എതിരാളികള്‍ ഏറെ വന്നിട്ടും അമ്പത്തിമൂന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച നടനെന്ന ബഹുമതി മമ്മൂട്ടിയുടെ കൈകളില്‍ സുരക്ഷിതമായെത്തി. കച്ചവട സിനിമകള്‍ ചെയ്യുമ്പോഴും കാമ്പുള്ള കഥയ്ക്കും സംവിധായകനും മുന്നില്‍ ആള്‍മാറാട്ടം നടത്തുന്ന മമ്മൂട്ടിയിലെ നടന്‍റെ മറ്റൊരു വേഷപകര്‍ച്ച തന്നെയായിരുന്നു ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം.
advertisement
നാടകസംഘം തുടങ്ങാന്‍ പോകുന്ന മൂവാറ്റുപുഴക്കാരന്‍ ജെയിംസില്‍ നിന്ന് ഒരു തമിഴ് ഗ്രാമവാസിയായ സുന്ദരമായി മാറുന്നിടത്താണ് മമ്മൂട്ടിയും നന്‍പകല്‍ നേരത്ത് മയക്കവും പ്രേക്ഷകന് അത്രമേല്‍ പ്രിയപ്പെട്ടതാകുന്നത്.
ആരൊക്കെ വന്നിട്ടെന്താ, മമ്മൂട്ടിക്ക് 41 വർഷത്തിൽ എട്ടാമത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ്
‘മലയാള ചലച്ചിത്രാഭിനയ ചരിത്രത്തിലെ അത്യപൂർവ്വവും വിസ്മയകരവുമായ ഭാവാവിഷ്കാരമികവ്. തികച്ചും വിഭിന്നമായ സ്വഭാവവിശേഷങ്ങളുള്ള രണ്ട് മനുഷ്യരുടെ ദ്വന്ദ്വഭാവങ്ങളെ അതിസൂക്ഷ്മവും നിയന്ത്രിതവുമായ ശരീരഭാഷയിൽ പകർന്നാടിയ അഭിനയത്തികവ്. ജെയിംസ് എന്ന മലയാളിയിൽ നിന്ന് സുന്ദരം എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശത്തിലൂടെ രണ്ടു ദേശങ്ങൾ, രണ്ടു ഭാഷകൾ, രണ്ടു സംസ്കാരങ്ങൾ എന്നിവ ഒരേ ശരീരത്തിലേക്ക് ആവാഹിച്ച മഹാപ്രതിഭ’ – എന്നാണ് മമ്മൂട്ടിയുടെ പ്രകടനത്തെ ജൂറി വിലയിരുത്തിയത്.
ഇതിനോടകം നേടിയ ബഹുമതികള്‍ക്കിടയിലേക്ക് മറ്റൊന്നു കൂടി എന്ന ശൈലിയിലേക്ക് കേവലം ഒതുക്കാന്‍ കഴിയുന്നതല്ല മമ്മൂട്ടിയുടെ ഈ നേട്ടം. സിനിമയും പ്രേക്ഷകരും ഇത്രയധികം മാറിയിട്ടും മാറ്റമില്ലാതെ തുടരുന്ന അഭിനയ സപര്യയുടെ മറ്റൊരു മാസ്മരികമായ അധ്യായത്തിന്‍റെ തുടക്കം കൂടിയാണ് അദ്ദേഹത്തിന്‍റെ ഈ നേട്ടം.