തന്നെ പഠിപ്പിച്ച സാറിനോടും അദ്ദേഹത്തിന്റെ കവിതകളോടും അല്ലിക്ക് തോന്നിയ അഗാധമായ പ്രണയം വിവാഹം വരെ എത്തി. എന്നാൽ ഒന്നിക്കാനായി എണ്ണപ്പെട്ട ദിനങ്ങൾ മാത്രം ബാക്കിയായിരിക്കെ ഗംഗയിൽ ഉണ്ടായ നാഗവല്ലി പരിവേഷം കാരണം ഇവരുടെ ജീവിത്തിൽ എന്ത് സംഭവിച്ചു? അല്ലിക്ക് പിന്നീട് ആഭരണം എടുത്തോ? വിവാഹം കഴിഞ്ഞോ? എന്നൊന്നും പ്രേക്ഷകർ അറിഞ്ഞില്ല. വർഷങ്ങളായി മലയാള സിനിമയിൽ നിന്നു തന്നെ മറഞ്ഞ അല്ലിയെന്ന രുദ്രയെ( അശ്വിനി നമ്പ്യർ) കണ്ടെത്തിയിരിക്കുകയാണ് ന്യൂസ് 18 മലയാളം. തന്റെ ജീവിതത്തിലെ വിശേഷങ്ങളും മണിചിത്രത്താഴ് സിനിമ ഓര്‍മ്മകളും ന്യൂസ് 18നുമായി പങ്കുവെയ്ക്കുകയാണ് രുദ്ര.
advertisement
മലയാള സിനിമയിലെ ലെജൻസിന്റെ പട്ടാളമായിരുന്നു മണിച്ചിത്രത്താഴ്
മണിച്ചിത്രത്താഴിൽ അഭിനയിക്കാൻ സാധിച്ചത് ഒരു അനുഗ്രഹമായാണ് ഞാൻ കാണുന്നത്. ഫാസിൽ സാറിന്റെ സംവിധാനത്തിൽ ലാലേട്ടൻ, സുരേഷ് ഗോപി ചേട്ടൻ, ശോഭന, കെപിഎസി ലളിത ചേച്ചി, നെടുമുടി വേണു, തിലകൻ ചേട്ടൻ അങ്ങനെ മലയാള സിനിമയിലെ ലെജൻസിന്റെ ഒരു പട്ടാളം തന്നെ അണിനിരന്ന സിനിമയാണ് മണിച്ചിത്രത്താഴ്.
വളർന്നുവരുന്ന ഒരു നടിയെ സംബന്ധിച്ച് അത്രയും വലിയ ഒരു ടീമിന്റെ ഭാഗമായി അഭിനയിക്കാൻ സാധിച്ചു എന്നത് എന്നെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും വലിയ ബ്ലെസ്സിങ് ആണ്. കൊട്ടാരത്തിൽ വച്ച് നടന്ന ഷൂട്ടിംഗ് അനുഭവങ്ങളൊക്കെ വളരെ വ്യത്യസ്തമായിരുന്നു.
ഒരേ ലൊക്കേഷനിൽ തന്നെ രണ്ടും മൂന്നും യൂണിറ്റുകൾ ഒരേസമയത്ത് ഷൂട്ട് നടന്നതും. ഒരു സ്ഥലത്ത് നിന്ന് അഭിനയിച്ചതിനുശേഷം പെട്ടെന്ന് അടുത്ത സ്ഥലത്തേക്ക് പോയത് എല്ലാം ഓർക്കുമ്പോൾ പ്രത്യേക ഫീൽ ആണ്. എന്നെ സംബന്ധിച്ച് ഈ ആർട്ടിസ്റ്റുകളെ ഒക്കെ ഒരേ സ്ഥലത്ത് നിന്നുകൊണ്ട് അവരുടെ അഭിനയവും ആ കഴിവുമൊക്കെ നിരീക്ഷിക്കാനും മനസ്സിലാക്കിയെടുക്കാനും പറ്റിയ വലിയൊരു അവസരമായിരുന്നു മണിച്ചിത്രത്താഴ് ലോക്കേഷൻ.
മോഡലിംഗിലൂടെ സിനിമാപ്രവേശം
ഞങ്ങളുടെ കുടുംബ സുഹൃത്തും മലയാള സിനിമയിലെ പ്രശസ്ത ഫോട്ടോഗ്രാഫറും ആയിരുന്ന ബി ഡേവിഡ് ആണ് എന്നെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിച്ചത്. ഒരു അവധിക്കാലം ആയിരുന്നു അന്ന്. അദ്ദേഹം മുഖേന ചുരിദാർ മെറ്റീരിയലിന്റെ പരസ്യത്തിന് വേണ്ടി ഞാൻ പോസ് ചെയ്തു. ആ ചിത്രങ്ങൾ പിന്നീട് ഒരു മാഗസിനിൽ എത്തി.
യാദൃശ്ചികമായി ചിത്രങ്ങൾ സംവിധായകൻ ഭാരതി രാജ കണ്ട് എന്നെ വിളിച്ചു. സിനിമയിൽ അഭിനയിക്കണമെന്ന് അതുവരെ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. 1990ലെ അദ്ദേഹത്തിന്റെ 'പുതു നെല്ല് പുതു നാത്ത' എന്ന സിനിമയിലേക്ക് എന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. ഒരു സ്ക്രീൻ ടെസ്റ്റും ഒന്നും ഇല്ലാതെയാണ് അന്ന് എന്നെ ആ സിനിമയിലേക്ക് എടുത്തത്.
ആദ്യം മലയാളം മൂവി
'പോസ്റ്റ് ബോക്സ് നമ്പർ 27' ആണ് എന്റെ ആദ്യത്തെ മലയാളം സിനിമ. മുകേഷേട്ടന്റെ കൂടെ. അതിനിടെ തമിഴിൽ വേറെയും സിനിമകൾ ചെയ്തു. തമിഴില് പോലെ ആയിരുന്നില്ല മലയാളത്തിലേക്ക് ആദ്യമായി എത്തിയപ്പോൾ ഒരുപാട് വ്യത്യസ്തമായതായി തോന്നി. മുകേഷേട്ടന്റെ കൂടെയുള്ള ആദ്യത്തെ സിനിമ മനോഹരമായ ഓർമ്മകളാണ് സമ്മാനിച്ചിട്ടുള്ളത്. നല്ല ഹൃദയത്തിന് ഉടമയായ വ്യക്തിത്വമാണ് മുകേഷിന്റെത്.
1993-ൽ ഫാസിൽ സംവിധാനം ചെയ്ത സൈക്കോ ത്രില്ലർ ചിത്രമായ മണിചിത്രത്താഴ് ഓഗസ്റ്റ് 17ന് തീയറ്ററിൽ വീണ്ടുമെത്തുകയാണ്. മധു മുട്ടത്തിന്റെ തിരക്കഥയിൽ സ്വർഗചിത്ര അപ്പച്ചൻ നിർമിച്ച ചിത്രത്തിൽ മോഹൻലാൽ, ശോഭന, സുരേഷ് ഗോപി, തിലകൻ , നെടുമുടി വേണു എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിച്ചത്. ആധുനിക സാങ്കേതികവിദ്യയായ 4K ഡോൾബി അറ്റ് മോസിലൂടെയാണ് വീണ്ടും പ്രദർശനത്തിനെത്തുന്നത്.