ജൂണ്‍, മധുരം എന്നീ ഫീല്‍ഗുഡ് ചിത്രങ്ങള്‍ ഒരുക്കിയ അഹമ്മദ് കബീറിന്‍റെ സംവിധാനത്തില്‍ അജു വര്‍ഗീസ്, ലാല്‍, നവാസ് വള്ളിക്കുന്ന്, ഷിന്‍സ് ഷാന്‍, സഞ്ജു സനിച്ചന്‍, റൂത്ത് പി ജോണ്‍, ദേവകി രാജേന്ദ്രന്‍ തുടങ്ങിയവരാണ് കേരള ക്രൈം ഫയല്‍സില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
ഷിജു, പാറയില്‍ വീട്, നീണ്ടകര
എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഒരു പഴയ ലോഡ്ജില്‍ അരങ്ങേറുന്ന കൊലപാതകവും അതിനെ പിന്തുടര്‍ന്ന് ഉടലെടുക്കുന്ന ദുരൂഹതയും അന്വേഷണത്തിലുടനീളം പ്രേക്ഷകരെ ഉദ്വേഗഭരിതരാക്കുന്ന സംഭവ വികാസങ്ങളുമാണ് വെബ് സീരിസിന്‍റെ പ്രമേയം. 2010 കാലഘട്ടത്തിലാണ് കഥയെ അണിയറ പ്രവര്‍ത്തകര്‍ പ്ലേസ് ചെയ്തിരിക്കുന്നത്. ലോഡ്ജ് മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്ന ലൈംഗിക തൊഴിലാളിയായ യുവതിയുടെ കൊലയാളിയിലേക്ക് വിരല്‍ചൂണ്ടുന്ന അന്വേഷണ ഉദ്യോഗസ്ഥരായ സിഐ കുര്യനും (ലാല്‍) എസ്ഐ മനോജ് കുമാറിനും (അജു വര്‍ഗീസ്) ആകെ ലഭിക്കുന്ന തുമ്പാണ് ഷിജു, പാറയില്‍ വീട്, നീണ്ടകര എന്ന വിലാസം. ലോഡ്ജ് മുറിയിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ഈ വിലാസത്തില്‍ നിന്ന് ആരംഭിച്ച് ഒടുവില്‍ കുറ്റവാളിയെ പിടികൂടും വരെയുള്ള സംഭവങ്ങള്‍ 6 അന്വേഷണ ദിവസങ്ങളായി പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് സംവിധായകന്‍.
advertisement
ട്രെയിനിങ് കാലയളവില്‍ നിന്ന് നേടിയെടുത്ത അറിവിന്‍റെയും സര്‍വീസില്‍ നിന്ന് ലഭിക്കുന്ന പരിചയ സമ്പത്തിന്‍റെയും ബലത്തില്‍ കേസന്വേഷണം നടത്തുന്ന സാധാരണക്കാരില്‍ സാധാരണക്കാരായ കേരളാ പൊലീസിലെ ഒരു കൂട്ടം ഉദ്യോഗസ്ഥരെയാണ് കേരള ക്രൈം ഫയല്‍സ് കാട്ടിത്തരുന്നത്. അന്വേഷണത്തിലെ സങ്കീര്‍ണതകള്‍ കൃത്യമായി നറേറ്റ് ചെയ്യുന്നതിനൊപ്പം പോലീസുകാരുടെ വ്യക്തി ജീവതത്തെ തങ്ങളുടെ ജോലി എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന് വളരെ ലളിതമായും എന്നാല്‍ ഫലപ്രദമായും അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
സിനിമകളില്‍ കണ്ടുശീലിച്ച അതിമാനുഷരും അതിബുദ്ധിമാന്മാരുമായ കുറ്റാന്വേഷകരില്‍ നിന്ന് വ്യത്യസ്തമായി നിയമത്തിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഒരു സാധാരണ പോലീസുകാരന്‍ എങ്ങനെ കേസ് തെളിയിക്കുന്നുവോ അത് പോലെ തന്നെ അന്വേഷണം നടത്തുന്നവരാണ് കേരള ക്രൈം ഫയല്‍സിലെ പോലീസുകാര്‍.
കൊല്ലപ്പെട്ടവന്‍റെ സമൂഹത്തിലെ നിലയും വിലയും നോക്കി അന്വേഷണത്തെ സമീപിക്കുന്നവരാണ് നമ്മുടെ നിയമപാലകര്‍ എന്ന് പലവട്ടം ഒളിഞ്ഞും തെളിഞ്ഞും പറയുന്നുണ്ട്. ഇവിടെ കൊല്ലപ്പെട്ടത് ഒരു ലൈംഗിക തൊഴിലാളിയാണ്. എന്നിരുന്നാലും അത് കുറ്റകൃത്യമാകാതിരിക്കുന്നില്ല. തങ്ങളുടെ സ്റ്റേഷന്‍ പരിധിയില്‍ ഒരാളെ കൊലപ്പെടുത്തിയിട്ട് കൊലയാളി കണ്‍മുന്നിലൂടെ നടന്നുപോകുമ്പോള്‍ ആത്മാഭിമാനവും ജോലിയോട് കൂറും പുലര്‍ത്തുന്ന ഒരു ശരാശരി പോലീസുകാരന് ഉള്ളില്‍ തോന്നുന്ന ആത്മരോഷത്തില്‍ നിന്നാണ് എസ്ഐ മനോജും സിഐ കുര്യനും കുറ്റവാളിയെ കണ്ടെത്താന്‍ ഇറങ്ങിത്തിരിക്കുന്നത്.
Also Read- മലയാളം വെബ് സീരിസ് ‘കേരള ക്രൈം ഫയൽസ്’ സ്ട്രീമിങ് ആരംഭിച്ചു
കെട്ടുറപ്പുള്ള ഒരു കഥയും ഒരു കൂട്ടം കഥാപാത്രങ്ങളും അവരെ സ്വഭാവിക ഒട്ടും ചോരാതെ അഭിനയിച്ച് ഫലിപ്പിക്കാന്‍ പോന്ന അഭിനേതാക്കളും അതിവിദഗ്ദമായി അവരെ പ്ലേസ് ചെയ്യാന്‍ സംവിധായകന് സാധിക്കുന്നിടത്താണ് കേരള ക്രൈം ഫയല്‍സും അഹമ്മദ് കബീറും വിജയിക്കുന്നത്. ഓരോ സീനിന്‍റെയും സ്വഭാവത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പശ്ചാത്തല സംഗീതമൊരുക്കി ഹിഷാം അബ്ദുള്‍ വഹാബും തന്‍റെ ഭാഗം ഗംഭീരമാക്കി.
സംവിധായകനും അഭിനേതാവുമായ രാഹുൽ റിജി നായർ നിർമിച്ച വെബ്സീരിസിന്റെ രചന ആഷിക്ക് ഐമറിന്റേതാണ്. വെബ്സീരിസുകള്‍ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും നിരൂപകരുടെ വിചാരണയ്ക്കും വിധേയമാകും എന്ന ബോധ്യം ഉള്ളതുകൊണ്ടാകാം കുറ്റമറ്റ രീതിയിലാണ് ആഷിക്ക് കേരള ക്രൈം ഫയല്‍ലിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥയോട് നീതിപുലര്‍ത്തി കൊണ്ട് കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും വിശ്വസീനയമായും റിയലസ്റ്റിക്കായും സ്ക്രീനിലേക്ക് എത്തിക്കുന്നതില്‍ സംവിധായകന്‍ അഹമ്മദ് കബീറും ജിതിൻ സ്റ്റാൻസിലസിന്റെ ഛായാഗ്രഹണവും മികവ് പുലര്‍ത്തി.
ആറ് ദിനരാത്രങ്ങള്‍ക്കൊണ്ട് സങ്കീര്‍ണമായ ഒരു കൊലപാതകം തെളിയിച്ച കേരള പോലീസിന് അര്‍ഹമായ അംഗീകാരം നല്‍കി കൊണ്ടാണ് കേരള ക്രൈം ഫയല്‍സിന്‍റെ ആദ്യ സീസണ്‍ അവസാനിക്കുന്നത്. മറ്റൊരു കുറ്റകൃത്യത്തിലേക്കുള്ള ഫോണ്‍വിളിയിലൂടെ അടുത്ത സീസണിലേക്കുള്ള വാതിലും തുറന്നിടുന്നുണ്ട് അണിയറക്കാര്‍.. കാത്തിരിക്കാം മറ്റൊരു കഥയ്ക്കും കഥാപാത്രങ്ങള്‍ക്കുമായി.