TRENDING:

അദ്ദേഹത്തിന്റെ പ്രധാന ഭക്ഷണമായ ദിനേശ് ബീഡി കൊടുക്കലായിരുന്നു എൻ്റെ ജോലി; ശ്രീനിവാസനെ അനുസ്മരിച്ച് ജോയ് മാത്യു

Last Updated:

ശ്രീനിവാസന്റെ ഓർമയിൽ നടൻ ജോയ് മാത്യുവിന്റെ കുറിപ്പ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശ്രീനിയും ശ്രീനിയേട്ടനും ശ്രീനി സാറും ഒക്കെയായ പ്രിയപ്പെട്ടവരുടെ ശ്രീനിവാസന്റെ (Sreenivasan) വിയോഗദുഃഖത്തിലാണ് മലയാള സിനിമാ ലോകം ഇന്ന്. ശനിയാഴ്ച രാവിലെയായിരുന്നു 69കാരനായ ശ്രീനിവാസന്റെ മരണം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമല്ലായിരുന്നു. ശ്രീനിവാസന്റെ ഓർമയിൽ നടൻ ജോയ് മാത്യുവിന്റെ കുറിപ്പ്.
ജോയ് മാത്യുവും ശ്രീനിവാസനും
ജോയ് മാത്യുവും ശ്രീനിവാസനും
advertisement

"എന്റെ ആദ്യ സംവിധാന സംരംഭമായ 'ഷട്ടർ' സിനിമയിൽ അഭിനയിക്കാൻ വന്ന ശ്രീനിയേട്ടനോട് ഞാൻ പറഞ്ഞു. ഞാനാദ്യം അഭിനയിച്ച സിനിമയിലെ നായകൻ താങ്കളായിരുന്നു. അതേത് സിനിമ എന്നായി ശ്രീനിയേട്ടൻ 'സംഘഗാനം' ഞാൻ മറുപടി പറഞ്ഞു. സത്യത്തിൽ ബക്കർ സംവിധാനം ചെയ്ത ആ സിനിമയിൽ ഞാനൊരു അഭിനേതാവായിട്ടല്ല എത്തിയത്. എന്റെ നാടകഗുരു മധു മാഷ്, ഗൗതമൻ എന്ന പ്രധാനപ്പെട്ട ഒരു വേഷം ആ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട് .

'സംഘഗാനം' എന്ന സിനിമ അക്കാലത്തെ മലയാളത്തിലെ ന്യൂ വേവ് അഥാവാ ആർട്ട് സിനിമ എന്ന ഗണത്തിലാണ് പെടുക. ദാരിദ്ര്യം അത്തരം സിനിമകളുടെ കൂടെപ്പിറപ്പുമാണല്ലോ! മുത്തപ്പൻ കാവിനു സമീപത്തുള്ള നാടകകലാകാരനായ രാഘവൻ മേസ്ത്രിയുടെ തയ്യൽക്കടയായിരുന്നു സിനിമയുടെ ഓഫീസ്. അതിന്റെ വരാന്തയിലെ കസേരയിലോ ചവിട്ടു പടിയിലോ ആയിരിക്കും ചിത്രത്തിലെ നായകനായ ശ്രീനിവാസൻ വിശ്രമിക്കുക. ദിനേശ് ബീഡിയാണ് പുള്ളിയുടെ പ്രധാന ഭക്ഷണം. അത് എത്തിച്ചുകൊടുക്കുന്ന പണിയായിരുന്നു എനിക്ക് പ്രധാനമായും ഉണ്ടായിരുന്നത്. (പി.എ. ബക്കറിന്റെ തന്നെ 'മണിമുഴക്കം' എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു ചെറിയ വേഷത്തിലൂടെ അന്നേ ശ്രീനിവാസൻ എന്നെപ്പോലുള്ളവരെ അത്ഭുതപ്പെടുത്തിയിരുന്നു - അതിനാൽ അല്പം ആദരവൊക്കെ ഞങ്ങൾ ശ്രീനിവാസന് കൊടുത്തിരുന്നു).

advertisement

കരിമ്പനപ്പാലത്തെ വാസുദേവൻ എന്ന കെ.വി. ദേവും പച്ചക്കറി ബാബുവും നാമ്പോലൻ രവിയും ഉണ്ണി ജൂനിയറും ഉണ്ണി സീനിയറും നാടൻ വാറ്റ് കച്ചവടക്കാരൻ അപ്പുവും തുടങ്ങി നിരവധി മനുഷ്യരുടെ സംഘമായിരുന്നു സംഘഗാനം സിനിമയുടെ സംഘാടനത്തിനു പിന്നിൽ. സിനിമയുടെ അവസാന രംഗത്ത് ഗൗതമൻ എന്ന വിപ്ലവകാരിയായ കഥാപാത്രം പോലീസ് മർദ്ദനമേറ്റ് കൊല്ലപ്പെടുന്നു. അയാളുടെ മൃതശരീരം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നയിക്കുന്നത് ശ്രീനിവാസന്റെ കഥാപാത്രമാണ് അപ്പോൾ ഘോഷയാത്രയിൽ ജനക്കൂട്ടം വേണം.

advertisement

ഇന്നത്തെപ്പോലെ ജൂനിയർ ആർട്ടിസ്റ്റുകളായി പ്രൊഫഷണൽസ് ഇല്ലാത്ത കാലം. സുഹൃത്തുക്കളും നാട്ടുകാരുമൊക്കെയാണ് ആൾക്കൂട്ടത്തിൽ പങ്കെടുക്കാമെന്ന് ഏറ്റതെങ്കിലും വിചാരിച്ചത്ര ആൾബലം ഇല്ലാതായപ്പോൾ സംവിധായകൻ സംഘാടകരായ ഞങ്ങളോട് ആൾക്കൂട്ടത്തിൽ നിൽക്കാൻ പറഞ്ഞു. ഭാഗ്യത്തിന് ശ്രീനിവാസന്റെ തൊട്ടുപിന്നിൽ എനിക്ക് സ്ഥാനം കിട്ടി. 'ഭൂതക്കണ്ണാടി' വെച്ചുനോക്കിയാൽ ഒരു പൊട്ടുപോലെ എന്നെയും അതിൽ കാണാം എന്ന് മാത്രം -അങ്ങിനെ ഞാൻ താങ്കളോടൊപ്പമാണ് ആദ്യമായി സിനിമയിൽ മുഖം കാണിച്ചത് .

'ഷട്ടർ' ചിത്രീകരണ സമയത്ത് ആ പഴയകാലവും കഥാപാത്രങ്ങളും ഞങ്ങളിരുവരും ഓർമ്മിച്ചെടുത്തു. ചിരിച്ചു പണ്ടാരമടങ്ങി. പിന്നെ എത്രയെത്ര സിനിമകളിലും അല്ലാതെയും കണ്ടു, കേട്ടു, ചിരിച്ചുമറിഞ്ഞു! സ്വയം പരിഹസിക്കാൻ കഴിവുണ്ടാവുകയാണ് ഒരു കലാകാരന് അത്യാവശ്യം വേണ്ടതെന്ന തിരിച്ചറിവാണ് ശ്രീനിയേട്ടന്റെ തൂലികയുടെ യൗവ്വനം എന്നെനിക്ക് തോന്നുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പരിഹാസത്തിന്റെ വജ്രസൂചികൾ കുഞ്ചൻ നമ്പ്യാരിൽ തുടങ്ങി വി.കെ. എന്നിലൂടെ പടർന്ന് ശ്രീനിവാസനിൽ എത്തി നിൽക്കുന്നു. കാലം മായ്ക്കാത്ത പരിഹാസത്തിന്റെ ജീവനുള്ള മുറിവുകളായി അവ മലയാളിയുടെ ജീവിതത്തിൽ എന്ന് ചിരിച്ചും ചിരിപ്പിച്ചും നീറിക്കൊണ്ടിരിക്കും. വിട ശ്രീനിയേട്ടാ വിട."

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
അദ്ദേഹത്തിന്റെ പ്രധാന ഭക്ഷണമായ ദിനേശ് ബീഡി കൊടുക്കലായിരുന്നു എൻ്റെ ജോലി; ശ്രീനിവാസനെ അനുസ്മരിച്ച് ജോയ് മാത്യു
Open in App
Home
Video
Impact Shorts
Web Stories