽ 'സുഖമായി ഊരിപ്പോരും' എന്ന് പറയുന്ന കുറ്റവാളിയായി എത്തുന്നത് പൃഥ്വിരാജും പോലീസുകാരന്റെ വേഷത്തിൽ സുരാജ് വെഞ്ഞാറമൂടുമാണ്.
ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രമാണ് 'കാണെക്കാണെ'. ടൊവിനോ തോമസിനും ഐശ്വര്യ ലക്ഷ്മിക്കും ഒപ്പം സുരാജ് വെഞ്ഞാറമൂടും ശ്രുതി രാമചന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. 1983, ക്വീൻ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച ടി.ആർ. ഷംസുദ്ധീൻ ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രമാണിത്.
ട്രാഫിക്, അയാളും ഞാനും തമ്മിൽ, ഹൗ ഓൾഡ് ആർ യു, കായംകുളം കൊച്ചുണ്ണി എന്നിങ്ങനെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ബോബി സഞ്ജയ് കൂട്ടുകെട്ട് ഉയരെക്ക് ശേഷം മനു അശോകനൊപ്പം ചേരുന്നു എന്ന പ്രത്യേകതയുമുണ്ട്.