ജൂണ്‍, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് ക്രൈം ഫയൽ സീസണ്‍ 2 സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ആദ്യ ഭാഗവും ഇദ്ദേഹം തന്നെയാണ് സംവിധാനം ചെയ്തത്. ഏറെ ശ്രദ്ധേയമായ കിഷ്കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ ഒരുക്കിയ ബാഹുൽ രമേശാണ് സീസൺ 2 ന്റെ തിരക്കഥാകൃത്ത്.
ഹിറ്റ് ചാർട്ടിൽ ഇടം നേടുകയും ഏറെ നിരൂപക പ്രശംസ നേടുകയും ചെയ്ത കിഷ്കിന്ധാ കാണ്ഡത്തിന്റെ രചയ്താവ് വീണ്ടും ഒരു ത്രില്ലർ ചിത്രവുമായി എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ആദ്യ സീസണിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച അജു വർഗീസ്, ലാൽ എന്നിവർ രണ്ടാം സീസണിലുമുണ്ട്. അവർക്കൊപ്പം അർജുൻ രാധാകൃഷ്ണൻ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, നൂറിൻ ഷെരീഫ്, നവാസ് വള്ളിക്കുന്ന്, ഫറ ഷിബ്ല, രഞ്ജിത്ത് ശേഖർ, സഞ്ജു സനിച്ചൻ തുടങ്ങിയവരും രണ്ടാം സീസണിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
advertisement
മങ്കി ബിസിനസിന്റെ ബാനറിൽ ഹസ്സൻ റഷീദ്, അഹമ്മദ് കബീർ, ജിതിൻ സ്റ്റാനിസ്ലാസ് എന്നിവർ ചേർന്നാണ് സീരീസ് നിർമിച്ചിരിക്കുന്നത്. ഡിഒപി - ജിതിൻ സ്റ്റാനിസ്ലാസ് എഡിറ്റർ - മഹേഷ് ഭുവനാനന്ദ് സംഗീതം - ഹേഷാം അബ്ദുൾ വഹാബ് പി.ആർ.ഒ. - റോജിൻ കെ. റോയ് മാർക്കറ്റിംഗ് - ടാഗ് 360 ഡിഗ്രി.
മലയാളത്തിലെ ആദ്യത്തെ ക്രൈം വെബ് സീരീസായിരുന്നു കേരള ക്രൈം ഫയല്‍- ഷിജു, പാറയില്‍ വീട്, നീണ്ടകര. 2024 ജൂൺ 23ന് ആയിരുന്നു സീരീസിന്റെ സ്ട്രീമിംഗ്. അജു വർഗീസ്, ലാൽ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായ സീരീസ് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. 2011ല്‍ ഏറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പരിധിയിലെ ഒരു പഴയ ലോഡ്ജില്‍ ഒരു ലൈംഗിക തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെടുന്നതും അതിനെ തുടര്‍ന്ന് കേരള പൊലീസ് നടത്തുന്ന അന്വേഷണവും ആയിരുന്നു സീസൺ ഒന്നിന്റെ കഥ. ആഷിക് ഐമറായിരുന്നു രചന. എസ്.ഐ. മനോജ് എന്ന കഥാപാത്രത്തെയാണ് അജു വർഗീസ് അവതരിപ്പിച്ചത്. കുര്യന്‍ എന്ന സിഐയുടെ വേഷത്തിലെത്തിയത് ലാൽ ആയിരുന്നു.