മോഹന്‍ലാല്‍ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:
മലയാളസിനിമയിൽ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു പ്രിയപ്പെട്ട കനകലത. ഇരുനൂറ്റി എൺപതിലധികം മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ് ചിത്രങ്ങളിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത അനുഗ്രഹീത കലാകാരി. കിരീടം ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ ഞങ്ങൾക്ക് ഒന്നിച്ച് അഭിനയിക്കാൻ സാധിച്ചു. ഈ ലോകത്തോട് വിടപറഞ്ഞ പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികൾ.
കനകലതയുടെ ചിത്രം പങ്കുവച്ചുകൊണ്ട് നടൻ മമ്മൂട്ടിയും അനശ്വര നടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ സിനിമ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചതമായ മുഖമാണ് നടി കനകലതയുടേത്. തനിച്ച് ഭക്ഷണം പോലും കഴിക്കാനാവാതെ ദൈനംദിനകാര്യങ്ങളെല്ലാം മറന്ന് ഇടയ്ക്ക് സ്വന്തം പേരുപോലും മറന്നുപോകുന്ന അതിദയനീയമായ ആരോഗ്യാവസ്ഥയിലൂടെയാണ് മലയാള സിനിമയിലെ പ്രിയനടി കടന്നുപോയത്. പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയും ബാധിച്ച കനകലതയില്‍ 2021 മുതലാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.
advertisement
വിവിധ ഭാഷകളിലായി 350ലെറെ സിനിമകളില്‍ അഭിനയിച്ചു. നാടകാഭിനയത്തിലൂടെ കലാരംഗത്തെത്തിയ കനകലത 30 വർഷത്തോളം നാടക -ടെലിസീരിയൽ - ചലച്ചിത്ര രംഗങ്ങളിൽ പ്രവർത്തിച്ചു. കൊല്ലം ജില്ലയിലെ ഓച്ചിറയിൽ പരമേശ്വരൻ പിള്ളയുടെയും ചിന്നമ്മയുടെയും മകളായി 1960 ഓഗസ്റ്റ് 24നാണ് ജനനം. കൊല്ലം ഗവ. ഗേൾസ് ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ കനകലത നാടകങ്ങളിലെ അഭിനയ മികവിൽ സിനിമയിലെത്തി. 1980ൽ ഉണർത്ത് പാട്ട് എന്ന സിനിമയിൽ ആദ്യമായി അഭിനയിച്ചെങ്കിലും ചിത്രം റിലീസായില്ല. പിന്നീട് 1982ൽ റിലീസായ ചില്ല് എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി.