ചെറുപ്പത്തില്‍ അമ്മയില്‍ നിന്ന് സംഗീതം അഭ്യസിച്ച വാണി ജയറാം എട്ടാം വയസില്‍ ചെന്നൈ ആകാശവാണി നിലയത്തില്‍ നിന്ന് ഗായികയായി സംഗീതയാത്ര ആരംഭിച്ചു. കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരില്‍ നിന്ന് കർണാടക സംഗീതവും ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനില്‍ നിന്ന് ഹിന്ദുസ്ഥാനിയും അഭ്യസിച്ചു.
1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെ പ്രശസ്തയായി. അക്കാലത്ത് ചിത്രഗുപ്ത്, നൗഷാദ് തുടങ്ങിയ പ്രഗല്ഭരുടെ ഗാനങ്ങൾ പാടിയ വാണി ജയറാം ആശാ ഭോസ്‌ലെക്കൊപ്പം ‘പക്കീസ’ എന്ന ചിത്രത്തിൽ ഡ്യുയറ്റ് പാടി. മദൻ മോഹൻ, ഒ.പി. നയ്യാർ, ആർ.ഡി ബർമൻ, കല്യാൺജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാൽ, ജയ്‌ദേവ് തുടങ്ങിയവരുടെ ഗാനങ്ങളും ആലപിച്ചു.
advertisement
പ്രമുഖ ഗായകരായ മുഹമ്മദ്റ ഫി , മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം പാടിയ അവർ 1974-ൽ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യൻ സിനിമാഗാനലോകത്ത് സജീവമായത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ പാടിയ വാണി ജയറാം എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, കെ.എ. മഹാദേവൻ, എം.കെ. അർജുനൻ, ജെറി അമൽദേവ്, സലിൽ ചൗധരി, ഇളയരാജ, എ.ആർ. റഹ്മാൻ തുടങ്ങിയ എല്ലാ തലമുറയിലും സംഗീത സംവിധായകരുടെയും പ്രിയപ്പെട്ട ഗായികയായി.
മലയാളത്തില്‍ ഗോപിസുന്ദര്‍ സംഗീതം നല്‍കിയ 1983 എന്ന ചിത്രത്തിലെ ‘ഓലഞ്ഞാലി കുരുവി’ പുലിമുരുകനിലെ ‘ മാനത്തെ മാരിക്കുറുമ്പെ’ തുടങ്ങിയ ഗാനങ്ങളിലൂടെ പുതുതലമുറയിലെ സംഗീതാസ്വാദകര്‍ക്കും വാണി ജയറാം പ്രിയങ്കരിയായി മാറി.
