കന്നഡ പതിപ്പ് കണ്ടതിനു ശേഷമാണ് ചിത്രം കേരളത്തിൽ എത്തിക്കണമെന്ന് തോന്നിയതെന്നും ചിത്രം ഇവിടെ എത്തുമ്പോൾ മിസ് ചെയ്യരുതെന്നും പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു. സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് കാന്താരാ. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നത്? വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക- താരം കുറിച്ചു.
എന്നാൽ സിനിമയ്ക്കൊപ്പം പൃഥ്വിരാജ് പങ്കുവെച്ച കാന്താരയുടെ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിമരുന്നിട്ടത്. പോസ്റ്ററിലെ മലയാളം ഫോണ്ട് മുറിഞ്ഞ അവസ്ഥയിലായിരുന്നു. ഇത് സോഷ്യൽ മീഡിയയിലെ ട്രോളന്മാർ ആഘോഷമാക്കി. 'അരുതേ മലയാളത്തെ ഇങ്ങനെ കൊല്ലരുതേ' എന്നായിരുന്നു ഒരാൾ പോസ്റ്ററിന് താഴെ കുറിച്ചത്.
advertisement
രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ പോസ്റ്ററിന് താഴെ കുറിച്ചത് ഇങ്ങനെ- ''കാന്-താരായുടെ ക്-രൂവിനും ഋഷബ് ഷഷട്-ടിക്-കും പ്‌രിത്-വിരാജ് പ്-രൊടക്-ഷന്സിനും ഹ്‌റുദിയമായ ആശംസകള്''.
'നല്ല ഭാഷ, ഡബ്ബിംഗിംനും ഈ നിലവാരം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു'- മറ്റൊരു കമന്റ് ഇങ്ങനെ.
'മലയാളം ചെയ്യുന്ന കാര്യം പറയുമ്പോ, അതല്പം വൃത്തിക്ക് ചെയ്തൂടെ. മര്യാദക്ക് ഒരു പോസ്റ്റർ മലയാളത്തിലേക്ക് മാറ്റാൻ കഴിയാത്ത ടീം ആണോ മൊത്തം സിനിമ മാറ്റാൻ പോകുന്നത്.'- ഇതായിരുന്നു വേറൊരു കമന്റ്.
ഇതിനിടെ, ഫോണ്ട് ഒക്കെ ശരിയാക്കി ശരിക്കുള്ള പോസ്റ്ററും ഒരു യൂസർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
അതേസമയം, കാന്താരാ സിനിമ കണ്ടവർ ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് പൃഥ്വിരാജിന്റെ പോസ്റ്റിന് താഴെ പങ്കുവെക്കുന്നത്. സെപ്റ്റംബർ 30 ന് ആണ് കന്നഡ പതിപ്പ് പ്രദർശനത്തിന് എത്തിയത്. കേരളത്തിലെ കുറച്ച് തിയറ്ററുകളിൽ മാത്രമാണ് സിനിമ എത്തിയത് എങ്കിലും ഗംഭീര പ്രതികരണമാണ് ലഭിച്ചത്. മലയാളം പതിപ്പിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.