തിരുവനന്തപുരം: നടി കെപിഎസി ലളിത (kpac Lalitha) അന്തരിച്ചു. 74 വയസായിരുന്നു. തൃപ്പൂണിത്തുറയിൽ മകൻ സിദ്ധാർഥ് ഭരതന്റെ ഫ്ലാറ്റിൽ ചൊവ്വാഴ്ച രാത്രി 10.45 ഓടെയാണ് അന്ത്യം സംഭവിച്ചത്. കരൾരോഗം കാരണം ദീർഘനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍. മൃതദേഹം രാവിലെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു ഉച്ചയോടെയാകും മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിലെത്തിക്കുക. ആയിരക്കണക്കിന് പേർ പ്രിയനടിയെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയിരുന്നു.
നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി 550ലേറെ സിനിമകളിൽ അഭിനയിച്ചു. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുതവണയും ലളിതയ്ക്ക് ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായിരുന്നു. അന്തരിച്ച പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ.
1947 മാർച്ച് 10ന് കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായാണ് ജനനം. മഹേശ്വരി എന്നായിരുന്നു യഥാര്‍ഥ പേര്. രാമപുരത്തെ സ്‌കൂളില്‍ വച്ചാണ് ആദ്യമായി നൃത്തവേദിയില്‍ കയറിയത്. എക്കാലത്തെയും മികച്ച വിപ്ലവഗാനമായ 'പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളെ...'യ്ക്ക് ചുവടുവച്ചായിരുന്നു തുടക്കം. പത്താംവയസ്സില്‍ നൃത്തപഠനത്തില്‍നിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ 'ബലി'യെന്ന നാടകത്തിലൂടെ കെപിഎസിയിലെത്തി. ഇതോടെ മഹേശ്വരി കെപിഎസി ലളിതയായി മാറി. വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാടകവേദികളില്‍ കെപിഎസി ലളിത ശ്രദ്ധനേടി.
തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969ല്‍ കെ എസ് സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ ലളിത സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും പ്രേം നസീറുനുമൊപ്പമെല്ലാം ഒട്ടനവധി ചിത്രങ്ങള്‍ ചെയ്തു. സഹനായിക വേഷങ്ങളിലായിരുന്നു കെപിഎസി ലളിത ഏറെയും പ്രത്യക്ഷപ്പെട്ടത്.
Also Read-
KPAC Lalitha: ഭാർഗവി; ഏലിയാമ്മ; ഭാസുരക്കുഞ്ഞമ്മ; കൊച്ചമ്മിണി; നാരായണി; കെപിഎസി ലളിത വിസ്മയിപ്പിച്ച വേഷങ്ങൾ
സുകുമാരിയെപ്പോലെ തന്നെ ഹാസ്യവേഷങ്ങളെ അതിഗംഭീരമായി അവതരിപ്പിക്കാനുള്ള കഴിവാണ് ലളിതയെ ജനപ്രിയനടിയാക്കിയത്. ഹാസ്യരംഗങ്ങളിലെ സംഭാഷണങ്ങളില്‍ ശബ്ദവിന്യാസം കൊണ്ട് അദ്ഭുതം തീർക്കാൻ ലളിതയ്ക്കായി. കുശുമ്പും കൗശലവും കുശാഗ്രബുദ്ധിയും പരദൂഷണവും വിടുവായിത്തരവുമുള്ള അമ്മ, അമ്മായി അമ്മ, ഭാര്യ വേഷങ്ങള്‍ ഒതുക്കത്തോടെ കൈകാര്യം ചെയ്തു. വിയറ്റ്‌നാം കോളനിയിലെ പട്ടാളം മാധവിയും കൊട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മയും ജനമനസുകളിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്‌സിലെ അല്ലു, സിഐഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടന്‍ മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊന്‍മുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലത, ആദ്യത്തെ കണ്‍മണിയിലെ മാളവിക അങ്ങനെ ചിരിപ്പിച്ചും കരയിപ്പിച്ചും അഞ്ച് പതിറ്റാണ്ടുകളിലേറെ നിറഞ്ഞുനിന്നു.
ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം. നീല പൊന്‍മാന്‍, ആരവം, അമരം, കടിഞ്ഞൂല്‍കല്യാണം,ഗോഡ്ഫാദര്‍, സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരവും നേടി.
1978ലായിരുന്നു സംവിധായകന്‍ ഭരതനെ കെപിഎസി ലളിത ജീവിത പങ്കാളിയാക്കുന്നത്. മാധവിക്കുട്ടി, ചക്രവാകം, നീലകണ്ണുകള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോഴുണ്ടായ സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വിവാഹശേഷം ഭരതന്റെ എല്ലാചിത്രങ്ങളിലും ലളിത പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ലളിതയ്ക്ക് ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ച അമരം, ആരവം, വെങ്കലം തുടങ്ങിയ ചിത്രങ്ങള്‍ ചില ഉദാരഹണങ്ങളാണ്. 1998 ലായിരുന്നു ഭരതന്റെ വിയോഗം. അതിനുശേഷം കുറച്ച് നാള്‍ സിനിമയില്‍ നിന്ന് മാറി നിന്ന ലളിത, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ വീണ്ടും തിരിച്ചെത്തി.
ഇന്നസെന്റ്- കെപിഎസി ലളിത മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായി. ഗജകേസരിയോഗം, അപൂര്‍വ്വം ചിലര്‍, കോട്ടയം കുഞ്ഞച്ചന്‍, മക്കള്‍ മാഹാത്മ്യം, ശുഭയാത്ര, മൈഡിയര്‍ മുത്തച്ഛന്‍, താറാവ്, മണിച്ചിത്രത്താഴ് കള്ളനും പോലീസും, അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, പാവം പാവം രാജകുമാരന്‍, ഗോഡ്ഫാദര്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ ഇരുവരും സ്‌ക്രീനിലെ പ്രിയ താരജോടിയായി.
കാതലുക്ക് മര്യാദൈ, മണിരത്‌നത്തിന്റെ അലൈപായുതേ, കാട്രുവെളിയിടെ തുടങ്ങിയവയാണ് ശ്രദ്ധേയ തമിഴ് ചിത്രങ്ങൾ. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയിൽ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കേരള സംഗീത നാടക അക്കാദമി അധ്യക്ഷയായി നിയമിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.