''ഇവരുടെ ധൈര്യത്തിലാ നമ്മള്‍ നില്‍ക്കുന്നത്. 42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല'', മമ്മൂട്ടി പറഞ്ഞു. സിനിമയല്ലാതെ തനിക്ക് വേറെ ഒരു വഴിയും ഇല്ലെന്നും, സിനിമയില്ലെങ്കിൽ തന്റെ ശ്വാസം നിന്നു പോകുമെന്നും മമ്മൂട്ടി പറഞ്ഞു. മിഥുൻ മാനുവൽ തോമസിനേയും വൈശാഖിനേയും വിശ്വസിക്കുന്നതിനേക്കാൾ കൂടുതൽ താൻ പ്രേക്ഷകരെ വിശ്വസിച്ചാണിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
ഇവരും ഞങ്ങളുമൊക്കെ നിങ്ങളെ വിശ്വസിച്ചിട്ടാണ് വരുന്നത്. കാരണം ഇത് പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് ഞാനുൾപ്പെടെയുള്ള എല്ലാ സിനിമ പ്രവർത്തകരും വിചാരിക്കുന്നതും, അങ്ങനെയാണ് ഇറങ്ങി തിരിക്കുന്നതും. ചിലരുടെയൊക്കെ ഊഹങ്ങൾ തെറ്റി പോകും, ചിലത് ശരിയാകും. എല്ലാവർക്കും എല്ലാം എപ്പോഴും ശരിയാകില്ല, അത്രയേ ഉള്ളൂ.- മമ്മൂട്ടി പറഞ്ഞു.
advertisement
ഈ സിനിമയില്‍ രണ്ട് ആളുകളുടെ അനുഭവമാണ് പറയുന്നത്. യഥാർത്ഥത്തില്‍ നടന്ന ഒരു തട്ടിപ്പിന്റെ കഥയുണ്ട്. അതിപ്പോഴും നടക്കുന്ന, ഇനിയും നടക്കാന്‍ സാധ്യതയുള്ള തട്ടിപ്പ്. നമ്മള്‍ പലതും അറിയുന്നില്ലെന്നേ ഒള്ളൂ. ഈ സിനിമയുടെ കഥയുടെ ആധാരം ജോസിനു പറ്റുന്ന ഒരു കയ്യബദ്ധമാണ്. ജോസ് ഒരു മാസ് ഹീറോയല്ല, ജോസ് നിഷ്‌കളങ്കനാണ്. എന്തുകണ്ടാലും ചാടിയിറങ്ങുന്ന ഒരു പാവത്താന്‍.
ജോസ് ചട്ടമ്പിയോ തെമ്മാടിയോ വഴക്കാളിയോ ഒന്നും അല്ല. ഒരു ഡ്രൈവറാണ്. ജോസിന് ജീവിതത്തില്‍ നേരിടേണ്ടി വരുന്നത് ഒരു വലിയ അടിയാണ്. അവിടെ പതറിപ്പോകും. ഈ സാഹചര്യത്തില്‍ ഒരു ശക്തി എവിടുന്നോ വന്നുചേരും. അതുപോലെയാണ് ജോസിനൊരു ശക്തിയുണ്ടാവുന്നത്. അതിനെ വേണമെങ്കില്‍ നമുക്ക് 'ടര്‍ബോ' എന്ന് വിളിക്കാം.
സിനിമയിലെ സംഘട്ടന രംഗങ്ങളെല്ലാം കൂടുതല്‍ സമയമെടുത്താണ് ചെയ്തത്. 120 ദിവസത്തോളം ചിത്രീകരണം നടത്തിയിട്ടുണ്ട്. അതില്‍ കൂടുതലും ആക്ഷനായിരുന്നു. എന്തെങ്കിലും തട്ടുകേടുവന്നാല്‍ കാത്തോളണം. കാര്‍ ചേസിങ് രംഗമെല്ലാം പുറത്തുപോയാണ് എടുത്തത്. നല്ല ചെലവായിരുന്നു. എന്റെ കമ്പനിയാണെങ്കില്‍ കൂടി ഞാന്‍ ജോലി ചെയ്യുമ്പോള്‍ പ്രതിഫലം വാങ്ങണമെന്നാണ് കണക്ക്. അതുകൊണ്ട് എന്റെ ശമ്പളം എഴുതിയെടുത്തേ പറ്റൂ. അതിന് നികുതിയും നല്‍കണം''- മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍, മമ്മുട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ടര്‍ബോ. പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന 'ടര്‍ബോ' മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ്. 'ടര്‍ബോ ജോസ്' എന്ന കഥാപാത്രത്തയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് അഭിനയിക്കുന്നത്.