മമ്മൂട്ടി അവതരിപ്പിച്ച ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി അദ്ദേഹത്തിന് വീണ്ടുമൊരു സംസ്ഥാന പുരസ്കാരം നേടിക്കൊടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ലെവല്‍ ക്രോസ്, കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം, അഡിയോസ് അമീഗോ എന്നീ ചിത്രങ്ങളിലൂടെ ആസിഫ് അലിയും മത്സര രംഗത്തുണ്ട്. മലൈക്കോട്ടെ വാലിബനിലൂടെ മോഹന്‍ലാലും അജയന്റെ രണ്ടാം മോഷണത്തിലൂടെ ടൊവിനോ തോമസും ഫൈനൽ പോരാട്ടത്തിനുണ്ട്. 128 ചിത്രങ്ങള്‍ മത്സരത്തിനെത്തിയെങ്കിലും 38 സിനിമകൾ മാത്രമാണ് അവസാന റൗണ്ടിൽ എത്തിയത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് ഫലപ്രഖ്യാപനം നടത്തുക.
advertisement
കാന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യയുടെ അഭിമാനമായ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ പ്രഭയുടെ വേഷമിട്ട കനി കുസൃതി, അനുവിനെ അവതരിപ്പിച്ച ദിവ്യപ്രഭ, രേഖാചിത്രത്തിലെ രേഖാ പത്രോസായ അനശ്വര രാജന്‍, സൂക്ഷമദര്‍ശിനിയിലെ പ്രിയദര്‍ശിനിയെ അവതരിപ്പിച്ച നസ്രിയ നസീം എന്നിവരും അന്തിമ റൗണ്ടിലുണ്ട്.
200 കോടി ക്ലബ്ബില്‍ കയറി മുന്നേറിയ മഞ്ഞുമ്മല്‍ ബോയ്സ്, ഫഹദിന്റെ ആവേശം, ജോജു ജോർജിന്റെ പണി, മലൈക്കോട്ടൈ വാലിബൻ, കാന്‍ ചലച്ചിത്രമേളയില്‍ മികവുകാട്ടിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, പ്രേമലു, മാര്‍ക്കോ, ഐഎഫ്എഫ്കെയില്‍ രണ്ടുപുരസ്കാരങ്ങള്‍ നേടിയ ഫെമിനിച്ചി ഫാത്തിമ, ശിവരഞ്ജിനിയുടെ വിക്ടോറിയ, ത്രിമാന ചിത്രങ്ങളായ എആര്‍എം, ബറോസ് തുടങ്ങിയ ചിത്രങ്ങളാണ് ജൂറിക്ക് മുന്നിലുള്ളത്.
നവാഗത സംവിധായകരുടെ കൂട്ടത്തില്‍ പ്രേക്ഷകര്‍ക്ക് വളരെ പരിചയമുള്ള രണ്ടുപേരുടെ ചിത്രവും ഇത്തവണ ജൂറിയുടെ മുന്നില്‍ എത്തുന്നു. ഒന്ന്– ബറോസ് ഗാഡിയന്‍ ഓഫ് ട്രഷേഴ്സ് എന്ന ത്രിഡി ചിത്രം. സംവിധായകന്‍ മോഹന്‍ലാല്‍. രണ്ട്- പണി. സംവിധായകൻ മികച്ച നടനുള്ള പുരസ്കാരം ഉള്‍പ്പടെ നേടിയ ജോജു ജോര്‍ജ്.
പ്രാഥമിക ജൂറിയാണ് രണ്ട് സമിതികളായി പിരിഞ്ഞ് ചിത്രങ്ങളുടെ ആദ്യ തിരഞ്ഞെടുപ്പ് നടത്തിയത്. സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍പേഴ്സണ്‍മാരാണ്. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. ആദ്യമായി ഒരു ട്രാന്‍സ്‌പേഴ്സണ്‍ അവാര്‍ഡ് ജൂറിയിലുണ്ടെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ചലച്ചിത്രഗാനരചയിതാവും കവിയുമായ വിജയരാജമല്ലികയാണ് ഇങ്ങനെ ചരിത്രം കുറിക്കുന്നത്. ഒപ്പം ദേശീയ അവാര്‍ഡ് ജേതാക്കളായ ചലച്ചിത്രനിരൂപകന്‍ എം സി രാജനാരായണന്‍, സംവിധായകന്‍ വി സി അഭിലാഷ്, ഛായാഗ്രാഹകന്‍ സുബാല്‍ കെ ആര്‍, ഫിലിം എഡിറ്റര്‍ രാജേഷ് കെ, ചലച്ചിത്രഗാനരചയിതാവും എഴുത്തുകാരിയുമായ ഡോ.ഷംഷാദ് ഹുസൈന്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയസമിതിയിലെ മറ്റ് അംഗങ്ങള്‍.
അന്തിമ ജൂറി
പ്രകാശ് രാജ്, രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ക്കു പുറമെ അന്തിമ വിധിനിര്‍ണയ സമിതിയില്‍ ഡബിങ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവര്‍ അംഗങ്ങളായിരിക്കും.
