TRENDING:

KPAC Lalitha: ഭാർഗവി; ഏലിയാമ്മ; ഭാസുരക്കുഞ്ഞമ്മ; കൊച്ചമ്മിണി; നാരായണി; കെപിഎസി ലളിത വിസ്മയിപ്പിച്ച വേഷങ്ങൾ

Last Updated:

സ്നേഹ നിധിയായ അമ്മയായി കരയിപ്പിച്ചും അഹങ്കാരിയായ പ്രതിനായികയായി വെറുപ്പുനേടിയും നിഷ്കങ്ക ഹാസ്യം കൊണ്ട് കുടുകുടെ ചിരിപ്പിച്ചും മലയാളികളുടെ കുടുംബത്തിന്റെ ഭാഗം തന്നെയായി ലളിത മാറി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കെപിഎസി ലളിത, മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയുടെ പേരാണ്. നാടകവേദികളിൽ നിന്ന് വെള്ളിത്തിരയിൽ. സഹനടിയായി വന്ന് ഒടുവിൽ മലയാള സിനിമകളിൽ ഒഴിച്ചുനിർത്താനാകാത്ത സ്ഥിര സാന്നിധ്യമായി. സിനിമയിൽ കെപിഎസി ലളിത ചെയ്യാത്ത വേഷങ്ങൾ ഇല്ലെന്ന് തന്നെ പറയാം. സ്നേഹ നിധിയായ അമ്മയായി കരയിപ്പിച്ചും അഹങ്കാരിയായ പ്രതിനായികയായി വെറുപ്പുനേടിയും നിഷ്കങ്ക ഹാസ്യം കൊണ്ട് കുടുകുടെ ചിരിപ്പിച്ചും മലയാളികളുടെ കുടുംബത്തിന്റെ ഭാഗം തന്നെയായി ലളിത മാറി.
advertisement

സുകുമാരിയെപ്പോലെ തന്നെ ഹാസ്യവേഷങ്ങളെ അതിഗംഭീരമായി അവതരിപ്പിക്കാനുള്ള കഴിവാണ് ലളിതയെ ജനപ്രിയനടിയാക്കിയത്. എന്നാൽ നാടൻ വേഷങ്ങൾ കൊണ്ടും റിയലസ്റ്റിക്കായ അഭിനയ രീതികൊണ്ടും ലളിത വളരെ വേഗത്തിൽ മലയാളികളുടെ മനസ് കീഴടക്കി. ഹാസ്യരംഗങ്ങളിലെ സംഭാഷണങ്ങളില്‍ ശബ്ദവിന്യാസം കൊണ്ട് അദ്ഭുതം തീർത്തു. കുശുമ്പും കൗശലവും കുശാഗ്രബുദ്ധിയും പരദൂഷണവും വിടുവായിത്തരവുമുള്ള അമ്മ, അമ്മായി അമ്മ, ഭാര്യ വേഷങ്ങള്‍ ഒതുക്കത്തോടെ കൈകാര്യം ചെയ്തു.‌

വിയറ്റ്‌നാം കോളനിയിലെ പട്ടാളം മാധവി, കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മ, പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധി സൂപ്രണ്ട്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്‌സിലെ അല്ലു, സിഐഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുരക്കുഞ്ഞമ്മ, ഇഞ്ചക്കാടന്‍ മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊന്‍മുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലത, ആദ്യത്തെ കണ്‍മണിയിലെ മാളവിക അങ്ങനെ ചിരിപ്പിച്ചും കരയിപ്പിച്ചും അഞ്ച് പതിറ്റാണ്ടുകളിലേറെ നിറഞ്ഞുനിന്നു ലളിത. മതിലുകളിൽ ശബ്ദം കൊണ്ടുമാത്രം നാരായ‌ണിക്ക് ജീവൻ നൽകി.

advertisement

Also Read- KPAC Lalitha Passes away| നടി കെപിഎസി ലളിത അന്തരിച്ചു

ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം. നീല പൊന്‍മാന്‍, ആരവം, അമരം, കടിഞ്ഞൂല്‍കല്യാണം,ഗോഡ്ഫാദര്‍, സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരവും നേടി.

തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969ല്‍ കെ എസ് സേതുമാധവന്‍ സിനിമയാക്കിയപ്പോഴാണ് ലളിത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും പ്രേം നസീറുനുമൊപ്പമെല്ലാം ഒട്ടനവധി ചിത്രങ്ങള്‍ ചെയ്തു. സഹനായിക വേഷങ്ങളിലായിരുന്നു കെപിഎസി ലളിത ഏറെയും പ്രത്യക്ഷപ്പെട്ടത്.

advertisement

1978ലായിരുന്നു സംവിധായകന്‍ ഭരതനെ കെപിഎസി ലളിത ജീവിത പങ്കാളിയാക്കുന്നത്. മാധവിക്കുട്ടി, ചക്രവാകം, നീലകണ്ണുകള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോഴുണ്ടായ സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വിവാഹശേഷം ഭരതന്റെ എല്ലാചിത്രങ്ങളിലും ലളിത പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ലളിതയ്ക്ക് ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ച അമരം, ആരവം, വെങ്കലം തുടങ്ങിയ ചിത്രങ്ങള്‍ ചില ഉദാരഹണങ്ങളാണ്. 1998 ലായിരുന്നു ഭരതന്റെ വിയോഗം. അതിനുശേഷം കുറച്ച് നാള്‍ സിനിമയില്‍ നിന്ന് മാറി നിന്ന ലളിത, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ വീണ്ടും തിരിച്ചെത്തി.

advertisement

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായി ഇന്നസെന്റ്- കെപിഎസി ലളിത മാറി. ഗജകേസരിയോഗം, അപൂര്‍വ്വം ചിലര്‍, കോട്ടയം കുഞ്ഞച്ചന്‍, മക്കള്‍ മാഹാത്മ്യം, ശുഭയാത്ര, മൈഡിയര്‍ മുത്തച്ഛന്‍, താറാവ്, മണിച്ചിത്രത്താഴ് കള്ളനും പൊലീസും, അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും, ഇഞ്ചക്കാടന്‍ മത്തായി ആൻഡ് സണ്‍സ്, പാവം പാവം രാജകുമാരന്‍, ഗോഡ്ഫാദര്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ ഇരുവരും ചേർന്ന് അഭിനയിച്ചു. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും അമ്മ വേഷങ്ങളിലും തിളങ്ങി. ടെലിവിഷൻ രംഗത്തും ചിരിഅരങ്ങ് തീർത്തു കെപിഎസി ലളിത.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
KPAC Lalitha: ഭാർഗവി; ഏലിയാമ്മ; ഭാസുരക്കുഞ്ഞമ്മ; കൊച്ചമ്മിണി; നാരായണി; കെപിഎസി ലളിത വിസ്മയിപ്പിച്ച വേഷങ്ങൾ
Open in App
Home
Video
Impact Shorts
Web Stories