'പ്രിയപ്പെട്ട മായക്കുട്ടി, നിന്റെ "തുടക്കം" സിനിമയുമായുള്ള ആജീവനാന്ത പ്രണയത്തിലെ ആദ്യപടി മാത്രമാകട്ടെ'- എന്നാണ് മോഹൻലാൽ കുറിച്ചത്. 'തുടക്കം' എന്നാണ് വിസ്മയയുടെ ചിത്രത്തിന്റെ പേര്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ 37-ാമത്തെ ചിത്രമാണിത്.
ഇതൊരു നിയോഗമായി കാണുന്നുവെന്നാണ് ജൂഡ് ആന്റണി കുറിച്ചത്. ഇതൊരു കുഞ്ഞു സിനിമയാണെന്നും പ്രേക്ഷകർ ഒപ്പമുണ്ടാകണമെന്നും സമൂഹമാധ്യമങ്ങളിലൂടെ സംവിധായകൻ അറിയിച്ചിട്ടുണ്ട്.
advertisement
'ഇതൊരു നിയോഗമായി കാണുന്നു. എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോൾ ഞാൻ കണ്ടതാണ് ആ കണ്ണുകളിൽ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി...
കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ. എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ. ആന്റണി ചേട്ടാ ഇതൊരു “ആന്റണി -ജൂഡ് “ ”തുടക്ക“മാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. '- ജൂഡ് ആന്റണി ജോസഫ് കുറിച്ചു.
എന്റെ പ്രിയപ്പെട്ട മായക്കുട്ടിക്ക്, എല്ലാ പ്രാർത്ഥനകളും. ഒരു മികച്ച ‘തുടക്കം’ നേരുന്നവെന്നാണ് ആന്റണി പെരുമ്പാവൂർ കുറിച്ചത്.
ആദ്യ സിനിമിൽ അഭിനയിക്കുന്ന വിസ്മയയ്ക്ക് നിരവധി പേർ ആശംസകൾ നേരുന്നുണ്ട്. എന്നാൽ, വിസ്മയ മോഹൻലാൽ ഇതുവരെയും തന്റെ പുതിയ തുടക്കത്തെ കുറിച്ചുള്ള പോസ്റ്റുകളൊന്നും പങ്കുവച്ചിട്ടില്ല.