2008ലെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രമായി യുവതാരമായ അദിവി ശേഷ് ആണ് എത്തുക. ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഷൂട്ടിംഗ് ആരംഭിക്കുന്നതിനു മുൻപ് സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്ടിൽ പോയി നായകൻ അദിവി ശേഷി അദ്ദേഹത്തിന്റെ അച്ഛനമ്മമാരെ സന്ദർശിച്ചിരുന്നു. ലുക്ക് ടെസ്റ്റിൽ സന്ദീപ് ഉണ്ണിക്കൃഷ്ണനുമായി നായകനുള്ള രൂപ സാദൃശ്യം ശ്രദ്ധ നേടിയിരുന്നു.
നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിർമ്മാണം. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്.
advertisement
നേരത്തെ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷികത്തില്‍ 'മേജര്‍ ബിഗിനിംഗ്സ്' എന്ന പേരില്‍ വീഡിയോ പുറത്തുവിട്ടിരുന്നു.
നവംബര്‍ 27 നായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ മുംബൈ ഭീകരാക്രമണത്തിനിടെ രക്ഷാപ്രവര്‍ത്തനത്തിൽ ഏർപ്പെടവേ കൊല്ലപ്പെട്ടത്. സിനിമയില്‍ ഒപ്പിട്ടത് മുതല്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ കണ്ടുമുട്ടിയത് വരയുള്ള സംഭവങ്ങള്‍ അദിവ് പറഞ്ഞിരുന്നു.
2020 ഓഗസ്റ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇതിനോടകം മേജറിന്റെ 70 ശതമാനം ഷൂട്ടിംഗും പൂര്‍ത്തിയായിട്ടുണ്ട്.
2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍.
ആർമി മേജറായിരുന്ന സന്ദീപ് ദേശീയ സുരക്ഷാസേനയിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നതിനിടെ 2008 നവംബർ 28നാണ് വീരമൃത്യു വരിച്ചത്. 2008ൽ ഭീകരവാദികൾ മുംബൈ ആക്രമിച്ചപ്പോൾ ബന്ദികളാക്കിയവരെ രക്ഷിക്കാൻ നിയോഗിച്ച ദേശീയ സുരക്ഷാസേനയിൽ അംഗമായിരുന്നു സന്ദീപ് ഉണ്ണിക്കൃഷ്ണൻ. തീവ്രവാദികൾ നിലയുറപ്പിച്ച താജ് ഹോട്ടലിലേക്ക് കമാൻഡോകൾ നടത്തിയ പ്രത്യാക്രമണം ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ എന്നായിരുന്നു അറിയപ്പെട്ടത്.
ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒരു കമാൻഡോയെ അവിടെനിന്ന് മാറ്റിയശേഷം തീവ്രവാദികൾക്കുനേരെ കുതിച്ച സന്ദീപ് പിന്നിൽ വെടിയേറ്റു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
1995ൽ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്ന സന്ദീപ് ഉണ്ണിക്കൃഷ്ണൻ പഠനത്തിനു ശേഷം 1999ൽ ഇന്ത്യൻ കരസേനയുടെ ബിഹാർ റെജിമെന്‍റിൽ ചേരുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ സ്വദേശിയായ സന്ദീപും കുടുംബവും ബാംഗ്ലൂരിലാണ് താമസിച്ചിരുന്നത്.
ഉറി മിന്നലാക്രമണത്തെ പശ്ചാത്തലമാക്കിയെടുത്ത സിനിമ 'ഉറി: ദ സർജിക്കൽ സ്ട്രൈക്ക്' വൻ ഹിറ്റായിരുന്നു. ഇതിനു പിന്നാലെയാണ് സന്ദീപ് ഉണ്ണിക്കൃഷ്ണന്‍റെ കഥയുമായി 'മേജർ' എത്തുന്നത്.
അദ്ദേഹത്തിന്റെ സംഭാവനകള്‍ക്കുള്ള ആദരവെന്ന നിലയില്‍ മരണശേഷം 2009ല്‍ ഭാരത സര്‍ക്കാര്‍ പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര നൽകിയിരുന്നു.
കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.
'ഗൂഡാചാരി' ഫെയിം ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രം 2021 ലോകവ്യാപകമായി സമ്മര്‍ റിലീസ് ചെയ്യാനാണ് തീരുമാനം. ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
